“ഒരു മുസ്‌ലിം രാജ്യത്ത് ജീവിക്കാൻ ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു”- സൗദി ട്രാൻസ്‌ഫറിൽ പ്രതികരിച്ച് കരിം ബെൻസിമ

തീർത്തും അപ്രതീക്ഷിതമായാണ് കരിം ബെൻസിമ റയൽ മാഡ്രിഡ് വിടാൻ തീരുമാനിച്ചത്. 2009 മുതൽ ടീമിന്റെ പ്രധാന സ്‌ട്രൈക്കറായിരുന്ന താരം ഒരു വർഷം കൂടി കരാറിൽ ബാക്കി നിൽക്കെയാണ് റയൽ മാഡ്രിഡിനോട് വിട പറഞ്ഞത്. സൗദി അറേബ്യയിൽ നിന്നും വമ്പൻ ഓഫർ തേടി വന്നതോടെ റയൽ മാഡ്രിഡിൽ തുടരാനുള്ള തന്റെ തീരുമാനത്തിൽ നിന്ന്  കരിം ബെൻസിമ പിൻവാങ്ങുകയായിരുന്നു.

സൗദി അറേബ്യയിൽ നിന്നും വമ്പൻ ഓഫറാണ് ഫ്രഞ്ച് താരത്തെ തേടിയെത്തിയത്. ഓഫർ സ്വീകരിച്ചതോടെ ചരിത്രത്തിൽ തന്നെ ഏറ്റവുമുയർന്ന പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ ഫുട്ബോൾ താരമായി കരിം ബെൻസിമ മാറുകയുണ്ടായി. എന്നാൽ പണം മാത്രമല്ല കരിം ബെൻസിമയെ സൗദിയിലേക്ക് അടുപ്പിച്ചതെന്നാണ് താരം കഴിഞ്ഞ ദിവസം പറഞ്ഞ വാക്കുകളിൽ നിന്നും വ്യക്തമാകുന്നത്.

സൗദി ഒരു മുസ്ലിം രാജ്യമായതിനാൽ അവിടെ ജീവിക്കാനുള്ള താൽപര്യം കൂടി ഉണ്ടായിരുന്നുവെന്നാണ് ബെൻസിമ പറയുന്നത്. “എന്തുകൊണ്ടാണ് സൗദിയെ തിരഞ്ഞെടുത്തത്? ഞാനൊരു മുസ്‌ലിമാണ്, സൗദി ഒരു മുസ്‌ലിം രാജ്യവും. ഒരു മുസ്‌ലിം രാജ്യത്ത് ജീവിക്കാൻ എല്ലായിപ്പോഴും ഞാൻ ആഗ്രഹിച്ചിരുന്നു.” കഴിഞ്ഞ ദിവസം തന്നെ അവതരിപ്പിക്കുന്നതിനിടെ മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ഫ്രഞ്ച് താരം പറഞ്ഞു.

ക്ലബ് കരിയറിൽ സാധ്യമായ എല്ലാ നേട്ടവും സ്വന്തമാക്കിയാണ് കരിം ബെൻസിമ റയൽ മാഡ്രിഡ് വിട്ടത്. അതേസമയം റയൽ മാഡ്രിഡിനെ സംബന്ധിച്ച് താരം ക്ലബ് വിട്ടത് വലിയ തിരിച്ചടി നല്കിയെന്നതിൽ സംശയമില്ല. ഇതുവരെ ഒരു പകരക്കാരനെ പോലും ആവശ്യമില്ലാത്ത തരത്തിൽ റയൽ മാഡ്രിഡിന്റെ സ്‌ട്രൈക്കർ സ്ഥാനത്തു നിന്നിരുന്ന ബെൻസിമക്ക് പകരം താരത്തെ എത്തിക്കാനുള്ള ശ്രമത്തിലാണ് ക്ലബ്.

You Might Also Like