ബംഗളൂരു പ്ലെയിംഗ് ഇലവനില്‍ അസറുദ്ദീനും, സര്‍പ്രൈസ് ടീം ഇങ്ങനെ

Image 3
CricketIPL

ഐപിഎല്ലിനൊരുങ്ങുന്ന ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിന്റെ പ്ലേയിംഗ് ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരങ്ങളില്‍ ഒരാളായിരുന്ന ബ്രാഡ് ഹോഗ്. മലയാളി യുവതാരം മുഹമ്മദ് അസറുദ്ദീനെ ടീമില്‍ ഉള്‍പ്പെടുത്തി എന്നതാണ് ഈ ടീമിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇതോടെ ടീമില്‍ രണ്ട് മലയാളി താരങ്ങള്‍ കളിക്കും.

മലയാളി താരമായ ദേവ്ദത്ത് പടിക്കലിനൊപ്പം നായകന്‍ വിരാട് കോഹ്ലിയാണ് ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുന്നത്. മൂന്നാം നമ്പറില്‍ എബി ഡിവില്ലിയേഴ്‌സിനെയാണ് ഹോഗ് തിരഞ്ഞെടുത്തത്. നാലാം നമ്പറില്‍ പുതുതായി ടീമിലെത്തിയ ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്വെല്ലും, അഞ്ചാമനായി ഓസീസിന്റെ തന്നെ മറ്റൊരു ഓള്‍റൗണ്ടര്‍ ഡാനിയേല്‍ ക്രിസ്റ്റ്യനും ടീമില്‍ ഇടംപിടിച്ചു.

ആറാം നമ്പറില്‍ ഫിനിഷറായിട്ടാണ് ഹോഗ് അസ്ഹറുദ്ദീനെ പരീക്ഷിക്കുന്നത്. വിക്കറ്റ് കീപ്പറുടെ റോളും താരത്തിന് നല്‍കാമെന്ന് ഹോഗ് പറയുന്നു.

യുസ്വേന്ദ്ര ചഹല്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ക്കാണ് സ്പിന്‍ ബോളിംഗ് ഉത്തരവാദിത്വം. നവദീപ് സെയ്‌നി, മുഹമ്മദ് സിറാജ് എന്നിവരോടൊപ്പം ഓസീസ് പേസര്‍ കെയ്ന്‍ റിഷാഡ്സും ചേരുന്നതാണ് ഹോഗ് തിരഞ്ഞെടുത്ത ബാംഗ്ലൂര്‍ ഇലവന്‍.

ഏപ്രില്‍ 9 നാണ് ഐ.പി.എല്ലിന് തുടക്കമാകുന്നത്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. ചെന്നൈയാണ് ഉദ്ഘാടന മത്സരത്തിന് വേദിയാകുന്നത്.