റാഡ്നിച്കി ബ്ലാസ്റ്റേഴ്സ്, സെര്‍ബ് ക്ലബുമായി ചേര്‍ന്ന് മറ്റൊരു ടീം പ്രഖ്യാപിച്ച് ബ്ലാസ്റ്റേഴ്‌സ്

Image 3
FootballISL

സെര്‍ബിയന്‍ ക്ലബ്, റാഡ്നിച്കി ബെല്‍ഗ്രേഡുമായി സഹകരിച്ച് ബ്ലാസ്റ്റേഴ്‌സ് സ്‌പോര്‍ട്‌സ് വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് രൂപീകരിച്ച വോളിബോള്‍ ക്ലബ്ബാണ് റാഡ്നിച്കി ബ്ലാസ്റ്റേഴ്‌സ്. ഗുണനിലവാര പരിശീലനം, വിദഗ്ദ്ധ പരിശീലന പരിപാടികള്‍, അന്താരാഷ്ട്ര കൈമാറ്റം എന്നിവയിലൂടെ സംസ്ഥാനത്തെ വോളിബോള്‍ കളിക്കാരെ ശാക്തീകരിക്കും .

ഫുട്‌ബോള്‍ രംഗത്ത് കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്ബിന്റെ വിജയകരമായ മുന്നേറ്റത്തിന് ശേഷം മാതൃ കമ്പനിയായ ബ്ലാസ്റ്റേഴ്‌സ് സ്‌പോര്‍ട്‌സ് വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് റാഡ്നിച്കി ബ്ലാസ്റ്റേഴ്‌സ് എന്ന പേരില്‍ വോളിബോള്‍ രംഗത്തും പുതിയ സംരംഭം തുടങ്ങുന്നു. സെര്‍ബിയന്‍ ഫസ്റ്റ് ഡിവിഷന്‍ ടൂര്‍ണമെന്റുകളില്‍ ടീം പങ്കെടുക്കും. പ്രശസ്ത സെര്‍ബിയന്‍ ക്ലബ്ബായ റാഡ്നിച്കി ബെല്‍ഗ്രേഡുമായി ചേര്‍ന്നുള്ള സംരംഭം വോളിബോളിന്റെ പരമ്പരാഗതമായ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലൊന്നായ കേരളത്തിലെ പ്രഗല്‍ഭര്‍ക്ക് അവസരമൊരുക്കും. സാങ്കേതിക വൈദഗ്ധ്യം, പരിശീലന സൗകര്യങ്ങള്‍, പിന്തുണ എന്നിവ നല്‍കുന്നതിനു പുറമേ വളര്‍ന്നുവരുന്ന പ്രതിഭകളെ അന്താരാഷ്ട്ര രംഗത്തേക്ക് കൊണ്ടുവരാനും സാധിക്കും.

എഫ് ഐ വി ബി വോളിബോള്‍ നാഷന്‍സ് ലീഗിലെ പ്രധാനപ്പെട്ട ടീമുകളില്‍ ഒന്നായ സെര്‍ബിയക്ക് കായിക രംഗത്ത് പ്രത്യേകിച്ച് വോളിബോളില്‍ വലിയ പൈതൃകമുണ്ട്. രാജ്യത്തെ വനിതാ ദേശീയ വോളിബോള്‍ ടീം 2016 സമ്മര്‍ ഒളിമ്പിക്‌സില്‍ വെള്ളി മെഡല്‍ നേടി, 2018 എഫ്‌ഐവിബി വോളിബോള്‍ വനിതാ ലോക ചാമ്പ്യന്‍ഷിപ്പില്‍ കിരീടമണിഞ്ഞപ്പോള്‍ പുരുഷ ടീം സിഡ്‌നിയില്‍ 2000 സമ്മര്‍ ഒളിമ്പിക്‌സില്‍ സ്വര്‍ണ്ണവും 1996 സമ്മര്‍ ഒളിമ്പിക്‌സില്‍ വെങ്കലവും നേടി. 2016 ല്‍ ആദ്യമായി ദേശീയ പുരുഷ ടീം എഫ്ഐവിബി വേള്‍ഡ് ലീഗിലെ ചാമ്പ്യന്മാരായിരുന്നു. പുരുഷ വിഭാഗത്തില്‍ മൂന്ന് തവണയും (2001, 2011, 2019) വനിതാ വിഭാഗത്തില്‍ മൂന്ന് തവണയും (2011, 2017, 2019) സെര്‍ബിയ കിരീടം നേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇരു ടീമുകളും നിരവധി വെള്ളി, വെങ്കല മെഡലുകള്‍ നേടി .

