ബ്ലാസ്‌റ്റേഴ്‌സിലേക്ക് മറ്റൊരു വന്‍ സൈനിംഗ് കൂടി, അമ്പരപ്പിക്കുന്ന നീക്കം
ഐഎസ്എല്‍ ക്ലബ് കേരള ബ്ലാസ്‌റ്റേഴ്‌സ് മറ്റൊരു പ്രതിരോധ താരത്തെ കൂടി സ്വന്തമാക്കിയതായി സൂചന. ഓസ്‌ട്രേലിയന്‍ യുവ സെന്റര്‍ ബാക്ക് ജോര്‍ദാന്‍ എല്‍സിയെയാണ് ബ്ലാസ്‌റ്റേഴ്‌സ് ടീമിലെത്തിച്ചതായി വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഓസ്‌ട്രേലിയന്‍ എ ലീഗ് ക്ലബായ അഡ്‌ലൈഡ് യുണൈറ്റഡില്‍ നിന്നാണ് എല്‍സി ബ്ലാസ്റ്റേഴ്‌സില്‍ എത്തുന്നത്. അവസാന ഏഴു വര്‍ഷമായി അഡ്‌ലൈഡ് യുണൈറ്റഡിന് വേണ്ടി കളിക്കുന്ന താരമാണ് ജോര്‍ദാന്‍. 26 വയസ് മാത്രം പ്രായമുളള ഈ പ്രതിരോധ താരത്തെ ബ്ലാസ്‌റ്റേഴ്‌സിന്റെ ഏഷ്യന്‍ ക്വാട്ടയിലേക്കാണ് പരിഗണിക്കുന്നത്. ഒരു വര്‍ഷത്തേക്കാണ് എല്‍സിയുമായി ബ്ലാസ്റ്റേഴ്‌സ് കരാര്‍ ഒപ്പിട്ടിരിക്കുന്നത്.
അതെസമയം ബ്ലാസ്റ്റേഴ്‌സ് വിദേശ സൈനിംഗ് പൂര്‍ത്തിയാക്കിയതായി റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. ബ്ലാസ്റ്റേഴ്‌സിന്റെ ആറാമത്തെ താരമായാണ് എല്‍സി ടീമിലെത്തിയിരിക്കുന്നത്. ഇതുകൂടാതെ പുറത്ത് വരാത്ത മറ്റൊരു താരത്തെ കൂടി ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ച് കഴിഞ്ഞതായാണ് വിവിധ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
വിസെന്റെ ഗോണ്‍സാലസ്, ഫകുണ്ടോ പെരേര, കോസ്റ്റ നമോയിനിസു, ഗാരി ഹൂപ്പര്‍ എന്നിവരുടെ സൈനിംഗ് ആണ് കേരള ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപച്ചത്. കഴിഞ്ഞ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിനായി കളിച്ച സെര്‍ജിയോ സിഡോഞ്ചയെ ബ്ലാസ്‌റ്റേഴ്‌സ് ടീമില്‍ നിലനിര്‍ത്തുകയും ചെയ്തിട്ടുണ്ട്.