ആ താരത്തെ ബ്ലാസ്‌റ്റേഴ്‌സിലെത്തിക്കണം, മുറവിളിയുമായി ആരാധകര്‍

Image 3
FootballISL

ഐഎസ്എല്‍ ആറാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ നെടുംതൂണാകും എന്ന് പ്രതീക്ഷിക്കപ്പെട്ട മലയാളി യുവതാരം ജോബി ജസ്റ്റിന്‍. മലയാളി താരം ക്ലബിലെക്കെന്ന റൂമര്‍ ഇടക്ക് സജീവമാകുകയും ചെയ്തിരുന്നു. എന്നാല്‍ ജോബി തന്നെ റൂമറുകള്‍ നിഷേധിച്ചെത്തിയതോടെ ഈ അഭ്യൂഹങ്ങള്‍ക്ക് വിരാമമായി.

എന്നാല്‍ ജോബി ബ്ലാസ്‌റ്റേഴ്‌സിലെത്തിക്കണമെന്ന് നിരവധി ആരാധകരാണ് ബ്ലാസ്‌റ്റേഴ്‌സ് മാനേജുമൈന്റിനോട് സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെടുന്നത്. അടുത്ത സീസണില്‍ ജോബി ടീമിലുണ്ടെങ്കില്‍ കിബു വികൂനയ്ക്ക് മുതല്‍കൂട്ടാകുമെന്നും ആരാധകര്‍ വിലയിരുത്തുന്നു. ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ സോഷ്യല്‍ മീഡിയ കൂട്ടായിമകളിലാണ് ഇത്തരമൊരു ചര്‍ച്ചകള്‍ നടക്കുന്നത്.

അതെസമയം എടികെയില്‍ നിന്ന് ജോബി സ്വന്തമാക്കണമെങ്കില്‍ ബ്ലാസ്‌റ്റേഴ്‌സിന് വലിയ തുക മുടക്കേണ്ടിവരും. കരാര്‍ കാലവധി കഴിയാത്തതാണ് ജോബിയുടെ ശമ്പളത്തിന് പുറമെ എക്‌സിറ്റ് പേമെന്റ് കൂടി എടികെയ്ക്ക് ബ്ലാസ്റ്റേഴ്‌സിന് കൊടുക്കേണ്ടി വരുന്നത്. അതിനാല്‍ തന്നെ ജോബിയെ ഈ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിലെത്തിക്കാന്‍ മാനേജുമെന്റ് തയ്യാറാകില്ല.

നേരത്തെ ബ്ലാസ്‌റ്റേഴ്‌സ് ക്ഷണിച്ചാല്‍ ടീമിലേക്ക് വരാന്‍ സന്നദ്ധനാണെന്ന് ജോബി തന്നെ വ്യക്തമാക്കിയിരുന്നു. കേരള ബ്ലാസ്റ്റേഴ്സില്‍ കളിക്കുക എന്നത് തന്റെ വലിയ സ്വപ്നമാണെന്ന് പറയുന്ന ഈ മലയാളി സ്ട്രൈക്കര്‍ കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന് തന്നില്‍ താല്പര്യം ഉണ്ടെങ്കില്‍ ചര്‍ച്ചയ്ക്ക് താന്‍ എപ്പോഴും ഒരുക്കമാണെന്നും കൂട്ടിചേര്‍ത്തു.

ഈ സീസണില്‍ എടികെ കൊല്‍ക്കത്ത കിരീടം നേടിയെങ്കിലും ജോബി ജസ്റ്റിന് കൂടുതല്‍ അവസരം ലഭിച്ചിരുന്നില്ല. 10 മത്സരങ്ങള്‍ മാത്രമാണ് ജോബിയ്ക്ക് കൊല്‍ക്കത്തയ്ക്കായി കളിക്കാനായത്. ഇതില്‍ ഭൂരിഭാഗവും പകരക്കാരനായിട്ടും ആയിരുന്നു. ഒരു ഗോളും ഒരു അസിസ്റ്റന്‍സും ആയിരുന്നു ജോബിയുടെ ഐഎസ്എല്‍ പ്രകടനം.

ഇതോടെ താരം മറ്റൊരു ക്ലബ് അന്വേഷിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മലയാളി ആയതിനാല്‍ തന്നെ ജോബിയ്ക്ക് ബ്ലാസ്റ്റേഴ്‌സ് ജഴ്‌സി അണിയാനാണ് ഏറെ താല്‍പര്യമെന്നും വാര്‍ത്തകള്‍ പുറത്ത് വന്നു. നേരത്തെ ഈസ്റ്റ് ബംഗാളിനായി തകര്‍പ്പന്‍ പ്രകടനമാണ് ജോബി കാഴ്ച്ചവെച്ചത്.