‘ബ്ലാസ്റ്റേഴ്‌സിന്റേത് അവരെ പറ്റിക്കാനുളള പുകമറ, ഒരു തരത്തിലും അംഗീകരിക്കാനാകില്ല’

കേരള ബ്ലാസ്റ്റേഴ്‌സ് കോഴിക്കോട് ഇഎംഎസ് സ്‌റ്റേഡിയത്തില്‍ കണ്ണുവക്കുന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി വീണ്ടും ഗോകുലം കേരള എഫ്‌സി. ബ്ലാസ്റ്റേഴ്‌സിന്റേത് കൊച്ചി കോര്‍പറേഷനെ സമ്മര്‍ദ്ദത്തിലാക്കാനുളള പുകമറയാണോ എന്ന് പോലും സംശയിക്കുന്നതായി ഗോകുലം കേരള ഉടമ പ്രവീണ്‍ പറയുന്നു. മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയായിരുന്നു പ്രവീണ്‍.

ഗോകുലം മാനേജ്മെന്റും ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റും തമ്മില്‍ നല്ല ബന്ധമാണുള്ളതെന്നു പറഞ്ഞ പ്രവീണ്‍ ഇത്തരത്തില്‍ ഒരു നീക്കം നടത്തുന്നതിനു മുമ്പ് ബ്ലാസ്റ്റേഴ്സ് തങ്ങളുമായി ചര്‍ച്ചചെയ്യണമായിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.

‘രണ്ടും പ്രൊഫഷണല്‍ ഫുട്ബോള്‍ ക്ലബ്ബുകളാണ്. അതിനാല്‍ തന്നെ ഇത്തരമൊരു നീക്കം നടത്തുന്നതിന് മുമ്പ് അവര്‍ക്ക് നമ്മളുമായി ഒന്ന് ചര്‍ച്ചചെയ്യണമായിരുന്നു. അതുണ്ടായിട്ടില്ല. സത്യത്തില്‍ ഇത് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന്റെ അറിവോടു കൂടി തന്നെയാണോ അതോ അഭ്യൂഹമാണോ എന്ന കാര്യത്തിലും സംശയമുണ്ട്. കൊച്ചി കോര്‍പ്പറേഷനുമായി ബ്ലാസ്റ്റേഴ്സിന് പ്രശ്നങ്ങളുണ്ട്. അതിനാല്‍ തന്നെ തങ്ങള്‍ കോഴിക്കോട്ടേക്ക് മാറും എന്ന തരത്തില്‍ ഒരു പുകമറ സൃഷ്ടിക്കുന്നതാണോ എന്ന കാര്യവും സംശയിക്കുന്നു”, പ്രവീണ്‍ വ്യക്തമാക്കി.

കഴിഞ്ഞ സീസണിലും ബ്ലാസ്റ്റേഴ്സ് ഇത്തരം ഒരു നീക്കം നടത്തിയിരുന്നു. ആ സമയത്ത് ഗോകുലത്തിന് പ്രശ്നമൊന്നുമില്ലെന്ന നിലപാടാണ് ക്ലബ്ബ് സ്വീകരിച്ചതെന്ന് ഗോകുലം കേരള പ്രസിഡന്റ് പറഞ്ഞു.

” നേരത്തെ സന്തോഷ് ട്രോഫി ഇവിടെ നടന്നപ്പോഴും ഗോകുലം, സ്റ്റേഡിയത്തിലെ പരിശീലനം മാറ്റിവെച്ചിരുന്നു. കാലിക്കറ്റ് ലീഗ് നടക്കുമ്പോഴും ഗ്രൗണ്ട് വിട്ടുകൊടുക്കുന്നുണ്ട്. അതൊന്നും ഞങ്ങള്‍ക്ക് പ്രശ്നമില്ല. പക്ഷേ പറഞ്ഞ കേട്ടത് ബ്ലാസ്റ്റേഴ്സിന്റെ റിസര്‍വ് ടീം കോഴിക്കോട്ടേക്ക് മാറുന്നു, പ്രീ സീസണ്‍ മത്സരങ്ങള്‍ ഇവിടെ നടക്കാന്‍ പോകുന്നു എന്ന തരത്തിലാണ്. ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങള്‍ ഇവിടെ നടത്തുന്നില്‍ ഗോകുലത്തിന് പ്രശ്നമൊന്നുമില്ല. എന്നാല്‍ അവര്‍ ഹോം ഗ്രൗണ്ട് തന്നെ മാറ്റുന്നു എന്ന് പറയുമ്പോള്‍ ഗോകുലത്തിന്റെ ടീം പരിശീലിക്കുന്നത് പോലും കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലാണ്. അപ്പോള്‍ നമുക്കത് ബുദ്ധിമുട്ടാകും. കോഴിക്കോട്ട് പരിശീലനത്തിന് മറ്റു മൈതാനങ്ങള്‍ ലഭിക്കാന്‍ പ്രയാസമുണ്ട്. അതിനാല്‍ തന്നെ ഏറെ പണിപ്പെട്ടാണ് കോര്‍പ്പറേഷന്‍ മൈതാനം തന്നെ ഗോകുലം നേരെയാക്കിയെടുത്തത്. അണ്ടര്‍ 17 ലോകകപ്പ് നടന്ന സമയത്ത് ബ്ലാസ്റ്റേഴ്സും പനമ്പള്ളിനഗറിലെ മൈതാനം സ്പോര്‍ട്സ് കൗണ്‍സിലില്‍ നിന്ന് വാടകയ്ക്കെടുത്ത് അവിടം ശരിയാക്കി പരിശീലനം നടത്തിയിട്ടുണ്ട്”, പ്രവീണ്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ മൂന്നു വര്‍ഷമായി ഗോകുലം കോഴിക്കോട് കോര്‍പ്പറേഷന്‍ മൈതാനം ഉപയോഗിക്കുന്നുണ്ട്. ഇപ്പോഴിതാ നാലാം വര്‍ഷവും കോര്‍പ്പറേഷന്‍ മൈതാനത്തിനായി ഗോകുലം അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ്. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സ്റ്റേഡിയം ഗോകുലത്തിന് വിട്ടുതരികയാണ് പതിവ്. നവീകരണവും മറ്റും ക്ലബ്ബ് തൃപ്തികരമായി ചെയ്യണമെന്നതാണ് വ്യവസ്ഥയെന്നും പ്രവീണ്‍ പറഞ്ഞു.

You Might Also Like