അവനിനി ബംഗളൂരുവില്‍ കളിയ്ക്കില്ല, സൂപ്പര്‍ താരത്തെ കുറിച്ച് വെളിപ്പെടുത്തലുമായി ക്ലബ് ഉടമ

Image 3
FootballISL

ബംഗളൂരു എഫ്‌സി മുന്‍ താരം മിക്കു ഇനി നീലപ്പടയുടെ ഭാഗമാകില്ലെന്ന് വെളിപ്പെടുത്തി ക്ലബ് ഉടമ ജിന്‍ദാല്‍. ബംഗളൂരു ആരാധകര്‍ക്കായി ഇന്‍സ്റ്റഗ്രാം ലൈവില്‍ തത്സമയം സംസാരിക്കുമ്പോഴാണ് മിക്കുവിന്റെ കാര്യത്തില്‍ ബംഗളൂരു ക്ലബ് ഉടമ നിലപാട് വ്യക്തമാക്കിയത്.

അവസാന സീസണില്‍ ബംഗളൂരു ഫൈനല്‍ കളിയ്ക്കാതെ പോയത് അറ്റാക്കിംഗില്‍ തെറ്റായ റിക്രൂട്ടുമെന്റ് നടത്തിയത് കൊണ്ടാണെന്നും മിക്കുവിന്റെ ക്വാളിറ്റിയില്‍ ഉള്ളൊരു താരത്തിലേക്ക് എത്താനായില്ലെന്നും ജിന്‍ദാല്‍ തുറന്ന് സമ്മതിയ്ക്കുന്നു.

എന്നാല്‍ മിക്കുവിനെ ഇനി സ്വന്തമാക്കുക ബംഗളൂരുവിനെ സംബന്ധിച്ച് അസാധ്യമാണെന്നും മിക്കു വളരെ വിലയേറിയ കളിക്കാരനാണ് ഇപ്പോഴെന്നും ജിന്‍ദാല്‍ പറയുന്നു. മിക്കുവിനെ ഉള്‍കൊള്ളാനുളള സാമ്പത്തിക ഭദ്രത ക്ലബിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മാത്രമല്ല എടികെയും ഗോവയുമെല്ലാം ചെയ്യുന്നത് പോലെ വിദേശ താരങ്ങളെ വന്‍ തുക മുടക്കി ടീമിന്റെ ഭാഗമാക്കാന്‍ ബംഗളൂരു ആഗ്രഹിക്കുന്നില്ലെന്നും ഇന്ത്യന്‍ താരങ്ങളെ വളര്‍ത്തിയെടുക്കുക എന്നതാണ് ബംഗളൂരുവിന്റെ ലക്ഷ്യമെന്നും അദ്ദേഹം തുറന്ന് പറയുന്നു.

ബംഗളൂരുവിന് വേണ്ടി രണ്ട് സീസണുകളില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച താരമാണ് മിക്കു. 32 മത്സരങ്ങള്‍ ബംഗളൂരുവിനായി കളിച്ച മിക്കു 20 ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്. സൈപ്രസ് ക്ലബിനായി എട്ട് മത്സരങ്ങളാണ് മിക്കു ജെഴ്‌സി അണിഞ്ഞത്. എന്നാല്‍ ഗോളൊന്നും നേടാന്‍ താരത്തിനായില്ല.

ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി താരം സഹല്‍ അബ്ദുല്‍ സമദിനേയും ജിന്‍ദാല്‍ പ്രശംസകൊണ്ട് മൂടി. സഹല്‍ പ്രതിഭാസനനാണെന്ന് പറഞ്ഞ ജിന്‍ദാല്‍ എന്തുവിലകൊടുത്തും സഹലിനെ ബംഗളൂരുവിന്റെ ഭാഗമാക്കാന്‍ ശ്രമിക്കുമെന്നും കൂട്ടിചേര്‍ത്തു.

https://www.instagram.com/tv/CAu34v2jo36/?utm_source=ig_embed