അക്കാര്യം ഇന്ത്യയ്ക്ക് ദോഷം ചെയ്യും, തുറന്നടിച്ച് ബംഗളൂരു സൂപ്പര്‍ കോച്ച്

Image 3
FootballISL

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിദേശ താരങ്ങളുടെ എണ്ണം കുറയ്ക്കാനുളള നീക്കത്തിനെതിരെ ബംഗളൂരു എഫ്‌സി പരിശീലകന്‍ കാര്‍ലെസ് ക്വാഡ്രെറ്റ്. ഐലീഗ് ക്ലബ് ചെന്നൈ സിറ്റി എഫ്‌സി പരിശീലകന്‍ അക്ബര്‍ നവാസുമായി ഇന്‍സ്റ്റഗ്രാം ലൈവില്‍ സംസാരിയ്ക്കുകയായിരുന്നു ഇന്ത്യ കണ്ട ഏറ്റവും മികച്ച പരിശീലകന്‍.

വിദേശ താരങ്ങളെ കുറയ്ക്കാനുളള നീക്കം ഇന്ത്യന്‍ താരങ്ങള്‍ക്ക് ദോഷം ചെയ്യുമെന്നാണ് കാര്‍ലെസിന്റെ നിരീക്ഷണം. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് നല്ല ലീഗായി മാറുന്നത് ഇവിടെ ഇപ്പോഴും അഞ്ചു വിദേശ താരങ്ങള്‍ ഒരു ടീമില്‍ കളിക്കുന്നത് കൊണ്ടാണ് എന്ന് കാര്‍ലെസ് പറയുന്നു. വിദേശ താരങ്ങളുടെ എണ്ണം കുറച്ചാല്‍ അത് ഇന്ത്യന്‍ താരങ്ങളുടെ മേല്‍ സമ്മര്‍ദ്ദം വര്‍ധിപ്പിക്കും എന്നും അത് ദോഷകരമായി മാറുമെന്നും കാര്‍ലെസ് കൂട്ടിചേര്‍ത്തു.

2021-22 സീസണ്‍ ഐ എസ് എല്‍ മുതല്‍ സ്റ്റാര്‍ടിംഗ് ഇലവനില്‍ നാലു വിദേശ താരങ്ങളെ പാടുള്ളൂ എന്ന് നിയമം കൊണ്ടു വരാന്‍ ആണ് എ ഐ എഫ് എഫ് ഉദ്ദേശിക്കുന്നത്.

അതെസമയം ഇന്ത്യന്‍ ഫുട്‌ബോള്‍ അധികൃതര്‍ വിദേശ താരങ്ങളുടെ എണ്ണം കുറയ്ക്കാന്‍ തീരുമാനിച്ചാല്‍ അത് അംഗീകരിക്കാന്‍ തനിയ്ക്ക് മടിയില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. അങ്ങനെയെങ്കില്‍ ഇന്ത്യന്‍ താരങ്ങളെ വളര്‍ത്തി കൊണ്ടു വരുന്നതില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കും എന്നും കാര്‍ലെസ് പറഞ്ഞു.

ഒരോ തവണയും കിരീട നേട്ടത്തിലെത്തുന്നതിന് പിന്നാലെ ടീമിലെ സൂപ്പര്‍ താരങ്ങളെ മറ്റ് ക്ലബുകള്‍ റാഞ്ചികൊണ്ട് പോകുന്നതാണ് വലിയ പ്രതിസന്ധിയെന്നും ബംഗളൂരു കോച്ച് പറയുന്നു. ഐഎസ്എല്ലിലെ പ്ലേഓഫ് സിസ്റ്റത്തേയും കാര്‍ലെസ് വിമര്‍ശിച്ചു. പ്ലേഓഫില്‍ നാലാമതെത്തുന്ന ടീമിനും മൂന്ന മത്സരങ്ങളിലെ മികച്ച പ്രകടനത്തിലൂടെ ഐഎസ്എല്‍ കിരീടം നേടാനാകുന്നത് നീതികരിക്കാനാകാത്തതാണെന്നാണ് കാര്‍ലെസിന്റെ നിരീക്ഷണം. ഐഎസ്എല്ലില്‍ ലീഗിലും പ്ലേഓഫിലും ഒന്നാമതതെത്താനായത് ബംഗളൂരു എഫ്‌സിയ്ക്ക് മാത്രമാണെന്നും കാര്‍ലെസ് പറയുന്നു.