തെറിവിളിച്ചവരെ ജയ് വിളിപ്പിച്ച് ബ്ലാസ്റ്റേഴ്‌സ് എസ്ഡി, ഓഗ്‌ബെചെ പോകുമ്പോള്‍ സംഭവിക്കുന്നത്

Image 3
FootballISL

കേരള ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് അവരുടെ എക്കാലത്തേയും വലിയ ഗോള്‍ സ്‌കോററായ ബെര്‍ത്തലോമവ ഓഗ്‌ബെചെ ഗുഡ്‌ബൈ പറയുമ്പോള്‍ പതിവില്‍ നിന്ന് വ്യത്യസ്തമായി മാനേജുമെന്റിന് പൂര്‍ണ്ണ പിന്തുണ നല്‍കുന്ന ആരാധകരെയാണ് സോഷ്യല്‍ മീഡിയ നിറയെ കാണുന്നത്. താരങ്ങളല്ല ടീമാണ് പരമ പ്രധാനം എന്ന ബ്ലാസ്റ്റേഴ്‌സ് സ്‌പോട്ടിംഗ് ഡയറക്ടര്‍ കരോളിസ് സ്‌കിന്‍കിസിന്റേയും കോച്ച് കിബു വികൂനയുടേയും ഫിലോസഫി അക്ഷരാര്‍ത്ഥത്തില്‍ നെഞ്ചേറ്റുകയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍.

നേരത്തെ സന്ദേഷ് ജിങ്കനും മുന്‍ പരിശീലകന്‍ എല്‍ക്കോ ഷറ്റോരിയുമെല്ലാം ടീം വിട്ടപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ പ്രതികരിച്ചത് ഇങ്ങനെയല്ലായിരുന്നു. ബ്ലാസ്റ്റേഴ്‌സ് മാനേജുമെന്റിനെതിരെ രൂക്ഷ വിമര്‍ശനം അഴിച്ച് വിട്ട അവര്‍ ഒരു സുപ്രഭാതത്തില്‍ മറ്റൊരു നിലപാട് സ്വീകരിച്ചതിന് പിന്നില്‍ കരോളിസും വികൂനയും നേടിയെടുത്ത സ്വീകര്യതയാണ് കാണിക്കുന്നത്.

ബ്രസീലിയന്‍ ഒന്നാം ഡിവിഷന്‍ ക്ലബില്‍ കളിക്കുന്ന കൊളംമ്പിയന്‍ ഡിഫന്റര്‍ ഓസാള്‍ഡോ ഹെന്‍ക്വസിനെ ബ്ലാസ്‌റ്റേഴ്‌സിലെത്തിക്കാന്‍ സ്‌പോട്ടിംഗ് ഡയറക്ടര്‍ നടത്തിയ ചടുല നീക്കങ്ങളാണ് ഈ മാനേജുമെന്റില്‍ വിശ്വസിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെ പ്രേരിപ്പിക്കുന്നത്. ബ്ലാസ്റ്റേഴ്സിന്റെ വിദേശ സൈനിംഗ് ഏതെങ്കിലും സെക്കന്‍ ഡിവിഷന്‍ ക്ലബില്‍ നിന്നുളള മുതിര്‍ന്ന താരത്തെ പ്രതീക്ഷിച്ച ആരാധകര്‍ക്കാണ് ഹെന്റിക്വസിനെ പോലൊരു താരത്തെ ലഭിക്കുമെന്ന സൂചന ലഭിച്ചിരിക്കുന്നത്. ബ്രസീലിലെ പ്രശസ്ത ഫുട്‌ബോള്‍ ക്ലബ് വാസ്‌കോഡ ഗാമയില്‍ നിന്നാണ് ഹെന്‍ക്വസിനെ കരോളിസ് ബ്ലാസറ്റേഴ്സ് നിരയിലെത്തിക്കാന്‍ ശ്രമിക്കുന്നത്.

ഇത് ബ്ലാസ്റ്റേഴ്‌സ് സ്‌പോട്ടിംഗ് ഡയറക്ടറെ വിശ്വസിക്കാമെന്ന തോന്നല്‍ ആരാധകരില്‍ ഉണ്ടാക്കിയിട്ടുണ്ട് എന്നതാണ് സത്യം. ഓഗ്‌ബെചെ പോയാലും ഇതിനേക്കാള്‍ മികച്ച താരത്തെ കുറഞ്ഞ ചെലവില്‍ സ്‌പോട്ടിംഗ് ഡയറക്ടര്‍ കണ്ടെത്തുമെന്ന പ്രതീക്ഷ ആരാധകര്‍ക്കുണ്ട്. 35 വയസ് പിന്നിട്ട ഓഗ്‌ബെചെയെ ഒരു സീസണ്‍ കൂടി പിടിച്ച് നിര്‍ത്തിയാലും അടുത്ത സീസണില്‍ മറ്റൊരു താരത്തിനായി കാത്തിരിക്കേണ്ടി വരുമെന്നും ആരാധകര്‍ക്ക് അറിയാം.

കഴിഞ്ഞ സീസണുകളില്‍ നിന്ന് വ്യത്യസ്തമായി താരങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ ക്ലബ് പുലര്‍ത്തുന്ന കണിശതയിലും ആരാധകര്‍ സംതൃപ്തരാണ്. ടീമിന് ഒരു ലോങ്ങ് ടേം സ്രാറ്റജി ഉണ്ടെന്ന് തോന്നിപ്പിക്കും വിധത്തില്‍ തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ ഇടപെടുന്നതും.

ഇതിനൊപ്പം തന്നെ വരും ദിവസങ്ങളില്‍ ഹെന്‍ക്വസിനെ പോലുളള വിദേശ താരങ്ങള്‍ ബ്ലാസ്‌റ്റേഴ്‌സുമായി കരാര്‍ ഒപ്പിട്ടേക്കും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഡച്ച് ഫസ്റ്റ് ഡിവിഷന്‍ ക്ലബില്‍ നിന്നും സൗത്ത് ആമേരിക്കയില്‍ നിന്നുമെല്ലാം ഇനിയും താരങ്ങളെത്താനുണ്ടെന്ന വാര്‍ത്ത വലിയ ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.