”സ്‌പോര്‍ട്‌സ് എന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം ശാക്തീകരണത്തിനുള്ള ഒരു മാധ്യമമാണ്. കായിക മേഖലയിലെ സാഹോദര്യത്തിന്റെ സാമൂഹിക സാംസ്‌കാരിക പഠന അനുഭവം കൂടിയാണിത്. കഴിഞ്ഞ ആറു വര്‍ഷങ്ങള്‍ കൊണ്ട് ഫുട്‌ബോളിനോടും കായിക മേഖലയോടുമുള്ള കേരളത്തിന്റെ താല്‍പര്യത്തെകുറിച്ച് ഞങ്ങള്‍ പഠിച്ചിട്ടുണ്ട്. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഇടയില്‍ ഒരുപോലെ പ്രാധാന്യമുള്ള ഒരു കായിക വിനോദമായ വോളിബോളിനോടുള്ള സംസ്ഥാനത്തിന്റെ താല്‍പ്പര്യം ഞങ്ങള്‍ മനസ്സിലാക്കുന്നു. റാഡ്നിച്കി ബ്ലാസ്റ്റേഴ്‌സിനെ പരിചയപ്പെടുത്താനും സംസ്ഥാനത്തു നിന്നുള്ള പ്രതിഭകളെ തിരിച്ചറിയാനും അതുല്യമായ അവസരങ്ങള്‍ നല്‍കാനും അവരുടെ മികവ് തെളിയിക്കാനുള്ള ഒരു വേദി നിര്‍മ്മിക്കാനും ഇത് ഞങ്ങളെ പ്രേരിപ്പിച്ചു”. ബ്ലാസ്റ്റേഴ്‌സ് സ്‌പോര്‍ട്‌സ് വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹ ഉടമ നിഖില്‍ ഭരദ്വാജ് പറഞ്ഞു.

വോളിബോളില്‍ ആഴത്തിലുള്ള വേരുകളുള്ള റാഡ്നിച്കി ബെല്‍ഗ്രേഡുമായി സഹകരിക്കുന്നതില്‍ ഏറെ സന്തോഷമുണ്ട്. ഞങ്ങളുടെ സഹകരണത്തിന്റെ ഭാഗമായി കേരളത്തിലെ വോളിബോള്‍ കളിക്കാര്‍ക്ക് പ്രയോജനപ്പെടുന്നതിനായി സാംസ്‌കാരിക വിനിമയ പരിപാടികളും പരിശീലനവും ഉള്‍പ്പെടെയുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ രൂപകല്‍പ്പന ചെയ്തിട്ടുണ്ട്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്ലാസ്റ്റേഴ്‌സുമായുള്ള സഹകരണത്തില്‍ റാഡ്നിച്കി ബെല്‍ഗ്രേഡ് ടീമും ഏറെ സന്തോഷത്തിലാണ്. ”സെര്‍ബിയയിലെ ഏറ്റവും പ്രശസ്തമായ കായിക വിനോദങ്ങളിലൊന്നായ വോളിബോളില്‍ സമ്പന്നമായ പാരമ്പര്യമുള്ള ഒരു ക്ലബ്ബാണ് റാഡ്നിച്കി ബെല്‍ഗ്രേഡ്. കേരളത്തില്‍ വോളിബോള്‍ കായിക വിനോദങ്ങള്‍ വളര്‍ത്തുന്നതിനുള്ള ഈ മഹത്തായ പദ്ധതിയില്‍ ബ്ലാസ്റ്റേഴ്‌സ് സ്‌പോര്‍ട്‌സ് വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡുമായി പങ്കാളിയാകാന്‍ ഞങ്ങള്‍ക്ക് അഭിമാനവും സന്തോഷവുമുണ്ട്. ബി എസ് വി പി എല്‍ ടീമും ഞങ്ങളെപ്പോലെ സ്‌പോര്‍ട്‌സിനോട് ഏറെ ഉത്തരവാദിത്തം ഉള്ളവരാണ്. ഒരു ദീര്‍ഘകാല ബന്ധമാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഭാവിയില്‍ നമ്മുടെ ടീമിന്റെ പേര് റാഡ്നിച്കി ബ്ലാസ്റ്റേഴ്‌സ് എന്നാവും. നമ്മുടെ ഫസ്റ്റ് ടീമും, അക്കാദമി താരങ്ങളും ‘ റാഡ്നിച്കി ബ്ലാസ്റ്റേഴ്സ് ‘ എന്ന പേരിലുള്ള ജേഴ്‌സി അഭിമാനത്തോടുകൂടിയും ഉത്തരവാദിത്തത്തോടു കൂടിയും അണിയും ‘. റാഡ്നിച്കി ബെല്‍ഗ്രേഡിന്റെ സ്‌പോര്‍ട്‌സ് ഡയറക്ടര്‍ നിക്കോള ബിവറോവിക് പറഞ്ഞു