പുൽമൈതാനങ്ങൾക്ക് തീപിടിച്ച രാവ്; ഫുട്ബാളിലെ ഏറ്റവും സുന്ദരദിനം സമ്മാനിച്ച് യൂറോ

Image 3
Euro 2020

അത്യന്തം നാടകീയത നിറഞ്ഞ ഫുട്ബോൾ രാവിന് ശേഷം കളിക്കാരനായും, കമന്റേറ്ററായും വർഷങ്ങളായി ഫുട്ബോളിൽ ജീവിക്കുന്ന ഗാരി ലിനേക്കർ എഴുതി. “ഇതാണ് ഞാൻ ഇന്നുവരെ കണ്ടതിൽ വച്ച് ഫുട്ബോളിലെ ഏറ്റവും നല്ല ദിവസം”. അക്ഷരാർത്ഥത്തിൽ ശരിയായിരുന്നു ആ വാക്കുകൾ. ഫുട്ബോൾ മൈതാനത്തിന് തീ പിടിപ്പിച്ച രണ്ട് സൂപ്പർ പോരാട്ടങ്ങൾ സൂക്ഷ്മമായ സാദൃശ്യം പുലർത്തിയെന്നത് മറ്റൊരു കാവ്യാനീതി.

അവിശ്വസനീയമായിരുന്നു തിങ്കളാഴ്ച രാത്രി യൂറോയിൽ കാര്യങ്ങൾ. അക്ഷരാർത്ഥത്തിൽ ശ്വാസം നിലച്ചുപോവുന്ന രണ്ട് മത്സരങ്ങൾ. തീർന്നു പോവരുതേ എന്ന് ഫുട്ബോൾ പ്രേമികൾ ഒരുപോലെ ആഗ്രഹിച്ച രണ്ട് മത്സരങ്ങളിലായി പിറന്നത് 23 ഗോളുകൾ. പെനാൽറ്റി ഷൂട്ടൗട്ടിൽ പിറന്ന ഒൻപത് ഗോളുകൾ മാറ്റിവച്ചാൽ പോലും വിജയ പരാജയങ്ങൾ മാറ്റിമറിച്ച 14 എണ്ണം പറഞ്ഞ ഗോളുകൾ കളിക്കളത്തിൽ മാത്രം പിറന്നു.

കോപ്പൻ ഹേഗനിൽ നടന്ന ആദ്യമത്സരത്തിൽ സ്പാനിഷ് ഗോൾ കീപ്പറുടെ മണ്ടൻ സെൽഫ് ഗോളിലൂടെയാണ് നാടകങ്ങൾക്ക് തുടക്കമായത്. എന്നാൽ വിട്ടുകൊടുക്കാതെ മത്സരത്തിലേക്ക് തിരിച്ചുവന്ന സ്‌പെയിൻ രണ്ട് ഗോൾ ലീഡിന് മത്സരം പിടിച്ചടക്കിയെന്ന് തോന്നിച്ചെങ്കിലും അവസാന മിനിറ്റുകളിൽ ക്രൊയേഷ്യ അതിശക്തമായി തിരിച്ചുവന്നതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. അവിടെയും നാടകീയതക്ക് അവസാനമായില്ല. എക്സ്ട്രാ ടൈമിൽ കണ്ടത് സ്‌പെയിനിന്റെ അത്യുജ്ജ്വല തിരിച്ചുവരവ്. മത്സരം മൂന്നിനെതിരെ അഞ്ചു ഗോളുകൾക്ക് സ്‌പെയിൻ കയ്യടക്കി.

https://twitter.com/EURO2020

ബുച്ചാറെസ്റ്റിൽ ഫ്രാൻസും സ്വിറ്റസർലാൻഡും ഏറ്റുമുട്ടിയപ്പോൾ നാടകീയത എല്ലാത്തിനെയും വെല്ലുന്നതായി. അധികസമയവും കഴിഞ്ഞു പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് മത്സരം നീണ്ടതോടെ ഏവരെയും ഞെട്ടിച്ച് ടൂർണമെന്റ് ഫേവറൈറ്റുകളായ ഫ്രാൻസ് കണ്ണീരോടെ പുറത്തേക്ക് നടന്നു.

