സൂപ്പര്‍ താരങ്ങളെല്ലാം ബ്ലാസ്റ്റേഴ്‌സില്‍, ടാക്റ്റിക്കല്‍ മീറ്റിംഗ് ചിത്രം പുറത്ത് വിട്ട് കിബു
ബ്ലാസ്റ്റേഴ്‌സ് ആരാധകരെ സന്തോഷത്തില്‍ ആറാടിച്ച് പുതിയ പരിശീലകന്‍ കിബു വികൂന. ബ്ലാസ്റ്റേഴ്‌സിന്റെ ഓണ്‍ലൈന്‍ മീറ്റിംഗിന്റെ ചിത്രമാണ് സ്പാനിഷ് പരിശീലകന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്ത് വിട്ടത്. ഇതില്‍ ബ്ലാസ്റ്റേഴ്‌സ് വിട്ടേയ്ക്കുമെന്ന് കരുതപ്പെട്ട സൂപ്പര്‍ താരങ്ങളെ കാണാം എന്നതാണ് ഫുട്‌ബോള്‍ ലോകത്തെ അമ്പരപ്പിച്ചത്.
ടാക്റ്റിക്കല്‍ മീറ്റിംഗ് എന്ന അടിക്കുറിപ്പോടെ ഇന്‍സ്റ്റഗ്രാമിലെ തന്റെ അകൗണ്ടിലൂടെയാണ് ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളുടെ ഓണ്‍ലൈന്‍ മീറ്റിംഗ് ചിത്രം കിബു വികൂന പുറത്ത് വിട്ടത്. ഒട്ടേറെ റൂമറുകള്‍ക്കുളള മറുപടി കൂടിയായി മാറിയേക്കും ഈ ചിത്രം.
സ്ലൊവാനിയന്‍ സ്‌ട്രൈക്കര്‍ മതേജ് പൊപ്ലാനിക്ക്, ബ്ലാസ്റ്റേഴ്‌സിന്റെ യുവതാരം ഷെയ്‌ബോര്‍ലാഗ് കര്‍ഫാന്‍, ബ്ലാസ്റ്റേഴ്‌സ് നായകന്‍ ഓഗ്‌ബെചെ, ബ്ലാസ്റ്റേഴ്‌സിന്റെ മണിപ്പൂരി താരം സെത്യാസെന്‍ സിംഗ്, മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് എന്നിവരെയാണ് ഈ മീറ്റിംഗില്‍ പങ്കെടുക്കുന്നതായി കാണാനാകുന്നത്. സിഡോ അടക്കം ഇരുപതോളം താരങ്ങള്‍ മീറ്റിംഗിലുണ്ടായെന്നാണ് അറിയാന്‍ കഴിയുന്നത്.
ഇതോടെ ഓഗ്‌ബെചെ ബ്ലാസ്‌റ്റേഴ്‌സില്‍ തുടര്‍ന്നേക്കും എന്ന പ്രതീക്ഷയും ആരാധകര്‍ക്ക് കൈവന്നു. ബ്ലാസ്റ്റേഴ്‌സ് ഹംഗറി ക്ലബിന് ലോണിലയച്ച പൊപ്ലാനിക്കും ഈ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സ് ബൂട്ടണിഞ്ഞേക്കും. സെത്യാസെന്നും ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ തുടരുമെന്ന് ഉറപ്പായി.
കഴിഞ്ഞ കുറിച്ച് ദിവസങ്ങളാണ് കിബു വികൂന ഓണ്‍ലൈനിലൂടെ താരങ്ങള്‍ക്കായി മീറ്റിംഗുകള്‍ സംഘടിപ്പിക്കാറുണ്ട്. നിലവില്‍ സ്‌പെയിനിലൂണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍. ലോക്ഡൗണിനിടെയാണ് കൊല്‍ക്കത്തയില്‍ നിന്ന് വികൂന സ്‌പെയിനിലേക്ക് വിമാനം കയറിയത്.