തെറിക്കുത്തരം മുറിപ്പത്തല്‍, ഗോകുലത്തിന് ചുട്ടമറുപടിയുമായി ബ്ലാസ്റ്റേഴ്‌സ്

ഐഎസ്എല്‍ ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സിനെ നിരന്തരം പരിഹസിച്ച് കൊണ്ടിരിക്കുന്ന ഐലീഗ് ക്ലബ് ഗോകുലം കേരള എഫ്‌സിയ്ട്ട് ചുട്ടമറുപടിയുമായി ബ്ലാസ്റ്റേഴ്‌സ്. കൊച്ചി തന്നെയാണ് തങ്ങളുടെ ഹോം ഗ്രൗണ്ട് എന്ന് സ്ഥിരീകരിച്ച് കൊണ്ട് പുറത്തിറക്കിയ വാര്‍ത്തകുറിപ്പിലാണ് ഗോകുലത്തിന് പരോക്ഷമായി മറുപടി നല്‍കിയത്.

കേരളത്തിലെ ഒരു ഫുട്ബോള്‍ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി, ഒരു പ്രത്യേക പ്രദേശത്തിന്റെ പേരില്‍ മാത്രമല്ല കേരളത്തിന്റെ ക്ലബ്ബായി അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത് എന്നാണ് ക്ലബ്ബ് വ്യക്തമാക്കിയത്. മലബാര്‍ വികാരം ഉണര്‍ത്താന്‍ ശ്രമിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ ഗോകുലം നടത്തിയ സോഷ്യല്‍ മീഡിയ ക്യാമ്പയ്‌നെ സൂചിപ്പിച്ച് കൊണ്ടാണ് ബ്ലാസ്റ്റേഴ്‌സ് ഇക്കാര്യം വ്യക്തമാക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സ് ഹോം ഗ്രൗണ്ട് കൊച്ചിയില്‍ തന്നെ തുടരുമെന്നും വ്യക്തമാക്കി. കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്ബോള്‍ ക്ലബിന്റെ ഹോം ഗ്രൗണ്ട് കൊച്ചിയില്‍ നിന്നും കോഴിക്കോട്ടേക്ക് മാറുന്നതായി മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ക്ലബ്ബിന്റെ ഹോം ഗ്രൗണ്ട് പൂര്‍ണമായും കോഴിക്കോട്ടേക്ക് മാറുന്നില്ലെന്നും, കൊച്ചിയില്‍ തന്നെ തുടരുമെന്നും ക്ലബ്ബ് സ്ഥിരീകരിച്ചു.

കേരള ബ്ലാസ്റ്റേഴ്‌സ് കേരളത്തിന്റെ സ്വന്തം ക്ലബ്ബും ഫുട്ബോള്‍ വികാരവുമാണ്. കേരളത്തിനകത്ത് മാത്രമല്ല ആഗോളതലത്തില്‍ ദശലക്ഷക്കണക്കിന് ആരാധകരാണ് ക്ലബ്ബിനെ പിന്തുണക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി എപ്പോഴും ആരാധകരോട് വളരെയധികം ചേര്‍ന്ന് നില്‍ക്കാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ടുതന്നെ കേരളമാകമാനമുള്ള ആരാധകര്‍ക്ക് ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങള്‍ വീക്ഷിക്കുന്നതിനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുവാനും, അതിനോടൊപ്പം കേരളത്തിന്റെ മനസിലെ ഫുട്ബാള്‍ എന്ന വികാരത്തെ കൂടുതല്‍ തീവ്രമായി വ്യാപിപ്പിക്കുന്നതിനും ക്ലബ് ആഗ്രഹിക്കുന്നു. അതിനായി സംസ്ഥാനത്തെ ഇത്തരത്തില്‍ സൗകര്യങ്ങളുള്ള മൈതാനങ്ങള്‍ കണ്ടെത്താനും, അവയെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്താനുമുള്ള പരിശ്രമങ്ങള്‍ കേരള ബ്ലാസ്റ്റേഴ്‌സ് തുടരുകതന്നെ ചെയ്യുമെന്നും ക്ലബ്ബ് അറിയിച്ചു.

You Might Also Like