ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങുന്നു, എതിരാളി ഐഎസ്എല്‍ സൂപ്പര്‍ ടീം
ഐഎസ്എല്‍ ഏഴാം സീസണിന് മുന്നോടിയായി പ്രീസീസണ്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ആദ്യ സൗഹൃദ മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സും ഹൈദരാബാദ് എഫ്‌സിയും തമ്മിലാണ് ഏറ്റുമുട്ടുക. വൈകിട്ട് മുന്നരയോട് കൂടിയാണ് മത്സരം തുടങ്ങുക.
ഇന്ത്യന്‍ താരങ്ങള്‍ മാത്രമാകും ഇന്നത്തെ മത്സരത്തില്‍ ഇരുടീമുകളിലും കളത്തിലിറങ്ങുക. വിദേശ താരങ്ങളുടെ ക്വാറന്‍ഡീന്‍ പൂര്‍ത്തിയാകാത്തതും ഫിറ്റ്‌നസ് ആശങ്കകളുമാണ് ആദ്യ മത്സരത്തില്‍ വിദേശ താരങ്ങളെ മാറ്റി നിര്‍ത്തുന്നത്.
പരിശീലകന്‍ കിബു വികൂനയുടെ കീഴിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരമാകും ഇത്. ക്വാറന്‍ഡീ കാലാവധി പൂര്‍ത്തിയാക്കിയ കിബു വികൂന കഴിഞ്ഞ ദിവസം മുതല്‍ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലനത്തിന്റെ നേതൃത്വം ഏറ്റെടുത്തിരുന്നു.
മത്സരത്തിന്റെ ടെലികാസ്റ്റിംഗ് ഉണ്ടായിരിക്കില്ല. അതിനാല്‍ തന്നെ മാധ്യമങ്ങളിലൂടെ മാത്രമാണ് ഈ മത്സരത്തില്‍ ഫലം ലഭിക്കുകയുളളു. ബ്ലാസ്റ്റേഴ്്‌സ് ആരാധകര്‍ ഏറെ ആവേശത്തോടെയാണ് ഈ മത്സരത്തെ കാത്തിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന ഇന്ത്യന്‍ താരങ്ങളായ സഹല്‍, രാഹുല്‍, നൊങ്ഡമ്പ നവോറം, നിശു കുമാര്‍, ജെസ്സല്‍ എന്നിവരൊക്കെ ഈ മത്സരം നിര്‍ണ്ണായകമാണ്. പ്രീസീസണിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാകും ഐഎസ്എല്ലിനുളള അന്തിമ ടീമിനെ കിബു വികൂന തിരഞ്ഞെടുക്കുക.