ഞാന്‍ ക്രീസിലുളളപ്പോള്‍ എന്റെ ടീം പരാജയപ്പെടില്ല, അന്നവന്‍ ലോകത്തോട് വിളിച്ചു പറഞ്ഞു

പ്രണവ് തെക്കേടത്ത്
എന്റെ എക്കാലത്തെയും വലിയ നഷ്ടങ്ങളിലൊന്നായിരുന്നു 1999 മാര്‍ച്ച് 30 ലെ ബ്രിഡ്ജ്ടൗണ് ടെസ്റ്റിലെ ആ അവസാന ദിനം തത്സമയം വീക്ഷിക്കാന്‍ സാധിക്കാതെ പോയത്. ട്രിനിഡാഡിലെ ആ രാജകുമാരനു മുന്നില്‍ കങ്കാരുക്കള്‍ തല കുനിച്ച ആ നിമിഷം തത്സമയം വീക്ഷിക്കാന്‍ സാധിച്ചിരുന്നെങ്കിലെന്ന് എത്ര ആശിച്ചിട്ടുണ്ടെന്നോ….
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ രണ്ടാമത്തെ മികച്ച ഇന്നിംഗ്‌സ് ആയി വിസ്ഡന്‍ തിരഞ്ഞെടുത്ത ആ ഇന്നിംഗ്‌സ്. ബ്രിഡ്ജ്ടൗണിലെ അഞ്ചാം ദിനം മഗ്രാത്തിനെയും, വോണിനെയും, ഗില്ലസ്പിയെയും നേരിട്ടയാള്‍ നെയ്‌തെടുത്ത ആ ഇന്നിംഗ്‌സ് അതെ ആ ഇന്നിങ്‌സിന് വിശേഷതകള്‍ ഏറെയായിരുന്നു. വിജയിക്കാനാവശ്യമായ 308ലേക്ക് അവര്‍ നടത്തിയ ആ യാത്രയില്‍ സ്‌കോര്‍ബോര്‍ഡില്‍ 108 റണ്ണുകള്‍ ചേര്‍ത്തപ്പോഴേക്കും ടീമിലെ പകുതി താരങ്ങള്‍ പവിലിയനില്‍ എത്തിയിരുന്നു.
പക്ഷെ വിന്‍ഡീസുകാരുടെ ആ കാലത്തെ പ്രതീക്ഷകള്‍ അവിടെ അവസാനിച്ചിരുന്നില്ല ആഴ്ചകള്‍ക്ക് മുന്‍പ് സബീനപാര്‍ക്കില്‍ ടെസ്റ്റ് ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ചൊരു കൗണ്ടര്‍ അറ്റാക്കിലൂടെ അവരെ വിജയിപ്പിച്ച ആ ഇടതുകയ്യനെ അവര്‍ക്കത്രയും വിശ്വാസമായിരുന്നു. ഇനിയും അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ അയാള്‍ക്ക് സാധിക്കുമെന്നാ ദ്വീപുകാര്‍ വിശ്വസിച്ചിരുന്നു….
ഇടതുകയ്യനായ അയാളുടെ ഓഫ്സ്റ്റമ്പിന് പുറത്തെ ആ റഫില്‍ പിച്ച് ചെയ്തൊരുപാട് തിരിഞ്ഞ ആ ലെഗ് ബ്രേക്കുകളും. ആദ്യ ഇന്നിങ്‌സില്‍ അയാളെ പുറത്താക്കിയ ആ ഷോട്ട് ബോളുകളും ആ ദിനം യദേഷ്ടം അയാള്‍ ബൗണ്ടറികളിലേക്ക് പ്രഹരിച്ചു കൊണ്ടിരുന്നു. സ്ലെഡ്ജിങ്ങിലൂടെ അയാളെ തകര്‍ക്കാന്‍ ശ്രമിച്ച മഗ്രാത്തിനെ തിരിച്ചു സ്ലെഡ്ജ് ചെയ്തും അയാള്‍ ഓര്‍മിപ്പിച്ചു ഇത് ജയിക്കാനായി ഞാന്‍ കളിക്കുന്ന കളിയാണെന്ന്. ആദ്യ ഫിഫ്റ്റിയിലേക്ക് 112 ബോളുകള്‍ നേരിട്ടപ്പോള്‍ രണ്ടാം ഫിഫ്റ്റി പിറന്നിരുന്നത് വെറും 52 ബോളുകളില്‍ നിന്നായിരുന്നു ഓര്‍ക്കണം അതൊരു അഞ്ചാമത്തെ ദിനത്തിലെ പിച്ച് ആയിരുന്നു, ബോളുകള്‍ വര്‍ഷിക്കുന്നത് ലോകം കണ്ട എക്കാലത്തെയും മികച്ച ചില ബോളേഴ്സും…..
ആ കേളീ ശൈലിയുടെ മനോഹാരിതയിലും,ഒരുപാട് ക്രിക്കറ്റ് എക്‌സ്‌പേട്സ്സുകളെ ആശ്ചര്യത്തിലാഴ്ത്തിയത് സ്‌ട്രൈക്ക് തിരിച്ചെടുക്കാന്‍ അയാള്‍ കാണിച്ച ആ സാമര്‍ത്യമായിരുന്നു,ഗ്യാപുകള്‍ കൃത്യമായി കണ്ടെത്തി പത്താമനും പതിനൊന്നാമനുമായ അംബ്രോസിനും വാല്‍ഷിനുമൊപ്പം അയാള്‍ ആ അവസാന നിമിഷങ്ങളില്‍ കൂട്ടിച്ചേര്‍ത്തത് 63 റണ്ണുകള്‍ ആയിരുന്നു. ആ പിച്ചില്‍ ആ ദിനം കളിക്കേണ്ട ഷോട്ടുകള്‍ അയാള്‍ തിരഞ്ഞെടുത്തതിലും ആ ക്രിക്കറ്റിങ് ബ്രെയിന്‍ നിറഞ്ഞുനിന്നിരുന്നു.
302 ല്‍ ഒമ്പതാമത്തെ വിക്കറ്റ് നഷ്ടമായപ്പോള്‍ എന്നും ബാറ്റുകൊണ്ടൊരു കാഴ്ചക്കാരന്റെ റോള്‍ മാത്രം ചെയ്തിരുന്ന വാല്‍ഷ് 5 ബോളുകള്‍ ബ്ലോക് ചെയ്ത ആ നിമിഷത്തിനൊടുവില്‍ ഗില്ലസ്പിയുടെ ഇരുപത്തിയേഴാമത്തെ ഓവറിലെ ആദ്യ ബോള്‍ ഒരു കവര്‍ഡ്രൈവിലൂടെ ബൗണ്ടറി പറത്തി അയാള്‍ ആ ദിനം ലോകത്തിനോട് വിളിച്ചു പറയുകയായിരുന്നു. ലാറ ക്രീസിലുള്ളപ്പോള്‍ വിന്‍ഡീസ് പരാജയപ്പെടില്ലെന്ന്…..
ഇരുപത്തി രണ്ട് വയസ്സായിരിക്കുന്നു ടെസ്‌റ് ക്രിക്കറ്റ് ചരിത്രത്തിലെ ആ മികച്ച ഇന്നിങ്‌സിന്. എന്നും ഒരുപാട് നിറമുളള ഓര്‍മ്മകള്‍ സമ്മാനിച്ച ആ എക്കാലത്തെയും മികച്ച ഇടതുകയ്യന്റെ മനോഹാരിത നിറഞ്ഞ ആ 153 റണ്‍സിന്…..
കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്