കിബുവിന്റേത് ബാഴ്‌സ ശൈലി, അവന് കീഴില്‍ എനിക്കും കളിക്കണം, വിദേശതാരം പറയുന്നു
കേരള ബ്ലാസ്റ്റേഴ്‌സില്‍ കളിക്കാന്‍ വീണ്ടും ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തലുമായി മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം മതേജ് പൊപ്ലാനിക്ക. ഒരു ഇംഗ്ലീഷ് വെബ്സൈറ്റിന് അനുവദിച്ച അഭിമുഖത്തിലാണ് പൊപ്ലാനിക്ക് ബ്ലാസ്റ്റേഴ്സിനോടുളള സ്‌നേഹം തുറന്ന് പറഞ്ഞത്. ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ കിബു വികൂനയുടേ ശൈലി തനിക്ക് യോജിച്ചതാണെന്നും അദ്ദേഹത്തിന് കീഴില്‍ കളിക്കാന്‍ കാത്തിരിക്കുകയാണെന്നും പൊപ്ലാനിക്ക കൂട്ടിചേര്‍ത്തു.
‘ ഇന്ത്യയില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും ഞാന്‍ സൂക്ഷമമായി വിലയിരുത്തുന്നുണ്ട്. വികൂന വളരെ മികച്ച പരിശീലകനാണ്. അദ്ദേഹം മോഹന്‍ ബഗാനെ മികച്ച ഫുട്ബോള്‍ കളിപ്പിച്ചു. കുറിയ പാസുകളും മികച്ച ഫുട്ബോളുമാണ് അദ്ദേഹത്തിന്റേത്. ബാഴ്സലോണ ശൈലിയിലാണ് അവര്‍ കളിച്ചത്. ആ ശൈലി ഞാനും ഇഷ്ടപ്പെടുന്നു. വികൂന എന്നെ ടീമില്‍ ഉള്‍പ്പെടുത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’ പൊപ്ലാനിക്ക് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
2018 സീസണില്‍ ബ്ലാസ്റ്റേഴ്സിനായി കളിച്ച താരമാണ് പൊപ്ലാനിക്ക്. കഴിഞ്ഞ സീസണില്‍ ഹംഗേറിയന്‍ ക്ലബായ കപോസ്വരി റകോസിലേക്ക് ഒരു വര്‍ഷത്തേയ്ക്ക്് പൊപ്ലാനിക്കിനെ ലോണിന് കൈമാറിയിരിക്കുകയായിരുന്നു ബ്ലാസ്റ്റേഴ്‌സ്. ബ്ലാസ്‌റ്റേഴ്‌സിനായി ഇതുവരെ 16 മത്സരങ്ങള്‍ കളിച്ച താരമാണ് പൊപ്ലാനിക്ക്. നാല് ഗോളും ഈ സ്ലൊവേനിയന്‍ മുന്നേറ്റ നിര താരം സ്വന്തമാക്കിയിരുന്നു.
‘കേരള ബ്ലാസ്റ്റേഴ്സില്‍ ഞാന്‍ സന്തുഷ്ടനായിരുന്നു. ഫുട്ബോളില്‍ മാത്രമല്ല ഇന്ത്യയിലെ ജീവിതം തന്നെ മനോഹരമാണ്. അവിടത്തെ എല്ലാ ദിവസവും ഞാന്‍ ആസ്വദിച്ചു. എന്റെ നാടിനേക്കാള്‍ ഏറെ അകലെയാണെങ്കിലും ഇന്ത്യ എനിക്ക് വീടായി തന്നെയാണ് തോന്നിയത്. ഇന്ത്യയിലെത്തിയാല്‍ ഒരു താരമായി ഞാന്‍ മാറുന്നതായി എനിക്ക് തോന്നി. മത്സരശേഷം ആളുകള്‍ ഫോട്ടോ എടുക്കുകയും അഭിമുഖം തയ്യാറാക്കുകയും എല്ലാ ചെയ്യും. ഒരു കളിക്കാരന് ആത്മവിശ്വാസം നല്‍കാന്‍ അത് അത്യാവശ്യമാണ്’ പൊപ്ലാനിക്ക് കൂട്ടിചേര്‍ത്തു.