ലാലിഗയിലെ മികച്ച താരങ്ങൾ, ബെൻസിമക്കു മുന്നിൽ വീണ് മെസി

ഈ സീസണിലെ ലാലിഗയിലെ മികച്ച താരങ്ങളെ തിരഞ്ഞെടുത്തപ്പോൾ റയൽ മാഡ്രിഡ് താരം ബെൻസിമക്കു പിറകിൽ രണ്ടാം സ്ഥാനത്തേക്കു വീണ് മെസി. ലാലിഗയിൽ ഏറ്റവും കൂടുതൽ അസിസ്റ്റ് നേടുന്ന താരമെന്ന റെക്കോർഡും ലീഗിൽ ഇരുപതു ഗോളും ഇരുപത് അസിസ്റ്റും സ്വന്തമാക്കുന്ന താരമെന്ന റെക്കോർഡും സ്വന്തമാക്കിയതിനു പിന്നാലെയാണ് രണ്ടാം സ്ഥാനത്തെത്തിയതെന്നത് ആരാധകരിൽ അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്.

ഈ സീസണിൽ 25 ഗോളുകളും 21 അസിസ്റ്റുകളും സ്വന്തമാക്കിയ മെസിയുടെ പ്രകടനമാണ് നിരവധി പ്രശ്നങ്ങൾക്കിടയിലും ബാഴ്സലോണയെ കിരീടത്തിനു തൊട്ടരികിൽ എത്തിച്ചത്. എന്നാൽ ബാഴ്സയെ മറികടന്നു കിരീടം സ്വന്തമാക്കാനായി എന്നതു കൊണ്ടു തന്നെ സ്പാനിഷ് മാധ്യമം മാർക്ക നടത്തിയ പോളിൽ റയൽ താരങ്ങളുടെ ആധിപത്യമാണുണ്ടായത്.

37 ശതമാനം വോട്ടുകൾ നേടിയാണ് മികച്ച താരമായി ഇരുപത്തിയൊന്നു ഗോളുകൾ നേടിയ ബെൻസിമ തിരഞ്ഞെടുക്കപ്പെട്ടത്. അതേ സമയം നാൽത്തിയാറു ഗോളുകളിൽ പങ്കാളിയായ മെസിക്കു ലഭിച്ചത് 31 ശതമാനം വോട്ടുകളാണ്. റയൽ പ്രതിരോധതാരം സെർജിയോ റാമോസ് പതിനാലു ശതമാനം വോട്ടുകൾ നേടി മികച്ച താരങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി.

മികച്ച ഫോർവേഡായും ബെൻസിമ തന്നെയാണു തിരഞ്ഞെടുക്കപ്പെട്ടത്. മധ്യനിര താരമായി ടോണി ക്രൂസും പ്രതിരോധ താരമായി റാമോസും ഒന്നാമതെത്തി. ഗോൾകീപ്പറായി ക്വാർട്ടുവ, പരിശീലകനായി സിദാൻ, മികച്ച യുവതാരമായി വിനീഷ്യസ് ജൂനിയർ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.

You Might Also Like