സ്പെയിനും ക്രൊയേഷ്യയും

യൂറോകപ്പിലെ ഏറ്റവും വാശിയേറിയ പോരാട്ടം കണ്ട മത്സരത്തിൽ അവസാന വിജയം സ്പെയിനിനൊപ്പം. എട്ടു ഗോളുകൾ പിറന്ന മത്സരത്തിൽ ജയം ഇരുവശത്തും മാറിമറിഞ്ഞപ്പോൾ എക്സ്ട്രാ ടൈമിലാണ് സ്‌പെയിനിന്റെ വിജയം.

ഇരുപതാം മിനിറ്റിൽ സ്പാനിഷ് ഗോൾ കീപ്പർ ഉനായ് സിമന്റെ മണ്ടത്തരം മൂലം പിറന്ന സെല്ഫ് ഗോളിലൂടെ ക്രൊയേഷ്യക്ക് ആദ്യ ലീഡ്. മധ്യനിരതാരം പെഡ്രി നൽകിയ ലോങ്ങ് ബാക്ക് പാസ് അലക്ഷ്യമായി കൺട്രോൾ ചെയ്യാൻ നോക്കിയ സ്പാനിഷ് ഗോൾ കീപ്പർക്ക് അമ്പേ പിഴച്ചു. പന്ത് ഗോൾ കീപ്പറുടെ കാലിൽ തട്ടി സ്വന്തംവലയിലേക്ക്.

വീഡിയോ കാണാം

https://twitter.com/ss4yoo/status/1409547658990166024?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1409547658990166024%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Findianexpress.com%2Farticle%2Fsports%2Ffootball%2Fuefa-euro-2020-r16-spain-vs-croatia-live-score-streaming-7379945%2F

സ്‌കൂൾ കുട്ടികൾക്ക് പോലും പറ്റാത്ത അബദ്ധത്തിൽ കളിയുടെ ഗതിക്ക് വിപരീതമായി ഗോൾ പിറന്നതോടെ ക്രൊയേഷ്യ പിടിമുറുക്കുമെന്ന് തോന്നിപ്പിച്ചു. ഒന്നു രണ്ട് മികച്ച നീക്കങ്ങൾ ഉണ്ടായെങ്കിലും സ്പെയിൻ പതിയെ ആഘാതത്തിൽ നിന്നും മുക്തരായി.

37 ആം മിനിറ്റിൽ പാബ്ലോ സെർബിയയിലൂടെ സ്‌പെയിൻ മത്സരത്തിലേക്ക് തിരിച്ചുവരുന്നു. ബോക്സിലെ കൂട്ടപ്പൊരിച്ചിലിടയിൽ ഒന്നിലധികം തവണ സ്പാനിഷ് താരങ്ങളുടെ ഷോട്ടുകൾ ക്രൊയേഷ്യൻ ഗോൾ കീപ്പർ തടഞ്ഞിട്ടു. പന്ത് കാലിൽ കിട്ടിയ സെർബിയ ക്ലിനിക്കൽ ഫിനിഷിലൂടെ പന്ത് വലയിയലെത്തിച്ചു. 2012ന് ശേഷം സ്‌പെയിൻ ഒരു മേജർ ടൂർണമെന്റിന്റെ നോക്ക്ഔട്ട് റൗണ്ടിൽ നേടുന്ന ആദ്യ ഗോൾ.

ഗോൾ മടക്കിയതിന്റെ ആത്മവിശ്വാസവുമായി രണ്ടാം പകുതിയിലും ആക്രമണം തുടർന്ന സ്പെയിൻ 56ആം മിനിറ്റിൽ ലീഡ് നേടുന്നു. ഇടതു വിങ്ങിൽ നിന്ന് ഫെറാൻ ടോറസ് നൽകിയ ക്രോസിൽ സ്പാനിഷ് ഫുൾബാക് ആസ്പിലികെറ്റയുടെ ബുള്ളറ്റ് ഹെഡർ വലയിൽ.

