ഹൂട്ടന്‍, സ്റ്റിമാക്ക്, മാര്‍സെലീന്യോ.., ഒടുവില്‍ നിര്‍ണ്ണായക ആവശ്യവുമായി ബൂട്ടിയയും

Image 3
Football

ഇന്ത്യന്‍ വംശജരെ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തിന് പിന്തുണയുമായി ഫുട്‌ബോള്‍ ഇതിഹാസം ബൈജിംഗ് ബൂട്ടിയ. ഇന്ത്യന്‍ വംശജരുടെ സാന്നിധ്യം ഇന്ത്യന്‍ ടീമിന് കരുത്ത് പകരുമെങ്കില്‍ അക്കാര്യം ആലോചിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു,

ഇന്‍സ് സൂപ്പര്‍ ലീഗിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ലൈവിലെത്തിയപ്പോഴാണ് ബൂട്ടിയ ഈ ആവശ്യത്തിന് പിന്തുണ അറിയിച്ചത്. നേരത്തെ ഇന്ത്യന്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാക്ക്, ബ്രസീല്‍ താരം മാര്‍സെലീന്യോ തുടങ്ങിയവരും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യന്‍ വംശജരില്‍ മികച്ച താരങ്ങളുണ്ടെങ്കില്‍ അവര്‍ ഇപ്പോള്‍ ജീവിക്കുന്ന രാജ്യത്തെ പൗരത്വം ഉപേക്ഷിക്കാന്‍ തയ്യാറാണെങ്കില്‍ ഇന്ത്യയ്ക്കായി കളിപ്പിക്കണമെന്നാണ് ബൂട്ടിയ പറയുന്നത്. ഇന്ത്യന്‍ ടീം തുടര്‍ച്ചയായി തോറ്റുകൊണ്ടിരുന്നാല്‍ ആരാധകര്‍ക്ക് ടീമിനോടുള്ള താല്‍പര്യം നഷ്ടമാകുമെന്നും ഇത് ഫുട്‌ബോളിന്റെ വളര്‍ച്ചയ്ക്ക് തടസ്സമാകുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഇന്ത്യന്‍ താരങ്ങള്‍ യൂറോപ്യന്‍ ലീ?ഗുകള്‍ സ്വപ്നം കാണുന്നതിനൊപ്പം ഖത്തര്‍, ജാപ്പനീസ്, യു.എ.ഇ ലീഗുകളും ലക്ഷ്യംവയ്ക്കണമെന്നും അവയും മികച്ച നിലവാരം പുലര്‍ത്തുന്നതായും ബൂട്ടിയ കൂട്ടിചേര്‍ത്തു.

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമില്‍ ഇന്ത്യന്‍ വംശജരെ ഉള്‍പ്പെടുത്തണം എന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. മുന്‍ പരിശീലകന്‍ ബോബ് ഹൂട്ടനും ഇക്കാര്യം ഇന്ത്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അന്ന് 23 വയസ്സുളള കാര്‍ഡിഫ് സിറ്റിയ്ക്കായി കളിയ്ക്കുന്ന മൈക്കിള്‍ ചോപ്രയെ ഇന്ത്യന്‍ ടീമില്‍ കളിപ്പിക്കാനാണ് ഹൂട്ടന്‍ 2006ല്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. എന്നാല്‍ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല.

2013ല്‍ ജപ്പാനില്‍ ജനിച്ച മധ്യനിര താരം ഇസുമി അരാട്ടയെ ഇന്ത്യയ്ക്കായി കളിപ്പിച്ചത് ഇന്ത്യന്‍ പാസ്പോര്‍ട്ട് എടുത്ത ശേഷം മാത്രമായിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ഈ മാര്‍ച്ചില്‍ ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ ഇന്ത്യന്‍ സര്‍ക്കാരിന് കത്തയിച്ചിരുന്നു. എന്നാല്‍ ഇതുവരെ പ്രതികരിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.