മധ്യനിരയില്‍ ക്രൊയേഷ്യന്‍ ബോംബ്, പ്രതിരോധത്തില്‍ കൊളംമ്പിയന്‍ മതില്‍, ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നതിങ്ങനെ

കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ സീസണ് ഒരുങ്ങുമ്പോള്‍ ടീമിലെത്തുമെന്ന് ഇതുവരെ ഉറപ്പായത് രണ്ട് താരങ്ങള്‍ മാത്രം. ക്രൊയേഷ്യന്‍ മധ്യനിര താരം ഡാമിര്‍ സൊവാസിച്ചിനെയും കൊളംബിയന്‍ പ്രതിരോധ താരം ഒസ്വാല്‍ഡോ ഹെന്റിക്വസുമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.
ക്രൊയേഷ്യന്‍ അണ്ടര്‍ 21 ദേശീയ ടീം അംഗമായിരുന്ന താരവുമായി ബ്ലാസ്റ്റേഴ്‌സ് അധികൃതര്‍ ചര്‍ച്ച നടക്കുന്നതായി ബാള്‍ക്കന്‍ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇക്കാര്യം താരവും സ്ഥിരീകരിച്ചു. വൈകാതെ ബ്ലാസ്റ്റേഴ്‌സുമായി കരാറില്‍ ഒപ്പിടുമെന്ന് സൊവാസിച് ക്രൊയേഷ്യന്‍ സ്‌പോര്‍ട് പോര്‍ട്ടലിനോട് പ്രതികരിച്ചു.
ക്രൊയേഷ്യയിലെ പ്രമുഖ ക്ലബ് ഡിനാമോ സാഗ്രെബ് അക്കാദമിയിലൂടെ വളര്‍ന്ന താരം 2009 മുതല്‍ 2013 വരെ എന്‍.കെ സാഗ്രെബിലും, പിന്നീട് ലോകോമോടിവിലും കളിച്ചു. 2017ല്‍ കൊറിയില്‍ ലീഗിലും, പിന്നീട് ബോസ്‌നിയന്‍ ലീഗിലും പന്തുതട്ടിയ ശേഷമാണ് ഇന്ത്യയിലേക്ക് വരാന്‍ ഒരുങ്ങുന്നത്.
കൊളംബിയന്‍ താരം ഒസ്വാല്‍ഡോ ഹെന്റിക്വസുമായും ബ്ലാസ്റ്റേഴ്‌സ് ചര്‍ച്ച നടത്തുന്നുണ്ട്. ഓസ്വാള്‍ഡോ ഹെന്റിക്വസുമായി കേരള ബ്ലാസ്റ്റേഴ്സ് ധാരണയിലെത്തി കഴിഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്. മുപ്പത്തിയൊന്നുകാരനായ ഹെന്റിക്വസ് വിവിധ കൊളംബിയന്‍ ക്ലബ്ബുകളിലും ബ്രസീലിയന്‍ പ്രശസ്ത ക്ലബായ വാസ്‌കോ ഡി ഗാമയിലടക്കം കളിച്ച ശേഷമാണ് ഇന്ത്യയിലേക്ക് മഞ്ഞ കുപ്പായം അണിയാന്‍ എത്തുന്നത്. താരത്തിന്റെ മെഡിക്കല്‍ പൂര്‍ത്തിയാക്കിയാല്‍ ഉടനെ ഔദോഗിക പ്രഖ്യാപനമുണ്ടാവും.
കൊളംമ്പിയയിലെ പ്രധാന ക്ലബായ മില്ലേനറീസ് അക്കാദമീയിലൂടെ വര്‍ന്നു വന്ന താരം മില്ലേനറിസ് സീനിയര്‍ ടീമില്‍ ഒന്‍പത് വര്‍ഷത്തോളം ബൂട്ടുകെട്ടി. 126 മത്സരങ്ങളാണ് മില്ലേനറീസില്‍ ഹെന്റിക്വസ് കളിച്ചത്. അഞ്ച് ഗോളും നേടിയിരുന്നു. അവിടെ നിന്നാണ് താരം തട്ടകം ബ്രസീലിലേക്ക് മാറ്റുന്നത്. ബ്രസീല്‍ ഫസ്റ്റ് ഡിവിഷന്‍ ക്ലബായ സ്പോര്‍ട്ട് റിസിഫില്‍ 26 മത്സരവും പ്രശസ്ത ബ്രസീല്‍ ക്ലബ് വാസ്‌കോഡ ഗാമയില്‍ 37 മത്സരവും ഈ താരം കളിച്ചു. ഓരോ ഗോള്‍ വീതവും രണ്ട് ക്ലബിലും താരം നേടിയിട്ടുണ്ട്.
കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്‌സില്‍ കളിച്ച ബര്‍ത്‌ലോമിയോ ഒഗ്ബച്ചെ, സെര്‍ജിയോ സിഡോഞ്ച എന്നിവരെ നിലനിര്‍ത്തിയെങ്കിലും ശമ്പളം കുറക്കാന്‍ ആവശ്യപ്പെട്ടതോടെ പുതിയ ഇടങ്ങള്‍ തേടാന്‍ ഒരുങ്ങുകയാണ് ഇവര്‍. ഒഗ്ബച്ചെ മുംബൈ സിറ്റിയുമായുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിട്ട സ്പാനിഷ് സ്‌ട്രൈക്കര്‍ ഇഗോര്‍ അന്‍ഗുലോയെ ഗോവ സ്വന്തമാക്കി