മെസി, നെയ്മർ, ലൗടാരോ മാർട്ടിനസ് എന്നിവരെക്കുറിച്ചു പ്രതികരിച്ച് ബാഴ്സലോണ പ്രസിഡന്റ്
ബാഴ്സ നായകനായ ലയണൽ മെസി വരുന്ന സീസണുകളിലും ക്ലബിൽ തന്നെ തുടരുമെന്ന ഉറച്ച വിശ്വാസമുണ്ടെന്ന് പ്രസിഡന്റ് ബർട്ടമൂ. താരത്തിന്റെ കരാർ അടുത്ത സീസണിൽ അവസാനിക്കാനിരിക്കെയാണ് നിർണായക പ്രതികരണം ബർട്ടമൂ നടത്തിയത്. അതേ സമയം നെയ്മർ, ലൗടാരോ മാർട്ടിനസ് എന്നിവരുടെ ട്രാൻസ്ഫർ ഈ സീസണിൽ നടക്കുന്ന കാര്യത്തിൽ അദ്ദേഹം സംശയം പ്രകടിപ്പിച്ചു.
ബാഴ്സലോണ ബോർഡുമായി നായകന് കടുത്ത അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെന്ന വാർത്തകൾ നിലനിൽക്കുമ്പോഴും മെസി തുടരുമെന്ന കാര്യത്തിൽ ബർട്ടമൂവിന് സംശയമൊന്നുമില്ല. “ബാഴ്സയിൽ തന്നെ തുടരുമെന്ന് പല തവണ വെളിപ്പെടുത്തിയിട്ടുള്ള മെസി ക്ലബുമായി കരാർ പുതുക്കുമെന്നതിൽ എനിക്കു സംശയമില്ല.” മുണ്ടോ ഡിപോർടിവോയോട് ബർട്ടമൂ പറഞ്ഞു.
📰 [MD] | Josep Bartomeu: "We already have seven signings"
— BarçaTimes (@BarcaTimes) July 25, 2020
The president of Barça announced that Araujo, Riqui and Ansu will have first team jersey numbers and talked about everything in MD pic.twitter.com/n0ANkrGvoY
നെയ്മർ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് ബർട്ടമൂവിന്റെ പ്രതികരണം ഇങ്ങിനെയായിരുന്നു. “അക്കാര്യത്തിൽ തീരുമാനങ്ങൾ എടുക്കേണ്ടത് താരങ്ങളും ക്ലബുകളും കൂടിയാണ്. കൈമാറ്റക്കരാറിൽ കളിക്കാർക്കു വരാൻ കഴിയില്ലെങ്കിൽ അവരുടെ ട്രാൻസ്ഫർ നടത്താൻ വലിയ ബുദ്ധിമുട്ടു തന്നെയാണ്.”
ലൗടാരോ മാർട്ടിനസിന്റെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് ഇന്ററുമായി സംസാരിച്ചുവെന്നും എന്നാൽ അതിപ്പോൾ നിർത്തി വെച്ചിരിക്കുകയാണെന്നും ബർട്ടമൂ വ്യക്തമാക്കി. അടുത്ത സീസണിലേക്കായി പ്യാനിച്ച്, പെഡ്രി, ട്രിൻകാവോ, മത്തേയുസ് ഫെർണാണ്ടസ് എന്നീ താരങ്ങളും ബി ടീമിൽ നിന്നും അറൗഹോ, ഫാറ്റി, പുയ്ജ് എന്നിവരും ടീമിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.