അവസരങ്ങള്‍ നഷ്ടപ്പെടുത്തിയതില്‍ സ്വയംപഴിക്കാം; ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് വുകമനോവിച്ച്

കൊല്‍ക്കത്ത: ഐ.എസ്.എല്‍ ഫുട്‌ബോളില്‍ ഈസ്റ്റ് ബംഗാളിനെതിരെ തോല്‍വി വഴങ്ങിയതിന് പിന്നാലെ കാരണം വ്യക്തമാക്കി പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച്. പോയന്റ് പട്ടികയില്‍ ഒന്‍പതാംസ്ഥാനത്തുള്ള കൊല്‍ക്കത്തന്‍ ടീമിനെതിരെ തികഞ്ഞ വിജയപ്രതീക്ഷയിലായിരുന്നു കേരളമിറങ്ങിയത്. എന്നാല്‍ അവസരങ്ങള്‍ ലക്ഷ്യത്തിലെത്തിക്കുന്നതില്‍ പരാജയപ്പെട്ടതോടെ ഞെട്ടിക്കുന്ന തോല്‍വിവഴങ്ങേണ്ടിവന്നു. ഇതോടെ ലീഗില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ സാധ്യതകള്‍ക്ക് മങ്ങലേറ്റു. നിലവില്‍ പോയന്റ് ടേബിളില്‍ മൂന്നാംസ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്.

16കളിയില്‍ ഒന്‍പത് ജയത്തോടെ 28 പോയന്റാണ് സമ്പാദ്യം. ഒന്നാംസ്ഥാനത്തുള്ള മുംബൈ സിറ്റിയാണ് 16 കളിയില്‍ നിന്ന് 13 ജയവുമായി 42 പോയന്റുമായി ഒന്നാമത്. രണ്ടില്‍ നില്‍ക്കുന്ന ഹൈദരാബാദിന് 15കളിയില്‍ 11 വിജയമുണ്ട്. 35പോയന്റാണ് നേട്ടം. ബ്ലാസ്‌റ്റേഴ്‌സേക്കാള്‍ ഏഴ് പോയന്റ് കൂടുതല്‍. ഇതോടെ ടേബിളില്‍ മുന്നേറാന്‍ ഇനിയുള്ള മത്സരങ്ങളെല്ലാം മഞ്ഞപ്പടയ്ക്ക് ജയിക്കണം.


തോല്‍വിയിലെ നിരാശ മറച്ചുവെക്കാതെയായിരുന്നു മത്സരശേഷം കേരള കോച്ചിന്റെ പ്രതികരണം. വിജയിക്കാനാവത്തില്‍ കുറ്റബോധമുണ്ടെന്ന് വുകോമനോവിച്ച് പറഞ്ഞു. ഞങ്ങള്‍ക്ക് ഗോള്‍നേടാനുള്ള അവസരങ്ങള്‍ ലഭിച്ചിരുന്നു. കൊല്‍ക്കത്തയിലാണ് മത്സരമെന്നതിനാല്‍ ഞങ്ങളെക്കാളേറെ അവര്‍ക്ക് ജയിക്കണമായിരുന്നു. ജയത്തിനായി അവര്‍ രണ്ടുംകല്‍പ്പിച്ച് പോരാടി. എതിര്‍ ടീമിനെക്കാളും മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ലെന്നും ഇവാന്‍ കൂട്ടിചേര്‍ത്തു.


ഇന്നലെ ഏകപക്ഷീയമായ ഒരുഗോളിനായിരുന്നു ഈസ്റ്റ് ബംഗാള്‍ വിജയിച്ചത്. സീസണിലെ മികച്ച ഇലവനെ ഇറക്കിയിട്ടും ഗോള്‍ അവസരം സൃഷ്ടിക്കാന്‍ പലപ്പോഴും സന്ദര്‍ശര്‍ക്ക് കഴിഞ്ഞില്ല. അതേസമയം തുടര്‍ ആക്രമണങ്ങള്‍ക്ക് 77ാം മിനുറ്റില്‍ ഈസ്റ്റ് ബംഗാളിന് ഫലമുണ്ടായി. റീബൗണ്ടില്‍ നിന്ന് ക്ലൈറ്റന്‍ സില്‍വയിലൂടെ വിജയം പിടിച്ചെടുത്തു. അവസാന മിനിറ്റുകളില്‍ സമനില ഗോളിനായി ശ്രമംനടത്തിയെങ്കിലും പ്രതിരോധപൂട്ടുമായി ബംഗാള്‍ പിടിച്ചുനിന്നു. ഏഴിന് ചെന്നെയില്‍ എഫ്.സിക്കെതിരെ കൊച്ചിയിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.

You Might Also Like