സിൽവയെ പരിഹാസം കൊണ്ട് മൂടി ലിവർപൂൾ ആരാധകർ,ചുട്ടമറുപടിയുമായി താരം

ചാമ്പ്യൻസ് ലീഗിൽ ലിയോണിനോട് ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി തോൽവിയറിഞ്ഞത്. എന്നാൽ സിറ്റിയുടെ പുറത്താവൽ വലിയ തോതിൽ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് ലിവർപൂൾ ആരാധകർ. ഈ സീസണിൽ സിറ്റിയെ മറികടന്നായിരുന്നു ലിവർപൂൾ പ്രീമിയർ ലീഗ് കിരീടം നേടിയത്.

തുടർന്ന് സിറ്റി താരങ്ങൾക്കെതിരെ വലിയ തോതിൽ പരിഹാസങ്ങളും ട്രോളുകളും ലിവർപൂൾ ആരാധകർ നടത്തിയിരുന്നു. സിറ്റി താരം ബെർണാഡോ സിൽവക്കും പരിഹാസങ്ങളും ചീത്തവിളികളും നേരിടേണ്ടി വന്നിരുന്നു. താരത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലാണ് ലിവർപൂൾ ആരാധകർ താരത്തെ പരിഹാസങ്ങൾ കൊണ്ട് മൂടിയത്.

എന്നാൽ ഇതിനെതിരെ അതേ നാണയത്തിൽ തിരിച്ചടിച്ചിരിക്കുകയാണ് ബെർണാഡോ സിൽവ. നിങ്ങൾക്കൊന്നും വേറെ പണിയില്ലേ എന്ന രൂപത്തിലാണ് അദ്ദേഹം മറുപടി നൽകിയത്. ലിവർപൂൾ ഫാൻസിനോട് സഹതാപമാണ് തോന്നുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

“ഒന്നും ചെയ്യാനില്ലാതെ സിറ്റി താരത്തിന്റെ അക്കൗണ്ടിലേക്ക് കയറി വരുന്ന ലിവർപൂൾ ആരാധകരുടെ കാര്യത്തിൽ എനിക്ക് സങ്കടവും സഹതാപവുമാണുള്ളത്. നിങ്ങൾക്ക് വേറെ എന്തെല്ലാം കാര്യങ്ങൾ ചെയ്യാനുണ്ട്? നിങ്ങൾക്ക് വേണമെങ്കിൽ പ്രീമിയർ ലീഗ് കിരീടം നേടിയത് ആഘോഷിച്ചൂടെ? അല്ലെങ്കിൽ ഒരു പങ്കാളിയെ കണ്ടെത്തിക്കൂടെ? കൂട്ടുകാരുമൊത്ത് മദ്യപിച്ചു നടന്നൂടെ? അല്ലെങ്കിൽ പുസ്തകങ്ങൾ വായിച്ചൂടെ? ഇത് പോലെയുള്ള മറ്റെന്തെല്ലാം കാര്യങ്ങളുണ്ട്?” ബെർണാഡോ സിൽവ സോഷ്യൽ മീഡിയയിൽ കുറിച്ചു.

You Might Also Like