സുവാരസ് ഇപ്പോൾ ബാഴ്‌സയെ നോക്കി ചിരിക്കുകയാവും, സുവാരസിനോട് ബാഴ്സ കാണിച്ചത് ശരിയായില്ലെന്നു ബെർബറ്റോവ്

ബാഴ്സയിൽ നിന്നും അത്ലറ്റിക്കോ മാഡ്രിഡിലേക്ക് ചേക്കേറിയ സൂപ്പർതാരമാണ് ലൂയിസ് സുവാരസ്. എന്നാൽ ബാഴ്സയിൽ നിന്നും താരത്തെ ഒഴിവാക്കിയ രീതിക്ക് ഫുട്ബോൾ ലോകത്തു നിന്നും വലിയ വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു
സുവാരസിന്റെ പ്രിയ സുഹൃത്തായ ലയണൽ മെസിയും ബാഴ്സയുടെ താരത്തെ ഒഴിവാക്കിയ രീതിയെ വിമർശിച്ചു കൊണ്ട് രംഗത്തെത്തിയിരുന്നു.

സുവാരസിനെ ബാഴ്സ ചവിട്ടിപ്പുറത്താക്കിയത് പോലെയാണ് പറഞ്ഞയച്ചതെന്നാണ് മെസി ആരോപിച്ചത്. അത്ലറ്റിക്കോ മാഡ്രിഡിലേക്ക് ചേക്കേറിയെങ്കിലും സിമിയോണിക്ക് കീഴിൽ മികച്ച പ്രകടനമാണ് സുവാരസ് കാഴ്ചവെക്കുന്നത്. അത്ലറ്റിക്കോ മാഡ്രിഡിന്റെ ഈ സീസണിലെ ടോപ്സ്കോററാണ് സുവാരസ്. ബാഴ്സയുടെ ഈ നീക്കത്തേക്കുറിച്ച് തന്റെ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് മാഞ്ചസ്റ്റർ ഇതിഹാസമായ ദിമിറ്റർ ബെർബറ്റോവ്. ബെറ്റ്ഫെയറിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“സുവാരസ് ഒരു യന്ത്രമാണ്. അത്ലറ്റിക്കോയാണ്‌ ലാലിഗയിൽ ഏഴു പോയിന്റിന്റെ വ്യത്യാസത്തിൽ ഒരു മത്സരം കൂടി ബാക്കി നിൽക്കെ ഒന്നാം സ്ഥാനത്തു തുടരുന്നത്. സുവാരസ് തീർച്ചയായും ഇപ്പോൾ ഉറക്കെ ചിരിക്കുന്നുണ്ടാവും. അവനെക്കുറിച്ചാലോചിക്കുമ്പോൾ എനിക്ക് സന്തോഷം തോന്നുന്നു.”

” കാരണം അവരുടെ മികച്ച താരങ്ങളിലൊരാളായ അവനോട് കാണിച്ചത് ഒരിക്കലും നല്ല കാര്യമല്ല. ബാഴ്സലോണ അപമര്യാദയോടെയാണ് അവനോട് പെരുമാറിയത്. എന്നാൽ അതിൽ ഇപ്പോൾ അവനു ഒരിക്കലും മനോവേദന തോന്നുന്നുണ്ടാവില്ല. കാരണം അത്ലറ്റികോയിൽ അത്ര മികച്ച സമയമാണ് അവൻ ആസ്വദിച്ചുകൊണ്ടിരിക്കുന്നത്.” ബെർബെറ്റോവ് അഭിപ്രായപ്പെട്ടു.

You Might Also Like