66ആം മിനുട്ടിൽ ഗോൾ മടക്കാനുള്ള ക്രൊയേഷ്യൻ ശ്രമം ഉനായ് സിമന്റെ മിന്നൽ സേവിൽ നിഷ്‌ഫലമായി.തുടക്കത്തിലേ അബദ്ധത്തിന് ഗംഭീരമായ പ്രായശ്ചിത്തം.
77ആം മിനുട്ടിൽ ക്രൊയേഷ്യക്ക് അടുത്ത ആഘാതം. പോ ടോറസ് എടുത്ത ഫ്രീകിക്ക് മാഞ്ചസ്റ്റർ സിറ്റി താരം ഫെറാൻ ടോറസിന്റെ കാലുകളിലേക്ക്. പന്തുമായി ക്രൊയേഷ്യൻ ബോക്സിലേക്ക് കുതിച്ച ടോറസ് ഡിഫൻഡർമാരെ മറികടന്ന് ഗോൾ വലയിലെത്തിച്ചു. രണ്ടു ഗോൾ ലീഡിൽ സ്പെയിൻ ജയമുറപ്പിച്ചെന്നു തന്നെ കരുതി.
85ആം മിനിറ്റിൽ മത്സരത്തിലെ ഏറ്റവും വലിയ ട്വിസ്റ്റ് പിറന്നു. ബോക്സിലെ കൂട്ടപ്പൊരിച്ചിലിനിടയിൽ സൂപ്പർ സബ്ബായി എത്തിയ ഓർസിച് ക്രൊയേഷ്യക്കായി ലക്‌ഷ്യം കണ്ടതോടെ ക്രൊയേഷ്യ വീണ്ടും മത്സരത്തിൽ സജീവം.

92ആം മിനിറ്റിൽ ഇടതു വിങ്ങിൽ നിന്ന് ഓർസിച് നൽകിയ മനോഹരമായ ക്രോസിൽ തലവച്ച് പസിലിച് സമനില ഗോൾ നേടിയതോടെ ആറു മിനിറ്റിനിടെ രണ്ട് ഗോളുകളുമായി ക്രൊയേഷ്യ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീട്ടി.
എക്സ്ട്രാ ടൈമിൽ കണ്ടത് സ്‌പെയിനിന്റെ ഗംഭീര തിരിച്ചുവരവ്. അധികസമയത്തിന്റെ പത്താം മിനിറ്റിൽ ഡാനി ഒൽമൊയുടെ ക്രോസ് കാലിൽ കൊരുത്തു മനോഹരമായ വോളിയിലൂടെ മൊറാട്ട നേടിയ ഗോൾ വിമർശകരുടെ വായടപ്പിക്കുന്നതായിരുന്നു.

മൂന്ന് മിനിറ്റിനകം തന്നെ സ്‌പെയിൻ ക്രൊയേഷ്യയുടെ പെട്ടിയിൽ അവസാന ആണിയും അടിച്ചു. ഡാനി ഓമയുടെ പാസ് സ്വീകരിച്ച ഒയർസബാൽ ക്ലിനിക്കൽ ഫിനിഷിലൂടെ സ്‌കോർ ചെയ്തപ്പോൾ അത്യന്തം നാടകീയത നിറഞ്ഞ മത്സരത്തിൽ അവസാനത്തെ ചിരി സ്പെയിനിന്റേതായി. വീരിചിതമായ പോരാട്ടം ബാക്കി വച്ച് ക്രൊയേഷ്യ പുറത്തേക്ക്.

ഫ്രാൻസ് V/S സ്വിറ്റസർലാൻഡ് മത്സരം

നാടകീയതയിൽ നേരത്തെ നടന്ന സ്‌പെയിൻ, ക്രൊയേഷ്യ മത്സരത്തെയും കടത്തിവെട്ടുന്നതായിരുന്നു ഫ്രാൻസ്, സ്വിറ്റസർലാൻഡ് മത്സരം. ജയപരാജയങ്ങൾ മാറി മറിഞ്ഞ മത്സരത്തിൽ അധികസമയത്തും ഇരുടീമുകളും സമനിലയിൽ പിരിഞ്ഞപ്പോൾ പെനാൽറ്റി ഷൂട്ടൗട്ടാണ് വിധി നിർണയിച്ചത്. സൂപ്പർതാരം എംബപ്പേ പെനാൽറ്റി നഷ്ടപ്പെടുത്തിയതാണ് ടൂർണമെന്റ് ഫേവറൈറ്റുകളായ ഫ്രാൻസിന് പുറത്തേക്ക് വഴിതെളിയിച്ചത്.

15-ാം മിനിറ്റില്‍ ഹാരിസ് സെഫെറോവിച്ചിലൂടെ സ്വിറ്റ്സര്‍ലന്‍ഡ് മുന്നിലെത്തുന്നു. ബോക്‌സിന്റെ ഇടതുഭാഗത്തു നിന്ന് സ്റ്റീവന്‍ സുബര്‍ തൊടുത്തക്രോസിൽ തലവച്ച് എണ്ണം പറഞ്ഞ ഒരു ഗോൾ. ആദ്യ പകുതി സ്വിസ് പടയ്ക്ക് സ്വന്തം.

