മറ്റൊരു വൻ നീക്കവുമായി ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: ഡിസംബര്‍ 4, 2020: കെഎസ്‌യുഎം സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഇവയര്‍ സോഫ്റ്റുമായി ചേര്‍ന്ന് ഇന്ത്യയിലുടനീളമുള്ള എല്ലാ കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്കുമായി ബ്ലാസ്റ്റര്‍ കാര്‍ഡ് എന്ന പേരില്‍ പ്രത്യേക ഫാന്‍ കാര്‍ഡ് അവതരിപ്പിച്ചതായി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി അറിയിച്ചു. ഏറ്റവും വിശ്വസ്തരായ ആരാധകര്‍ക്കായി സ്വയംവത്ക്കരിച്ചതും അവരെ മറ്റുള്ളവരില്‍ നിന്ന് വേറിട്ടുനിര്‍ത്തുന്നതുമായ സംരംഭമാണിത്. ഇന്ത്യയിലെ ഒരു ഫുട്‌ബോള്‍ ക്ലബ്ബ് രാജ്യമെമ്പാടുമുള്ള അവരുടെ ആവേശഭരിതരായ ആരാധകര്‍ക്കായി നല്‍കുന്ന സവിശേഷവും ഇത്തരത്തിലുള്ള ആദ്യത്തേതുമായാണ് കെബിഎഫ്‌സി ബ്രാന്‍ഡിലുള്ള ബ്ലാസ്റ്റര്‍ കാര്‍ഡ് കണക്കാക്കപ്പെടുന്നത്. രാജ്യത്തുടനീളമുള്ള ഏത് ബാങ്കിലേക്കും എളുപ്പത്തിലുള്ള ഫണ്ട് കൈമാറ്റം, സുഹൃത്തുക്കള്‍ തമ്മിലുള്ള തടസരഹിതമായ കൈമാറ്റം, ഓരോ ഇടപാടിനും റിവാര്‍ഡ് പോയിന്റുകള്‍, സമാനതകളില്ലാത്ത യാത്ര-ലോഞ്ച് അനുഭവം, ഒറ്റ ക്ലിക്കിലൂടെ ഇടപാടുകളുടെ അല്ലെങ്കില്‍ കൈമാറ്റങ്ങളുടെ ഹിസ്റ്ററി തുടങ്ങിയ നെക്സ്റ്റ് ജനറേഷന്‍ ബാങ്കിങ് അനുഭവം ആസ്വദിക്കാന്‍ ഈ കാര്‍ഡിലൂടെ ആരാധകര്‍ക്ക് കഴിയും. ഇത് കൂടാതെ, ആമസോണ്‍, ഗാന, സ്വിഗ്ഗി, അപ്പോളോ ഫാര്‍മസി, എംപിഎല്‍, ഒയോ, തോമസ് കുക്ക് തുടങ്ങിയ ഇരുപതിലേറെ പങ്കാളികളില്‍ നിന്ന് 70 ശതമാനം വരെ കിഴിവും ലഭിക്കും.

കേരള ബ്ലാസ്‌റ്റേഴ്‌സുമായി സഹകരിക്കുന്നത് ഒരു ബഹുമതിയാണെന്നും, നിലവിലുള്ള എല്ലാ ആനുകൂല്യങ്ങള്‍ക്കും പുറമേ ഞങ്ങളുടെ നെറ്റ്‌വര്‍ക്കിലൂടെ സാധ്യമായ ഏറ്റവും മികച്ച പിന്തുണ കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് നല്‍കുന്നതിന് ഇവയര്‍ സോഫ്റ്റ് പ്രതിജ്ഞാബദ്ധരാണെന്നും ഇവയര്‍ സോഫ്റ്റ് സിഇഒ യൂനസ് പുത്തന്‍പുരയില്‍ പറഞ്ഞു.

ഇത്തരമൊരു സംരംഭം അവരുടെ ആരാധകരുമായുള്ള ഒരു ഫുട്‌ബോള്‍ ക്ലബ്ബിന്റെ ഇടപെടല്‍ ഉയര്‍ന്ന തലത്തിലാക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നതായി ഇവയര്‍ സോഫ്റ്റ് മാനേജിങ് ഡയറക്ടര്‍ ഉദയഭാനു പറഞ്ഞു. ഹൃദയം കൊണ്ട് ഇവയര്‍ സോഫ്റ്റ് ഒരു അത്‌ലറ്റാണ്, കേരളത്തിന്റെ പ്രിയപ്പെട്ട ഫുട്‌ബോള്‍ ടീമായ കേരള ബ്ലാസ്‌റ്റേഴ്‌സിനോട് വിശ്വസ്തത പുലര്‍ത്തുന്ന യുവാക്കളെ പിന്തുണയ്ക്കാനും പ്രോത്സാഹിപ്പിക്കാനും ഞങ്ങള്‍ എപ്പോഴും ആഗ്രഹിക്കുന്നു-അദ്ദേഹം പറഞ്ഞു.

ഫുട്‌ബോള്‍ അല്ലെങ്കില്‍ സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട പര്‍ച്ചേസുകള്‍ ഉള്‍പ്പെടെ നിരവധി പ്ലാറ്റ്‌ഫോമുകളില്‍ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ ഇടപാട് ആനുകൂല്യങ്ങള്‍ നേടാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധക സമൂഹത്തെ സഹായിക്കുന്ന ഒരു വെര്‍ച്വല്‍ ബാങ്കിങ് പ്ലാറ്റ്‌ഫോമാണ് ഇവയര്‍ സോഫ്റ്റ്. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നോ ആപ്പിള്‍ ആപ് സ്‌റ്റോറില്‍ നിന്നോ ഇവയര്‍ റുപേ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത ശേഷം ഒരു അപേക്ഷ അയച്ച് ബ്ലാസ്റ്റര്‍ കാര്‍ഡ് സ്വന്തമാക്കാം.

ബ്ലാസ്റ്റര്‍ കാര്‍ഡ് അവതരിപ്പിക്കുന്നതിനായി ഇവയര്‍ സോഫ്റ്റുമായി സഹകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് വളരെ സന്തോഷമുണ്ടെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു. എല്ലായ്‌പ്പോഴും കെബിഎഫ്‌സി സംരംഭങ്ങളുടെ മുന്‍പന്തിയില്‍ നില്‍ക്കുന്ന നവീനമായ ആരാധക ഇടപഴലുകള്‍ക്കൊപ്പം, ഞങ്ങളുടെ യുവത്വവും ഊര്‍ജവും നിറഞ്ഞ ആരാധക സമൂഹം പതിവായി ഉപയോഗിക്കുന്ന തെരഞ്ഞെടുത്ത പങ്കാളികളുടെ വിഭാഗങ്ങളില്‍ ആരാധകര്‍ക്ക് എക്‌സ്‌ക്ലൂസീവ് പ്രവേശനവും ആനുകൂല്യങ്ങളും ഈ പങ്കാളിത്തം നല്‍കും. ഇന്ത്യയിലെ ഒരു ഫുട്‌ബോള്‍ ക്ലബ്ബില്‍ നിന്നുള്ള ആദ്യ സംരംഭമെന്ന നിലയില്‍, തുടക്കത്തില്‍ കേരളത്തിലെ എല്ലാ ആരാധകരിലേക്ക് എത്തിച്ചേരാനും പിന്നീട് ദേശീയ-അന്തര്‍ദേശീയ തലത്തില്‍ ഇത് വ്യാപിപ്പിക്കാനാവുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതായും നിഖില്‍ ഭരദ്വാജ് പറഞ്ഞു.

You Might Also Like