ഇത്തവണ കിരീടം നമ്മളടിക്കും, വന്‍ പ്രവചനവുമായി കിബു വികൂന

Image 3
FootballISL

ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് ഇത്തവണ കിരീടം നേടുമെന്ന പ്രവചനവുമായി ബ്ലാസ്റ്റേഴ്‌സ് മുന്‍ പരിശീലകന്‍ കിബു വികൂന. കഴിഞ്ഞ സീസണില്‍ പരാജയപ്പെട്ടെങ്കില്‍ ഈ സീസണില്‍ ചരിത്രം രചിക്കാനാകുമെന്നും വികൂന പ്രവചിക്കുന്നു. ഐഎസ്എല്ലില്‍ ഏറ്റവും ആരാധക പിന്തുണയുളള ടീമാണ് ബ്ലാസ്റ്റേഴ്‌സെന്നും ഈ സ്പനീഷ് കോച്ച് പറയുന്നു.

കേരളത്തില്‍ വരാതെ ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിച്ചയാളാണ് ഞാന്‍. ഗോവയിലിരുന്നും ആരാധകരുടെ ആവേശമെന്താണെന്ന് അനുഭവിക്കാനായി. ഗോവയില്‍ പോലും കേരളാ ബ്ലാസ്റ്റേഴ്സിനെ പിന്തുണയ്ക്കുന്നവര്‍ ഉണ്ടായിരുന്നു. ഈ സീസണില്‍ വിജയിക്കാനുള്ള പ്രതിഭ ബ്ലാസ്റ്റേഴ്‌സിനുണ്ട്. കഴിഞ്ഞ സീസണ്‍ ബ്ലാസ്റ്റേഴ്‌സിനൊപ്പം തനിക്ക് മികച്ച സീസണല്ലായിരുന്നു എന്നും അതിനാലാണ് ടീമിന്റെ പരിശീലക സ്ഥാനം രാജിവച്ചതെന്നും വികൂന വിശദീകരിച്ചു.

മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍ ഒപ്പുവെച്ചതെങ്കിലും ടീമിനൊപ്പം കഴിയാനായത്് അഞ്ചുമാസം മാത്രമായിരുന്നു. ടീമിനെ വേണ്ട വണ്ണം പരിശീലിപ്പിക്കാന്‍ സമയം കിട്ടിയില്ല. ടീമിനെ പരിശീലിപ്പിക്കാന്‍ ആകെ കിട്ടിയത് മൂന്നാഴ്ചയാണ്. മതിയായ പരിശീലനം പോലും കിട്ടാതെയാണ് ഫക്കുണ്ടോ പെരേരയും മുറേയുമെല്ലാം കളിച്ചത്. ഇത് ടീമിന്റെ ഫലത്തെയും ബാധിച്ചതായി വികുന പറയുന്നു.

കേരള ബ്ലാസ്റ്റേഴ്‌സിന് പുറമെ ഐ.ലീഗില്‍ മോഹന്‍ ബഗാനെയും വികുന പരിശീലിപ്പിച്ചിട്ടുണ്ട്. 2019-20 സീസണില്‍ ഐ.ലീഗില്‍ മോഹന്‍ബഗാനു കിരീടം നേടിക്കൊടുത്ത ശേഷമായിരുന്നു വികൂന കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകനായത്.

നിലവില്‍ പോളണ്ടിലെ രണ്ടാം ഡിവിഷനില്‍ കളിക്കുന്ന എല്‍കെഎസ് ലോഡ്സിന്റെ പരിശീലകനാണ് വികൂന. 2020 21 സീസണില്‍ ലീഗില്‍ അഞ്ചാം സ്ഥാനത്തായിരുന്നു ടീം ഫിനിഷ് ചെയ്തത്.