പ്രതീക്ഷിച്ചതിലും ദയനീയം, കിബു വികൂനയ്‌ക്കെതിരെ ആഞ്ഞടിച്ച് സ്‌കിന്‍കിസ്

Image 3
FootballISL

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ദയനീയ പ്രകടനത്തിന് പിന്നാലെ സ്പാനിഷ് കോച്ച് കിബു വികൂനയെ പരിശീലക സ്ഥാനത്ത് നിന്നും പുറത്താക്കിയിരുന്നല്ലോ. കിബു ബ്ലാസ്‌റ്റേഴ്‌സ് വിട്ടതിന് ശേഷം ടീമിലുണ്ടായ പടലപ്പിണക്കങ്ങളെ കുറിച്ച് നിരവധി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

ഇപ്പോഴിതാ കിബുവിനെ പരസ്യമായി തള്ളി സ്‌പോട്ടിംഗ് ഡയറക്ടര്‍ കരോളിസ് സ്‌കിന്‍കിസും രംഗത്തെത്തിയിരിക്കുകയാണ്. ഗോള്‍ ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് കിബുവിനെ കുറിച്ച് സ്‌കിന്‍കിസ് തന്റെ നിലപാട് വ്യക്തമാക്കിയത്.

പ്രതീക്ഷിച്ചതിലും മോശമായിരുന്നു ലീഗില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രകടനമെന്ന് സ്‌കിന്‍കിസ് തുറന്ന് പറയുന്നു. ഹൈദരാബാദിനെതിരെ തോറ്റത് കൊണ്ട് കിബുവിനെ പുറത്താക്കാന്‍ പെട്ടെന്നെടുത്ത തീരുമാനമല്ലെന്നും കഴിഞ്ഞ 18 മത്സരങ്ങളിലും ടീം നടത്തിയ പ്രകടനങ്ങളെ അടിസ്ഥാനമാക്കിയാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്നും സ്‌കിന്‍കിസ് തുറന്ന് പറഞ്ഞു.

ടീമിന്റെ മത്സരഫലത്തെ ദോഷകരമായി ബാധിച്ചതിന് പിന്നില്‍ പല കാരണങ്ങളുണ്ടെന്നും മികച്ച പ്രകടനം നടത്താന്‍ കഴിവുണ്ടായിരുന്ന ടീമാണ് ഇത്തരമൊരു അവസ്ഥയില്‍ കളിച്ചതെന്നും സ്‌കിന്‍കിസ് പറയുന്നു. ഇതോടെയാണ് പരിശീലകനെ പുറത്താക്കാനുളള കടുത്ത തീരുമാനത്തിലെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവില്‍ ഇഷ്ഫാഖ് അഹമ്മദാണ് ബ്ലാസ്റ്റേഴ്‌സിന്റെ താല്‍കാലിക പരിശീലകന്‍. കഴിഞ്ഞ മൂന്ന് സീസണുകളിലേയും പോലെ തന്നെ ഇത്തവണയും ബ്ലാസ്‌റ്റേഴ്‌സ് പ്ലേ ഓഫിലെത്താത് ആരാധകര്‍ക്ക് കടുത്ത നിരാശയാണ് സമ്മാനിച്ചത്.