ഫുട്ബോൾ ബിസിനസ്സല്ല; ഇത്തവണ കപ്പ് നേടും – ബ്ലാസ്റ്റേഴ്‌സ് ഉടമ മനസ് തുറക്കുന്നു

ഫുട്ബോൾ ബിസിനസായി കാണുന്ന ആളല്ല താനെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഉടമ നിഖിൽ ഭരദ്വാജ്. ഫുട്ബോളിനോടുള്ള ഇഷ്ടം മൂലമാണ് ബ്ലാസ്റ്റേഴ്സിനായി ഇത്രയധികം പണം മുടക്കുന്നതെന്നും നിഖിൽ ഭരദ്വാജ് പറഞ്ഞു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.

ക്രിക്കറ്റിന് പുറമെ മറ്റു ഗെയിമുകളും ഇന്ത്യയിൽ വളർന്നു വരേണ്ടത് അത്യാവശ്യമാണെന്ന് നിരീക്ഷിച്ച നിഖിൽ വിവാദമായ മറ്റു വിഷയങ്ങളെ കുറിച്ചും അഭിമുഖത്തിൽ മനസ് തുറന്നു.

ടീം തിരഞ്ഞെടുപ്പ്

കളിക്കാരുടെ മികവു മാത്രം മാനദണ്ഡമാക്കിയാണ് ഇത്തവണ ടീം തിരഞ്ഞെടുപ്പ് നടത്തിയത്. വിദേശ ലീഗുകളിൽ തിളങ്ങിയ പല താരങ്ങളും കരിയറിലെ അവസാന സ്റ്റോപ്പായാണ് ഐ.എസ്.എലിനെ കാണുന്നത്. എത്ര മികച്ച താരങ്ങളായാലും കരിയറിന്റെ അവസാനത്തിൽ ടീമിലെടുക്കുന്നതിൽ കാര്യമില്ല. ഓരോ സീസണിലും ഐ.എസ്.എലില്‍ കളിയുടെ നിലവാരം കൂടിവരികയാണ്. അപ്പോൾ താരങ്ങളുടെ കാര്യത്തിലും കൂടുതൽ കണിശത ആവശ്യമാണ്. താനും കോച്ചും സ്‌പോര്‍ട്ടിങ് ഡയറക്ടറും ട്രാന്‍സ്ഫര്‍ കമ്മിറ്റി അംഗങ്ങളും ചേര്‍ന്നാണ് താരങ്ങളെ തിരഞ്ഞെടുക്കുന്നതെന്നും നിഖിൽ വ്യക്തമാക്കുന്നു.

വിദേശതാരങ്ങളുടെ തിരഞ്ഞെടുപ്പ്

വിദേശികൾ എന്ന വ്യത്യാസമില്ലാതെ എല്ലാവരെയും കളിമികവിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുത്തത് . സ്വാഭാവികമായും ടെക്നിക്കല്‍ ടീമിന്റെ പട്ടികയില്‍ വിദേശതാരങ്ങളാണ് കൂടുതലായി ഇടംപിടിച്ചത്. സ്വഭാവം, നേതൃപാടവം, പരിചയസമ്പത്ത്, പ്രായം എന്നിങ്ങനെ ഒട്ടേറെ മാനദണ്ഠങ്ങൾ അടിസ്ഥാനാപ്പെടുത്തിയാണ് തിരഞ്ഞെടുപ്പ്

ജിംഗനെയും ഒഗ്ബെച്ചെയെയും ഒഴിവാക്കിയത്

ടീമിന്റെ പ്രൊഫഷണലിസത്തിന്റെ ഭാഗമാണ് കളിക്കാർ മാറുന്നത്. ജിംഗനെ നിലനിര്‍ത്താന്‍ കഴിയാതിരുന്നതിൽ തീർച്ചയായും സങ്കടമുണ്ട്. ഒഗ്ബെച്ചെയെ ഒഴിവാക്കാനുള്ള തീരുമാനവും ഒട്ടും എളുപ്പമായിരുന്നില്ല. പക്ഷെ ഇത്തരം സെന്റിമെൻസുകൾക്കപ്പുറം ടീമിന്റെ മൊത്തം താല്പര്യത്തിനാണ് മുൻഗണന.

മലയാളി താരങ്ങൾ

എല്ലാ ക്ലബുകളുടെയും സ്വപ്നമാണ് മികച്ച ലോക്കല്‍ ഹീറോസ്. സഹല്‍ അബ്ദുല്‍ സമദ്, കെ.പി. രാഹുല്‍, അബ്ദുല്‍ ഹക്കു, പ്രശാന്ത് എന്നിവര്‍ വലിയ ഫാൻബേസ് ഇതിനകം ഉണ്ടാക്കിയവരാണ്. ഉയർന്നു വരുന്ന മലയാളി താരങ്ങൾക്ക് ഇവർ തീർച്ചയായും പ്രചോദനമാണ്.

കോവിഡ് കാലത്തെ ടൂർണമെന്റ്

കളിക്കാര്‍ക്കോ സപ്പോര്‍ട്ടിങ് സ്റ്റാഫിനോ കോവിഡ് ബാധിക്കാതെ പ്രീ സീസണ്‍ പരിശീലനം പൂർത്തിയാക്കാനായത് വലിയ വിജയമാണ്. വിദേശതാരങ്ങളുടെയും മറ്റും ക്വാറന്റീൻ, പരിശീലനം എന്നിവക്കെല്ലാം വലിയ മുന്നൊരുക്കം നടത്തിയിരുന്നു.

എന്തുകൊണ്ടും കപ്പ് നേടാന്‍ കഴിയുന്ന ടീമിനെത്തന്നെയാണ് ഇത്തവണ ബ്ലാസ്റ്റേഴ്‌സ് കളത്തിലിറക്കിയിരിക്കുന്നത് എന്നും പ്രതീക്ഷ കൈവിടാതെ കാത്തിരിക്കണമെന്നും നിഖിൽ പറയുന്നു. ഐഎസ്എലിൽ നാളെ (ഞായർ) ആതിഥേയരായ ഗോവയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

You Might Also Like