ആ തീരുമാനം എങ്ങനെ വന്നു, ഒടുവില്‍ വിശദീകരണവുമായി ബ്ലാസ്‌റ്റേഴ്‌സ്

ഐഎസ്എല്ലിന്റെ തുടക്കം മുതല്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ നിരയ്ക്ക് കരുത്തു പകര്‍ന്ന സന്ദേശ് ജിങ്കന്‍ ക്ലബ്ബ് വിട്ടതിന് ഔദ്യോഗിക സ്ഥിരീകരണം. ജിങ്കന്‍ പുറത്തുപോവുന്ന വാര്‍ത്ത ബ്ലാസ്‌റ്റേഴ്‌സ് അധികൃതര്‍ സ്ഥിരീകരിച്ചു. പിടിഐ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
അടുത്ത ഐഎസ്എല്‍ സീസണില്‍ ജിങ്കന്‍ ക്ലബ്ബിനൊപ്പമുണ്ടാവില്ലെന്നും പുറത്തുപോക്ക് സംബന്ധിച്ച് ഉഭയകക്ഷി ധാരണയിലെത്തിയതായും ബ്ലാസ്‌റ്റേഴ്‌സ് അധികൃതര്‍ സമ്മതിക്കുന്നു. ‘ അതേ ജിങ്കന്‍ ഇപ്പോള്‍ ക്ലബ്ബിനൊപ്പമില്ല. രണ്ടു പേരും തമ്മിലുള്ള പരസ്പര ധാരണയോടെയാണ് ഈ തീരുമാനം”- ബ്ലാസ്റ്റേഴ്‌സ് വൃത്തങ്ങള്‍ പറഞ്ഞു.
ജിങ്കന്‍ ക്ലബ്ബ് വിടാന്‍ സാധ്യതയുള്ളതായി പ്രമുഖ സ്‌പോര്‍ട്‌സ് സൈറ്റായ ഗോള്‍ ഡോട്ട് കോം ആണ് കഴിഞ്ഞ ദിവസം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഒരു വിദേശ ക്ലബ്ബിലേക്കാണ് ജിങ്കന്‍ പോവുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഐ-ലീഗില്‍ ഒന്നിലധികം ടീമുകള്‍ക്ക് വേണ്ടി കളിച്ച ജിങ്കന്‍ 2014ല്‍ 21-ാം വയസിലാണ് കേരള ബ്ലാസ്റ്റേഴിസിലെത്തുന്നത്. ആദ്യ സീസണില്‍ തന്നെ എമര്‍ജിങ് പ്ലെയറായി തിരഞ്ഞെടുക്കപ്പെട്ട താരം ക്ലബ്ബിനുവേണ്ടി മികച്ച പ്രകടനമാണ് പിന്നീടുള്ള സീസണുകളിലും പുറത്തെടുത്തത്. പ്രതിരോധത്തിലെ സൂപ്പര്‍ നായകനായിരുന്നു ബ്ലാസ്റ്റേഴ്‌സിന് ജിങ്കന്‍. പല നിര്‍ണായ ഘട്ടങ്ങളിലും അത്ഭുതകരമായി ബ്ലാസ്റ്റേഴ്‌സിനെ രക്ഷപ്പെടുത്തിയതും ജിങ്കനായിരുന്നു.
2005ല്‍ ദേശീയ ടീം അംഗമായ ജിങ്കന്‍ ഇന്ത്യക്കുവേണ്ടി 36 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചു. ചണ്ഡീഗഡ് ജന്മനാടായ ജിങ്കന്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനുവേണ്ടി 76 മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. 2014ലും 16ലും ബ്ലാസ്റ്റേഴ്‌സിനെ ഐഎസ്എല്‍ ഫൈനലിലെത്തിക്കുന്നതില്‍ ജിങ്കന്‍ നിര്‍ണായക പങ്ക് വഹിച്ചു. ബ്ലാസ്റ്റേഴ്‌സിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ ബൂട്ടുകെട്ടിയ കളിക്കാരന്‍ എന്ന റെക്കോര്‍ഡിനുമുടമയാണ് ജിങ്കന്‍.
ചുരുങ്ങിയ സീസണുകളില്‍ നിന്നു തന്നെ യുവതാരത്തില്‍ നിന്ന് നായകനിലേക്ക് വളരാന്‍ ജിങ്കന് സാധിച്ചു. കരാറില്‍ രണ്ട് വര്‍ഷം കൂടി ബാക്കി നില്‍ക്കെയാണ് താരം ക്ലബ്ബുമായി പിരിയുന്നത്. 2019- 20 സീസണില്‍ പരിക്കിനെത്തുടര്‍ന്ന് ജിങ്കന് ബ്ലാസ്റ്റേഴ്‌സില്‍നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നിരുന്നു. ജിങ്കനില്ലാതെ ഇറങ്ങിയ ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ സീസിണില്‍ ഏഴാം സ്ഥാനത്തേക്ക് പുറന്തള്ളപ്പെടുകയും ചെയ്തു.
ഐ ലീഗില്‍ മോഹന്‍ ബഗാനെ വിജയത്തിലേക്കെത്തിച്ച കിബു വിക്യൂണയെ അടുത്തിടെ ബ്ലാസ്റ്റേഴ്‌സ് പരിശീലകനായി നിയമിച്ചിരുന്നു. മുന്‍ പരിശീലകന്‍ ഇല്‍കോ ഷറ്റോരിക്ക് പകരക്കാരാനായാണ് പുതിയ നിയമനം.