എന്തൊരു ദുരന്തം, റഫറി കളിച്ചു, ബ്ലാസ്‌റ്റേഴ്‌സിന് മൂന്ന് ചുവപ്പ് കാര്‍ഡും വന്‍ തോല്‍വിയും

ഡ്യൂറണ്ട് കപ്പില്‍ ബദ്ധ വൈരികളായ ബംഗളൂരു എഫ്‌സിയ്‌ക്കെതിരെ വന്‍ തോല്‍വി വഴങ്ങി കേരള ബ്ലാസ്‌റ്റേഴ്‌സ്. റഫറി കളിച്ച മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് തോറ്റമ്പിയത്. റഫറിയുടെ തെറ്റായ തീരുമാനങ്ങളാല്‍ നിറഞ്ഞ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് കളി അവസാനിപ്പിച്ചത് എട്ടു താരങ്ങളുമായാണ്.

മൂന്ന് കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്ക് ചുവപ്പ് കാര്‍ഡ് നല്‍കിയാണ് റഫറി ബ്ലാസ്റ്റേഴ്‌സിന്റെ തോല്‍വി ഉറപ്പ് വരുത്തിയത്. ബംഗളൂരു എഫ് സി നേടിയ ഗോളിലെ ഹാന്‍ഡ് ബോളു പോലും കാണാതിരുന്ന റഫറി കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്ക് നേരെ ഏകപക്ഷിയമായി തിരിയുകയായിരുന്നു.

ആദ്യ പകുതി കേരള ബ്ലാസ്റ്റേഴ്‌സ് നല്ല രീതിയില്‍ കളിച്ച് മുന്നേറിയത്. എന്നാല്‍ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പ് ഒരു ഫ്രീകിക്കില്‍ നിന്ന് ബൂട്ടിയ ബംഗളൂരു എഫ് സിക്ക് ലീഡ് സമ്മാനിക്കുകയായിരുന്നു.

രണ്ടാം പകുതിയില്‍ തിരിച്ചടിക്കാന്‍ ശ്രമിച്ച കേരള ബ്ലാസ്റ്റേഴ്‌സിന് 60ാം മിനുട്ടില്‍ ഹൊര്‍മിപാമിനെ ചുവപ്പ് കാര്‍ഡ് കാരണം നഷ്ടമായി. ഇതോടെ പത്തു പേരായ കേരള ബ്ലാസ്റ്റേഴ്‌സ് പതറാന്‍ തുടങ്ങി. പിന്നാലെ 65ആം മിനുട്ടില്‍ മലയാളി താരം ലിയോണ്‍ ബംഗളൂരുവിന്റെ ലീഡ് ഇരട്ടിയാക്കി. ലിയോണിന്റെ കയ്യില്‍ തട്ടി ആയിരുന്നു പന്ത് വലയില്‍ എത്തിയത്. ഒപ്പം കേരള ബ്ലാസ്റ്റേഴ്‌സ് കീപ്പര്‍ക്ക് എതിരെ ഫൗളും ഉണ്ടായിരുന്നു.പക്ഷെ റഫറി ഗോള്‍ അനുവദിച്ചു.

കളി മുന്നോട്ട് പോകുമ്പോള്‍ സന്ദീപിനെ റഫറിയോട് തര്‍ക്കിച്ചെന്ന് പറഞ്ഞ് റഫറി ചുവപ്പ് കാര്‍ഡ് കാണിച്ച് പുറത്താക്കി. പിന്നാലെ 84ാം മിനുട്ടില്‍ ധനചന്ദ്രയും ചുവപ്പ് വാങ്ങി പുറത്ത് പോയി. ഇതോടെ ഇനി ഗ്രൂപ്പിലെ അവസാന മത്സരം വിജയിച്ചാലെ കേരള ബ്ലാസ്റ്റേഴ്‌സിന് ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ആകു.

You Might Also Like