‘ബ്ലാസ്റ്റേഴ്‌സ് വിട്ടിട്ടും “മഞ്ഞപ്പട”യുടെ ഉപദ്രവം തുടരുന്നു, പന്താണ് എന്റെ ജീവന്‍. മറ്റൊന്നും വിഷയമല്ല’

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ അപ്രീതിയ്ക്ക് ഇരയാകേണ്ടി വന്നുവെന്നും അവരുടെ ഉപദ്രവം ഇപ്പോഴും താന്‍ നേരിടുന്നുണ്ടെന്നും മുന്‍ ബ്ലാസ്റ്റേഴ്‌‌സ് താരം റിനോ ആന്റോ, തെറ്റിദ്ധാരണകളാണ് ആരാധകര്‍ തനിക്കെതിരെ തിരിയാന്‍ കാരണമെന്നും വിമര്‍ശനം കുടുംബത്തിന് നേരെയായപ്പോള്‍ സഹികെട്ട് പ്രതികരിച്ചതാണ് കാര്യങ്ങള്‍ കൈവിട്ട് പോകാന്‍ കാരണമെന്നും റിനോ പറയുന്നു.

‘ബ്ലാസ്റ്റേഴ്‌സിലെ കാലഘട്ടത്തില്‍ ആരാധകരുടെ തെറ്റിദ്ധാരണമൂലമുള്ള അപ്രീതിക്കും ഇരയാകേണ്ടി വന്നു. എന്റെ പരിക്കിന്റെ കാര്യങ്ങളോ മാനേജ്‌മെന്റിന്റെ അവഗണനയോ അവര്‍ക്കറിയില്ലല്ലോ. മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നുള്ള വിശദീകരണങ്ങള്‍ കേട്ട് ഒരു വിഭാഗം ആളുകള്‍ എനിക്കെതിരെ തിരിഞ്ഞു’ റിനോ പറയുന്നു.

പിന്നീട് സംഭവിച്ചത് ഇപ്പോഴും തുടരുകയാണെന്ന് റിനെ പറയുന്നു. ‘സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ അധിക്ഷേപങ്ങള്‍ ചൊരിഞ്ഞു. വീട്ടുകാരെ പറഞ്ഞപ്പോഴാണ് സഹികെട്ട് പ്രതികരിച്ചത്. ഇപ്പോള്‍ എന്റെ ഇന്‍സ്റ്രഗ്രാം അക്കൗണ്ടില്‍ പിന്തുടരുന്നവരുടെ എണ്ണം കുറയ്ക്കാനുള്ള ക്യാമ്പെയിന്‍ നടക്കുകയാണ്. അതൊന്നും എന്റെ വിഷയമല്ല. ഇതൊന്നുമില്ലാത്ത സമത്താണ് പന്ത് തട്ടിത്തുടങ്ങിയത്. പന്താണ് എന്റെ ജീവന്‍. മറ്റൊന്നും വിഷയമല്ല.ബംഗളൂരു എഫ്.സി ആരാധകരും ബ്ലാസ്റ്റേഴ്‌സ് ആരാധകരും തമ്മില്‍ ഉടക്കുണ്ടായപ്പോള്‍ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് പ്രശ്‌നമാകാത്ത വിധത്തില്‍ സ്ഥിതി ശാന്തമാക്കാന്‍ ശ്രമിച്ചയാളാണ് ഞാന്‍’ റിനോ പറയുന്നു.

ALSO READ: ചതിയന്മാരാണവര്‍, ബ്ലാസ്റ്റേഴ്സ് മാനേജുമെന്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി സൂപ്പര്‍ താരം

കരിയറിന്റെ അവസാന ഘട്ടത്തില്‍ ഈസ്റ്റ് ബംഗാളില്‍ കളിക്കാനായതിലും റിനോ സന്തോഷം പ്രകടിപ്പിച്ചു. ‘ഈസ്റ്ര് ബംഗാളുമായുള്ള ചര്‍ച്ചകള്‍ ശുഭമായതില്‍ വലിയ സന്തോഷമുണ്ട്. മോഹന്‍ ബഗാനൊപ്പം കളിച്ച എനിക്ക് ഈസ്റ്റ് ബംഗാളിന്റെ ജേഴ്‌സി അണിയാന്‍ അവസരം ലഭിക്കുകയാണെങ്കില്‍ അത് വലിയ ഭാഗ്യമാണ്.ഏറെ സ്വപ്നം കണ്ട ഇന്ത്യന്‍ ജേഴ്‌സി ഉള്‍പ്പെടെ അണിയാനായതില്‍ സന്തോഷവാനാണ്. ഇനി രണ്ട് വര്‍ഷം കൂടി കളിക്കാനാകുമെന്നാണ് പ്രതീക്ഷ. ഈസ്റ്റ് ബംഗാളിനെപ്പോലെ വലിയൊരു പാരമ്പര്യമുള്ള ടീമിനൊപ്പം കരിയര്‍ അവസാനിപ്പിക്കാനായാല്‍ സന്തോഷം. ബംഗളൂരുവുമായി സന്തോഷത്തോടെയാണ് പിരിയുന്നത്. അവിടെ ഞാന്‍ രണ്ടാമത് ചെല്ലുമ്പോള്‍ ടീം സെറ്റാണ്. കൂടുതല്‍കളിക്കാനുള്ള ആഗ്രഹത്തിലാണ് കൂടുമാറുന്നത്’ റിനോ വ്യക്തമാക്കി.

ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിയേയും റിനോ പ്രശംസകൊണ്ട് മൂടി. ‘സുനില്‍ ഛേത്രി ഒരു പ്രതിഭാസമാണ്. ഇന്ത്യയുടെ റൊണാള്‍ഡോയും മെസിയുമെല്ലാം ഇപ്പോള്‍ ഛെത്രിയാണ്. അദ്ദേഹത്തിനൊപ്പം കളിക്കാനായതും സമയം ചിലവിടാനായതും ബഹുമതിയാണ്. കൃത്യമായ ഉപദേശങ്ങള്‍ നല്‍കി നമ്മളെ എപ്പോഴും ഉത്തേജിപ്പിക്കുന്ന ക്യാപ്ടനാണ് ഛെത്രി. കളിക്കളത്തിലും പുറത്തും അദ്ദേഹത്തിന്റെ ഉപദേശങ്ങളും കരുതലും ഏറെ ഗുണം ചെയ്തു’ അദ്ദേഹം പറയുന്നു.

വിനീതിനെ കുറിച്ച് റിനോ പറയുന്നത് ഇങ്ങനെയാണ്. എന്റെ മനസ് തന്നെയാണ് വിനീത്. എപ്പോഴും എല്ലാത്തിലും കൂടെയുള്ള ചങ്ക്. മൈതാനത്തും വെളിയിലും ഞങ്ങള്‍ക്കൊരേ വേവ് ലെംഗ്ത്താണ്’ അദ്ദേഹം കൂട്ടിചേര്‍ത്തു.

You Might Also Like