തമ്മിലേറ്റുമുട്ടി കൊച്ചി-മലബാര്‍ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍, രക്തംകുടിച്ച് ഗോകുലം ഫാന്‍സും

Image 3
FootballISL

ബ്ലാസ്റ്റേഴ്‌സ് കോഴിക്കോട്ടേക്കെന്ന് സൂചന നല്‍കുന്ന കോഴിക്കോട് കോര്‍പറേഷന്റെ വാര്‍ത്ത കുറിപ്പ് കായിക ലോകത്ത് ഉണ്ടാക്കിയ പൊല്ലാപ്പ് ചെറുതല്ല. അതുവരെ ബ്ലാസ്റ്ററായി മാത്രം അണിനിരന്ന മലയാളി ഫുട്‌ബോള്‍ ആരാധകര്‍ ചേരിതിരിഞ്ഞ് സോഷ്യല്‍ മീഡിയയില്‍ ഏറ്റുമുട്ടുകയായിരുന്നു. ബ്ലാസ്‌റ്റേഴ്‌സ് കോര്‍പറേഷന്‍ സ്റ്റേഡിയം ഹോം ഗ്രൗണ്ടാക്കുന്നത് പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുമെന്ന് ഗോകുലം എഫ്‌സി ഉടമ പ്രവീണ്‍ കൂടി സൂചിപ്പിച്ചതോടെ രംഗം കൂടുതല്‍ വഷളായി.

ബ്ലാസ്‌റ്റേഴ്‌സിന്റെ കോഴിക്കോട്ടേക്കുളള വരവ് എന്ന വാര്‍ത്ത മലബാര്‍ ആരാധകര്‍ ആവേശത്തോടെയാണ് ഏറ്റെടുത്തത്. കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയം ബ്ലാസ്റ്റേഴ്‌സിനെ ഉള്‍കൊള്ളാനാകും വിധം വിപുലീകരിക്കുമെന്നും സ്റ്റേഡിയം കാണികളാല്‍ നിറഞ്ഞു കവിയുമെന്നും അവര്‍ വാദിച്ചു. കൊച്ചിയില്‍ കഴിഞ്ഞ സീസണുകളിലെ കാണികളുടെ കൊഴിഞ്ഞ് പോക്കും ജിസിഡിഎയും ബ്ലാസ്‌റ്റേഴ്‌സ് മാനേജുമെന്റും തമ്മിലുളള അഭിപ്രായ വ്യത്യാസങ്ങളും ചൂണ്ടികാട്ടിയായിരുന്നു മലബാറിലുളള ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ ആഹ്ലാദ പ്രകടനം.

എന്നാല്‍ ചെറുതെങ്കിലും ലോയലായ ഗോകുലം എഫ്‌സി ആരാധകര്‍ ഈ പ്രവചാരണങ്ങളെ തള്ളികളയാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. കോഴിക്കോട്ടേയ്ക്ക് വയസ്സന്‍പടയുമായി ബ്ലാസ്റ്റേഴ്‌സ് എത്തിയാല്‍ കാണികള്‍ മുഖത്ത് തുപ്പുമെന്നായിരുന്നു അവരുടെ വാദം. ബ്ലാസ്റ്റേഴ്‌സ് കളിക്കുന്നത് ഫുട്‌ബോളാണെന്ന് പോലും അംഗീകരിക്കാന്‍ അവര്‍ തയ്യാറല്ലായിരുന്നു.

മറുവശത്ത് കൊച്ചിയിലെ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ കൂറുമാറ്റ വാര്‍ത്തയെ സമീപിച്ചത് മറ്റൊരു വിധത്തിലാണ്. കൊച്ചി പോലുളള എല്ലാവിധ സൗകര്യങ്ങളുമുളള മെട്രോ നഗരത്തില്‍ നിന്ന് കോഴിക്കോടിലേക്ക് ബ്ലാസ്‌റ്റേഴ്‌സ് മാറിയാന്‍ അതിന് കനത്ത വില നല്‍കേണ്ടി വരുമെന്ന് അവര്‍ വാദിച്ചു. തിരുവനന്തപുരം മുതല്‍ തൃശൂര്‍വരെയുളള ആരാധകരേയും ബ്ലാസ്റ്റേഴ്‌സിന് നഷ്ടമാകുമെന്നാണ് അവര്‍ നിരീക്ഷിച്ചത്. തിരുവനന്തപുരത്തെ കാര്യവട്ടം സ്‌പോട്‌സ് ഹബ്ബിലേക്ക് ബ്ലാസ്‌റ്റേഴ്‌സിനെ പറിച്ചുനട്ടെങ്കില്‍ ഇതിലും മികച്ച തീരുമാനമായേനെയെന്ന് അവര്‍ പരിതപിക്കുകയും ചെയ്തു.

എന്നാല്‍ ബ്ലാസ്റ്റേഴ്‌സ് കൊച്ചിയില്‍ തന്നെ തുടരുമെന്ന് ഒടുവില്‍ ക്ലബ് അനൗദ്യോഗികമായെങ്കിലും സമ്മതിച്ചതോടെ ആരാധകരുടെ ചര്‍ച്ചകളുടെ വീര്യം ചോര്‍ന്നു. കോഴിക്കോട് ചില പ്രീസീസണ്‍ മത്സരം മാത്രം നടത്താനാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആലോചനയെന്നാണ് ഇപ്പോള്‍ അവര്‍ പുറത്ത് പറയുന്നത്. കോഴിക്കോട് കോര്‍പ്പറേഷന്‍ അധികൃതര്‍ ഈ വാദത്തോട് എങ്ങനെയാണ് പ്രതികരിക്കുക എന്നതാണ് ഇനി കാത്തിരുന്ന് കാണെണ്ടത്.