രാജ്യത്തിന് നാണക്കേടായി ബംഗളൂരു എഫ്‌സി, മാല്‍ദീവ്‌സ് ക്ലബിനെ പുറത്താക്കി

Image 3
CricketIPL

എഎഫ്‌സി കപ്പ് മത്സരങ്ങള്‍ക്കായി മാല്‍ദീവ്‌സിലെത്തിയ ഐഎസ്എല്‍ ക്ലബ് ബംഗളൂരു എഫ്‌സിയോട് ഉടന്‍ രാജ്യം വിടാന്‍ മാല്‍ദീവ്‌സ്. ടീമിലെ മൂന്ന് അംഗങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ചുറ്റിക്കറങ്ങിയതാണ് മാല്‍ദീവ്‌സിനെ പ്രകോപിപ്പിച്ചിരിക്കുന്നത്.

ഇതോടെ പ്രതിരോധത്തിലായ ബംഗളൂരു എഫ്‌സി മാപ്പ് പറഞ്ഞ് രംഗത്തെത്തി. മൂന്ന് വിദേശ താരങ്ങളാണ് കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതെന്നും അവര്‍ക്കെതിരെ കടുത്ത നടപടി എടുക്കുമെന്നും ക്ലബ് ഉടമ പാര്‍ത്ഥ് ജിന്‍ഡാല്‍ പറഞ്ഞു.

മാല്‍ദീവ്‌സ് ക്ലബ് ഈഗിള്‍സിനെതിരായ എഎഫ്‌സി കപ്പ് പ്ലേഓഫ് പ്ലേ ഓഫിനു വേണ്ടി വെള്ളിയാഴ്ചയാണ് ബംഗളൂരു എഫ്‌സി ദ്വീപരാഷ്ട്രത്തിലെത്തിയത്. ചൊവ്വാഴ്ചയാണ് മത്സരം തീരുമാനിച്ചിരുന്നത്.

മാല്‍ദീവ്‌സ് കായികമന്ത്രി അഹ്മദ് മഹ്ലൂഫാണ് ബംഗളൂരു താരങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു എന്ന് വെളിപ്പെടുത്തിയത്.

‘കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതുവഴി അംഗീകരിക്കാനാവാത്ത പെരുമാറ്റമാണ് ബംഗളൂരു എഫ്‌സിയില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. ക്ലബ് ഉടന്‍ മാല്‍ദീവ്‌സ് വിടണം. ഇത്തരം പെരുമാറ്റങ്ങളെ ഞങ്ങള്‍ പ്രോത്സാഹിപ്പിക്കില്ല. ഈ മത്സരം നടത്താനാവില്ലെന്ന് ഞങ്ങള്‍ അധികൃതരെ അറിയിച്ചിട്ടുണ്ട്. ബംഗളൂരു എഫ്‌സിയുടെ തിരിച്ചുപോക്കിനുള്ള നടപടികളെടുക്കണമെന്നും ഞങ്ങള്‍ ആവശ്യപ്പെട്ടു.”- മഹ്ലൂഫ് ട്വീറ്റിലൂടെ പറഞ്ഞു.

ഇതിനു പിന്നാലെ പാര്‍ത്ഥ് ജിന്‍ഡാല്‍ മാപ്പപേക്ഷിച്ച് ട്വീറ്റ് ചെയ്തു. ”ഞങ്ങളുടെ മൂന്ന് വിദേശ താരങ്ങളുടെ നീതീകരിക്കാനാവാത്ത പെരുമാറ്റത്തില്‍ ബെംഗളൂരു എഫ്‌സിക്ക് വേണ്ടി ഞാന്‍ മാപ്പ് അപേക്ഷിക്കുന്നു. അവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കും. ഇത് ഇനി ഒരിക്കലും ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കും.”- ജിന്‍ഡാല്‍ ട്വീറ്റ് ചെയ്തു.