ഒഫിഷ്യൽ: മാഞ്ചസ്റ്റർ യുണൈറ്റഡ് ലക്ഷ്യമിട്ട സൂപ്പർതാരത്തെ റെക്കോർഡ് ട്രാൻസ്ഫറിൽ ഡോർട്മുണ്ട് റാഞ്ചി

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ട്രാൻസ്ഫർ പദ്ധതികളിൽ മുൻനിരയിലുണ്ടായിരുന്ന കൗമാര താരം ജൂഡ് ബെല്ലിംഗ്ഹാമിനെ ജർമൻ ക്ലബായ ബൊറൂസിയ ഡോർട്മുണ്ട് റാഞ്ചി. ഇക്കാര്യം ജർമൻ ക്ലബ് തന്നെയാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതോടെ താരത്തെ ചുറ്റിപ്പറ്റി മാസങ്ങളായി നിലനിൽക്കുന്ന ട്രാൻസ്ഫർ അഭ്യൂഹങ്ങൾക്കു കൂടിയാണ് അവസാനമായത്.

വെറും പതിനേഴു വയസു മാത്രമുള്ള ബെല്ലിംഗ്ഹാമിനെ ഏതാണ്ട് മുപ്പതു ദശലക്ഷം യൂറോ മൂല്യമുള്ള ട്രാൻസ്ഫറിലാണ് ഡോർട്മുണ്ട് സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ടുകൾ. അങ്ങിനെയാണെങ്കിൽ ഒരു പതിനേഴുകാരനു നൽകുന്ന ഏറ്റവുമുയർന്ന ട്രാൻസ്ഫർ തുകയായിരിക്കുമത്. പ്രീമിയർ ലീഗ് സെക്കൻഡ് ഡിവിഷൻ ക്ലബായ ബർമിംഗ്ഹാം സിറ്റിയുടെ താരമാണ് ബെല്ലിംഗ്ഹാം.

വെറും പതിനാറു വയസുള്ളപ്പോൾ തന്നെ ക്ലബിനു വേണ്ടി അരങ്ങേറ്റം കുറിച്ച ജൂഡ് ബെല്ലിംഗ്ഹാം നിരവധി യൂറോപ്യൻ ക്ലബുകളുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഈ സീസണിൽ മുപ്പത്തിയഞ്ചു മത്സരങ്ങൾ ക്ലബിനു വേണ്ടി കളിച്ച താരം നാലു ഗോളും രണ്ട് അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്. യുണൈറ്റഡിനു പുറമേ ബയേൺ, ചെൽസി എന്നിവരും താരത്തിനു പിന്നാലെയുണ്ടായിരുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡ് ലക്ഷ്യമിട്ട താരത്തെയാണു റാഞ്ചിയതെങ്കിലും ഒരു തരത്തിൽ അതു യുണൈറ്റഡിന് ആശ്വാസമാണ്. ഡോർട്മുണ്ട് സാഞ്ചോക്കു പകരക്കാരനാവാൻ കഴിയുന്ന ഒരു താരത്തെയാണു സ്വന്തമാക്കിയിരിരുന്നത്. സാഞ്ചോക്കു വേണ്ടിയുള്ള യുണൈറ്റഡിന്റെ ശ്രമങ്ങളെ ഇത് ഊർജ്ജിതമാക്കും.

You Might Also Like