വിദേശ താരങ്ങളെ ഓടിപിടിച്ച് ടീമിലെത്തിക്കില്ല, പുതിയ പോളിസിയുമായി ബ്ലാസ്റ്റേഴ്‌സ്

ഐഎസ്എല്‍ പുതിയ സീസണിന് ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ പയറ്റുന്നത് വെയ്റ്റ് ആന്‍ഡ് വാച്ച് പോളിസി. പുതിയ സാഹചര്യത്തില്‍ കുറഞ്ഞ ചിലവില്‍ ഏറ്റവും മികച്ച താരങ്ങളെ ടീമിലെത്തിക്കുന്നതിന് വേണ്ടിയാണ് ബ്ലാസ്റ്റേഴ്സ് മറ്റ് ടീമുകളില്‍ നിന്ന് വ്യത്യസ്തമായി ട്രാന്‍സ്ഫര്‍ വിപണിയില്‍ ഈ പോളിസി സ്വീകരിച്ചിരിക്കുന്നത്.

നിലവില്‍ കഴിഞ്ഞ സീസണില്‍ കളിച്ച ഒരു വിദേശ താരങ്ങത്തെ മാത്രമാണ് ബ്ലാസ്റ്റേഴ്സ് നിലനിര്‍ത്തിയിരിക്കുന്നത്. സ്പാനിഷ് താരം സിഡോചയാണ് ആ താരം. കഴിഞ്ഞ വര്‍ഷം ടീമിലെത്തിയ സിഡോയുമായി രണ്ട് വര്‍ഷത്തെ കരാറാണ് ബ്ലാസ്റ്റേഴ്സിനുളളത്.

കൂടാതെ ബ്രസീലിയന്‍ ലീഗില്‍ കളിക്കുന്ന ഒരു കൊളംമ്പിയന്‍ താരവുമായി കരാര്‍ ഏതാണ്ട് അന്തിമ ഘട്ടത്തിലാണ്. മെഡിക്കല്‍ മാത്രമാണ് ഇനി അവശേഷിക്കുന്നത്. ഈ രണ്ട് താരങ്ങളല്ലാതെ മറ്റൊരു താരത്തേയും സ്വന്തമാക്കാനുളള നീക്കം ബ്ലാസ്റ്റേഴ്‌സ് മാനേജുമെന്റ് ഇതുവരെ നടത്തിയിട്ടില്ല.

പുതിയ സാഹചര്യത്തില്‍ ഓടിപ്പിടിച്ച് സൈനിംഗുകള്‍ നടത്തേണ്ടെന്നാണ് ബ്ലാസ്റ്റേഴ്സ് മാനേജുമെന്റിന്റെ തീരുമാനം. അതിനാല്‍ തന്നെയാണ് വെയ്റ്റ് ആന്റ് വാച്ച് പോളിസി ബ്ലാസ്റ്റേഴ്സ് സ്വീകരിച്ചിരിക്കുന്നത്. മാര്‍സെലീന്യോയെ പോലുളള താരങ്ങള്‍ ബ്ലാസ്റ്റേഴ്സില്‍ ചേരാന്‍ വേതനം കുറക്കാന്‍ വരെ തയ്യാറാണ്. എന്നാല്‍ ഇക്കാര്യത്തില്‍ പോലും ബ്ലാസ്റ്റേഴ്സ് ഒരു തീരുമാനം എടുക്കാന്‍ ഇപ്പോള്‍ തയ്യാറല്ല. ഇതുപോലെ മികച്ച താരങ്ങളെ ഇനിയും കുറഞ്ഞ ചിലവില്‍ ലഭിക്കുമെന്നാണ് ബ്ലാസ്റ്റേഴ്സിന്റെ കണക്കുകൂട്ടുന്നത്.

കോവിഡ് പ്രതിസന്ധി മൂലം നിരവധി വിദേശ ലീഗുകളാണ് കനത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നത്. ഓസ്ട്രേലിയന്‍ എ ലീഗില്‍ മാത്രമല്ല സ്പാനിഷ് ലാലിഗ ബി ഡിവിഷന്‍ ക്ലബുകള്‍ വരെ വലിയ പ്രതിസന്ധി നേരിടുകയാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ലഭിച്ച വേതനത്തിന്റെ പകുതി പോലും ഈ വര്‍ഷങ്ങളില്‍ ആ ലീഗുകളിലെ താരങ്ങള്‍ക്ക് ലഭിക്കണമെന്നില്ല. ഇത് വലിയ സാധ്യതയായി ബ്ലാസ്റ്റേഴ്സ് അടക്കമുളള ഇന്ത്യന്‍ ക്ലബുകള്‍ മനസ്സിലാക്കുന്നു. ഇതാണ് വെയ്റ്റ് ആന്റ് വാച്ച് പോളിസി സ്വീകരിക്കാന്‍ ബ്ലാസ്റ്റേഴ്സിനെ പ്രേരിപ്പിക്കുന്നത്.

You Might Also Like