മത്സരത്തിനിടെ വിനിഷ്യസിനെ തരംതാഴ്ത്തി ബെൻസിമയുടെ വാക്കുകൾ, ഒടുവിൽ ക്ഷമാപണം നടത്തി ബെൻസിമ

ബൊറൂസിയ മൊഞ്ചെൻഗ്ലാഡ്ബാക്കുമായി നടന്ന ചാമ്പ്യൻസ്‌ലീഗ് മത്സരശേഷം ഫുട്ബോൾ ലോകം ഏറെ ചർച്ച ചെയ്ത സംഭവമാണ് റയൽമാഡ്രിഡ് യുവതാരം വിനീഷ്യസ് ജൂനിയറിനെ കുറ്റപ്പെടുത്തി കരിം ബെൻസിമ സഹഫ്രഞ്ച്താരം ഫെർലാൻഡ് മെൻഡിയോട് പറഞ്ഞ കാര്യങ്ങൾ. വിനീഷ്യസ് മോശം പ്രകടനമാണ് നടത്തുന്നതെന്നും അവനു പന്ത് നല്കരുതെന്നും രണ്ടാം പകുതി തുടങ്ങാനിരിക്കെ ബെൻസിമ മെൻഡിയോട് മുന്നറിയിപ്പു നൽകുകയായിരുന്നു.

ടണലിലെ വീഡിയോ ദൃശ്യങ്ങൾ ചൂണ്ടിക്കാണിച്ച് ജർമൻ മാധ്യമമായ ടെലിഫൂട്ട് ആണ് ഈ സംഭവം റിപ്പോർട്ട്‌ ചെയ്തത്. ബെൻസിമ മെൻഡിയോട് പറഞ്ഞത്: ” അവൻ അവനിഷ്ടമുള്ളത് പോലെ ചെയ്യുകയാണ്. സഹോദരാ അവനൊപ്പം കളിക്കരുത്. ദൈവമേ അവൻ നമ്മൾക്കെതിരായാണ് കളിക്കുന്നത്. ”

ഗോൾ ടീവിയെ ഉദ്ദരിച്ച് വീഡിയോ ശകലങ്ങളുടെ ബാക്കി ഭാഗം മാർക്ക റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. അതിൽ മെൻഡിയുടെ മറുപടി ഉൾപ്പെട്ടിട്ടുണ്ട്. മെൻഡി പറഞ്ഞതിങ്ങനെയാണ് : അവൻ പേടിച്ചാണ് കളിക്കുന്നത്, അതുകൊണ്ട് തന്നെയാണ് പന്ത് നഷ്ടപ്പെടുന്നത്. ഇത് സോഷ്യൽ മീഡിയയിൽ വന്നതോടെയാണ് താരങ്ങൾ തമ്മിലുള്ള ഉടക്ക് പുറംലോകമറിഞ്ഞത്.

എന്നാൽ മാർക്കയുടെ പുതിയ റിപ്പോർട്ടുകൾ പ്രകാരം ട്രെയിനിങ് സ്ഥലത്തു വെച്ച് ഇക്കാര്യത്തിൽ ഇരുവരും ധാരണയിലെത്തിയെന്നാണ് അറിയാനാവുന്നത്. മത്സരത്തിന്റെ ചൂടിൽ പറഞ്ഞ കാര്യങ്ങളാണെന്നാണ് ബെൻസിമ താരത്തെ പറഞ്ഞാശ്വസിപ്പിച്ചത്. താനെന്താണ് പറഞ്ഞതെന്നും എന്തുകൊണ്ടാണ് പറഞ്ഞതെന്നും വിനിഷ്യസിനെ പറഞ്ഞു മനസിലാക്കുകയും ക്ഷമാപണം നടത്തിയെന്നുമാണ് റിപ്പോർട്ടുകൾ.

You Might Also Like