എന്നാൽ രണ്ടാം പകുതിയില്‍ കളി മാറി. ഫ്രഞ്ച് പരിശീലകൻ ദെഷാംപ്‌സ് മിഡ്‌ഫീൽഡർ ലെങ്‌ലെറ്റിന് പകരം കിങ്സ്ലി കോമാനെ കളത്തിലെത്തിച്ചതോടെ ഫ്രഞ്ച് മുന്നേറ്റങ്ങള്‍ക്ക് മൂർച്ച കൂടി. തുടർച്ചയായ ഫ്രഞ്ച് ആക്രമണങ്ങൾക്ക് 57-ാം മിനിറ്റില്‍ വെറ്ററൻ താരം കരീം ബെന്‍സേമയിലൂടെ ഫലം കണ്ടു. എംബാപ്പെ നൽകിയ പാസിൽ ബെൻസേമയുടെ ക്ലാസി ഫിനിഷ്.

രണ്ട് മിനിറ്റിനുള്ളിൽ തന്നെ ബെൻസേമ രണ്ടാമത്തെ ഗോളും നേടി. ലീഡ് നേടിയതോടെ ഒന്നിന് പുറകെ മറ്റൊന്നായി ആഞ്ഞടിച്ച ഫ്രഞ്ച് ആക്രമണങ്ങൾക്ക് 75-ാം മിനിറ്റില്‍ വീണ്ടും ഫലം ലഭിച്ചു. പോള്‍ പോഗ്ബയുടെ എണ്ണം പറഞ്ഞ ഒരു ഷോട്ട് വല തുളച്ചപ്പോൾ ഫ്രാൻസിന്റെ ക്വാർട്ടർ പ്രവേശനം ഏവരും ഉറപ്പിക്കുന്നു.

എന്നാൽ സ്വിസ് താരങ്ങൾ കയ്യും മെയ്യും മറന്നു കളിച്ചതോടെ 81-ാം മിനിറ്റില്‍ സ്വിസ്സ് പട ഗോൾ മടക്കി. കെവിന്‍ എംബാബുവിന്റെ ക്രോസ് വലയിലെത്തിച്ച സെഫെറോവിച്ച് സ്വിസ് ടീമിനെ മത്സരത്തിൽ നിലനിർത്തി. 90-ാം മിനിറ്റില്‍ മാരിയോ ഗാവ്രനോവിച്ചും ഗോൾ നേടിയതോടെ യൂറോ ചരിത്രത്തിലെ തന്നെ അത്യന്തം നാടകീയമായ മത്സരങ്ങളിൽ ഒന്ന് എക്‌സ്ട്രാ ടൈമിലേക്ക്.

എക്സ്ട്രാ ടൈമിൽ ഇരുടീമുകൾക്കും അവസരങ്ങൾ ലഭിച്ചെങ്കിലും ആർക്കും മുതലെടുക്കാനായില്ല. ഫ്രാൻസിന്റെ സൂപ്പർ താരം എംബപ്പേ ഉറച്ച ഒന്നിലധികം ഗോളവസരങ്ങൾ നഷ്ടപ്പെടുത്തിയതോടെ മത്സരം പെനാൽട്ടി ഷൂട്ടൗട്ടിലേക്ക് കടക്കുന്നു.

ഷൂട്ടൗട്ടിൽ ഇരുടീമുകളും ആദ്യഅവസരങ്ങളെല്ലാം വലയിലെത്തിച്ചതോടെ ഏവരുടെയും കണ്ണ് വീണ്ടും സൂപ്പർതാരം എംബാപ്പയിലേക്ക്. അവസാന കിക്ക് എടുക്കാൻ വന്ന എംബപ്പേ കൂടി സ്‌കോർ ചെയ്‌താൽ ഷൂട്ടൗട്ടും സമനിലയിലായി മത്സരം സഡൻഡെത്തിലേക്ക് കടക്കും. എന്നാൽ ഷോട്ടെടുത്ത എംബപ്പേക്ക് പിഴച്ചു. കിടിലൻ സേവിലൂടെ എംബാപ്പയുടെ പെനാൽറ്റി തട്ടിമാറ്റി സ്വിസ്സ് ഗോൾകീപ്പർ യാൻ സമ്മർ സ്വിറ്റസർലാൻഡിനെ വിജയതീരമണിയിച്ചു.