നെരിജിസിന് ബ്ലാസ്‌റ്റേഴ്‌സ് വന്‍ ഓഫര്‍ നല്‍കിരുന്നു, നിരസിക്കാനുളള കാരണം പുറത്ത്

ഐഎസ്എല്ലിലെ കഴിഞ്ഞ വര്‍ഷത്തെ ഗോള്‍ഡണ്‍ ബൂട്ട് ജേതാവും ചെന്നൈയിന്‍ എഫ്‌സി താരവുമായ ലിത്വാനിനിയക്കാരന്‍ നെരിജിസ് വാല്‍കിസ് ജംഷഡ്പൂരിലെത്തിയതിന് പിന്നിലെ കഥ വെളിപ്പെടുത്തി പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ മാര്‍ക്കസ് മെര്‍ഗുളാനോ. നെരിജിസിനെ ടീമിലെത്തിക്കാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ശ്രമിച്ചിരുന്നതാണെന്നും എന്നാല്‍ വാല്‍കിസ് ജംഷഡ്പൂര്‍ തിരഞ്ഞെടുക്കുകയായിരുന്നെന്നും മാര്‍ക്കസ് വെളിപ്പെടുത്തുന്നു.

ഐഎസ്എല്‍ പുതിയ സീസണില്‍ പ്രധാന സ്‌ട്രൈക്കറായി നെരിജിസിനെ ആയിരുന്നത്രെ ബ്ലാസ്റ്റേഴ്‌സ് കണ്ടിരുന്നത്. ഇതിനായി താരത്തിന് വലിയ ഓഫറും ബ്ലാസ്റ്റേഴ്‌സ് നല്‍കിയിരുന്നു. എന്നാല്‍ ജംഷഡ്പൂലേക്ക് പോകാനാണ് ലിത്വാനിയന്‍ സ്‌ട്രൈക്കര്‍ തീരുമാനം എടുത്തത്. കാരണം ജംഷഡ്പൂര്‍ ഓഫര്‍ ചെയ്ത രണ്ട് വര്‍ഷത്തെ കരാറായിരുന്നു ഗോള്‍ഡണ്‍ ബൂട്ട് ജേതാവിനെ ആകര്‍ശിച്ചത്. ബ്ലാസ്‌റ്റേഴ്‌സ് ആകട്ടെ ഒരു വര്‍ഷത്തെ കരാറായിരുന്നു വാഗ്ദാനം ചെയ്തത്.

കഴിഞ്ഞ തവണ ചെന്നൈയെ ഫൈനലിലെത്തിക്കുന്നതില്‍ 33കാരനായ വാല്‍കിസ് നിര്‍ണ്ണായക പങ്കാണ് വഹിച്ചത്. ഐഎസ്എല്‍ അരങ്ങേറ്റ സീസണില്‍ തന്നെ 20 മത്സരങ്ങളില്‍ നിന്ന് വാല്‍കിസ് 15 ഗോളുകളും ആറ് അസിസ്റ്റുകളുമാണ് സ്വന്തമാക്കിയത്.

നേരത്തെ ചെന്നൈ കോച്ച് ഓവല്‍ കോയിലിനേയും ജംഷഡ്പൂര്‍ എഫ്സി സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ടീമിലെ പ്രധാന താരത്തേയും ജംഷഡ്പൂര്‍ സ്വന്തം നിരയിലെത്തിച്ചത്.

കഴിഞ്ഞ ഐഎസ്എല്‍ സീസണിനിടേയായിരുന്നു ഇംഗ്ലീഷ് പരിശീലകനായ കോയില്‍ ചെന്നൈ എഫ്‌സിയുമായി കരാര്‍ ഒപ്പിട്ടത്. അതുവരെ ദയനീയ പ്രകടനം കാഴ്ച്ചവെക്കുകയായിരുന്ന ചെന്നൈ പിന്നീട് അവിശ്വസനീയമായി മുന്നേറുകയായിരുന്നു. ഒടുവില്‍ ഐഎസ്എല്‍ ഫൈനല്‍ വരെ ചെന്നൈയെ ഓവല്‍ കൈപിടിച്ചുയര്‍ത്തി.

You Might Also Like