ബെൻസിമയുടെ ഫ്രാൻസ് കരിയർ തന്നെ ഇല്ലാതാക്കിയ കേസ്, വീണ്ടും വിചാരണക്കു വിളിച്ച് ഫ്രഞ്ച് അഭിഭാഷകർ

Image 3
FeaturedFootballInternational

ഫ്രഞ്ച് സൂപ്പർതാരം കരിം ബെൻസിമയുടെ ഫ്രാൻസിനൊപ്പമുള്ള അന്താരാഷ്ട്ര കരിയർ തന്നെ ഇല്ലാതാക്കിയ കേസാണ് സഹഫ്രഞ്ച് താരം മാത്യു വാൽബുവേനയെ ബ്ലാക്ക്മെയിൽ ചെയ്ത സംഭവം. സെക്സ് ടേപ്പ് ഉപയോഗിച്ച് വാൽബുവേനയെ ബ്ലാക്ക്മെയിൽ ചെയ്തുവെന്ന 2015ൽ നടന്ന സംഭവത്തിൽ ഇപ്പോഴും വിചാരണ നേരിടുകയാണ് ബെൻസിമ.

2015 ഡിസംബർ 11നു കേസിൽ അറസ്റ്റിലായതിനാൽ താരത്തെ ഫ്രഞ്ച് സ്‌ക്വാഡിൽ നിന്നും തന്നെ പുറത്താക്കിയിരുന്നു. പിന്നീടൊരിക്കലും ഫ്രഞ്ച് ജേഴ്സിയിൽ കളിക്കാൻ ബെൻസിമക്ക് സാധിച്ചിട്ടില്ലെന്നതാണ് വസ്തുത. ഫ്രഞ്ച് നാഷണൽ ടീമുമായുള്ള ബെൻസിമയുടെ എല്ലാ ബന്ധങ്ങളും അവസാനിച്ചുവെന്നു ഫ്രഞ്ച് ഫെഡറേഷൻ പ്രസിഡന്റായ നോയൽ ലെ ഗ്രേറ്റ് പ്രസ്താവിക്കുകയായിരുന്നു.

വാൽബുവേനക്ക് സെക്സ് ടേപ്പ് കാണിച്ചു ഒരു കൂട്ടം ആളുകൾ ബ്ലാക്‌മെയ്ൽ ചെയ്യാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് നാഷണൽ ടീമിൽ ആയിരുന്ന സമയത്ത് ബെൻസിമ ചോദിച്ചതാണ് സംശയം ബെൻസിമയുടെ മേലിലേക്ക് തിരിയുന്നതും ബെൻസിമക്കെതിരെ വാൽബുവേന കേസ് ഫയൽ ചെയ്യുന്നതും. എന്നാൽ ഇക്കാര്യത്തിൽ താൻ നിരപരാധിയാണെന്നും വെറും തെറ്റിദ്ധാരണ മാത്രമാണെന്നും ആ സമയത്ത് ബെൻസിമ വാദിച്ചിരുന്നു.

ഈ കേസിൽ വാൽബുവേനയെ സഹായിക്കാനാണ് താൻ ശ്രമിച്ചതെന്നും ബെൻസിമ അഭിപ്രായപ്പെട്ടു. എന്തായാലും ഈ കേസിൽ വീണ്ടും ബെൻസിമയെ വിചാരണക്ക് വിളിച്ചിരിക്കുകയാണ്. ഇതുവരെയും ഈ കേസിൽ ഒരു വിധിയുണ്ടായിട്ടില്ലെന്നത് ബെൻസിമയുടെ ഫ്രാൻസ് നാഷണൽ ടീമിലെ ഭാവിയും താറുമാറാക്കിയിരുന്നു. 2018ൽ ഫ്രാൻസ് ലോകകപ്പ് നേടിയപ്പോൾ അഭിനന്ദനം അറിയിക്കാൻ മാത്രമാണ് റയൽ സൂപ്പർതാരത്തിന് സാധിച്ചത്.