കോംഗോ പടക്കുതിര ബ്ലാസ്റ്റേഴ്‌സ് റഡാറില്‍, വിദേശ താരങ്ങള്‍ക്കായുളള വേട്ട തുടങ്ങി

ഐഎസ്എല്ലില്‍ എട്ടാം സീസണില്‍ വിദേശ താരങ്ങളെ സ്വന്തമാക്കാനുളള ശ്രമം ആരംഭിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. കഴിഞ്ഞ സീസണില്‍ കളിച്ച ഏഴ് വിദേശ താരങ്ങളേയും ഒഴിവാക്കിയ പശ്ചാത്തലത്തിലാണ് പുതിയ താരങ്ങള്‍ക്കായി ബ്ലാസ്റ്റേഴ്‌സ് അന്വേഷണം ആരംഭിച്ചത്.
ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ നിന്നുള്ള വിങ്ങര്‍ പോള്‍ ജോസ് എംപോകുവിനെ സ്വന്തമാക്കാന്‍ ബ്ലാസ്റ്റേഴ്‌സ് നീക്കം തുടങ്ങിയതായാണ് ഇപ്പോള്‍ പുറത്ത് വരുന്ന പ്രധാന വാര്‍ത്ത. യുഎഇയിലെ പ്രധാന ക്ലബായ അല്‍ വഹ്ദയ്ക്കായി കളിയ്ക്കുന്ന താരമാണ് എംപോക്ക്. അടുത്ത സീസണില്‍ അല്‍ വഹ്ദയിലുണ്ടാകില്ലെന്ന് താരം ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.
എപോക്ക് നിലവില്‍ ഫ്രീ ഏജന്റാണ്. ഇതോടെയാണ് 29കാരനായ ആഫ്രിക്കന്‍ താരത്തെ ടീമിലെത്തിക്കാന്‍ ബ്ലാസ്റ്റേഴ്‌സ് നീക്കം നടത്തുന്നത്. ഡച്ച് കായിക മാധ്യമമായ വോയെറ്റ്ബാള്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഈ നീക്കം നടക്കുമോയെന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും അവര്‍ പറയുന്നു.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ടോട്ടനം ഹോട്‌സ്പര്‍സിന്റെ അക്കാദമി പ്രെഡക്റ്റാണ് എംപോകു. പിന്നീട് രണ്ട് തവണകളിലായി ബെല്‍ജിയന്‍ സൂപ്പര്‍ക്ലബ് സ്റ്റാന്‍ഡേര്‍ഡ് ലീഗയ്ക്കായി എംപോകു കളിച്ചിട്ടുണ്ട്. എംപോകു ലിഗയില്‍ കളിച്ചിരുന്ന കാലത്ത് തന്നെ സഹപരിശീലകനായും മുഖ്യപരിശീലകനായും നിലവിലെ ബ്ലാസ്റ്റേഴ്‌സ് കോച്ച് വുകോമനോവിച്ചും ക്ലബിലുണ്ടായിരുന്നു. ഇതാണ് താരവുമായി ബന്ധപ്പെടാന്‍ ബ്ലാസ്റ്റേഴ്‌സിനെ പ്രേരിപ്പിക്കുന്നത്.