ബംഗളൂരുവിനോട് പ്രതികാരം വീട്ടാനായില്ല, ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്

കേരള ബ്ലാസ്റ്റേഴ്സ് എഫ്സി 1
ബംഗളൂരു എഫ്സി 1

കോഴിക്കോട്: പിന്നിട്ടുനിന്നശേഷം ഐഎസ്എല്‍ റണ്ണറപ്പായ ബംഗളൂരു എഫ്സിയെ സമനിലയില്‍ പിടിച്ച് കേരള ബ്ലാസ്റ്റേഴ്സ്. സൂപ്പര്‍ കപ്പ് ഫുട്ബോളില്‍ 1-1ന് ബംഗളൂരുവിനെ കുരുക്കി. കോഴിക്കോട് കോര്‍പറേഷന്‍ ഇഎംഎസ് സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ആദ്യപകുതിയില്‍ റോയ് കൃഷ്ണയിലൂടെ ബംഗളൂരു മുന്നിലെത്തിയപ്പോള്‍ രണ്ടാം പകുതിയില്‍ ക്യാപ്റ്റന്‍ ദിമിത്രിയോസ് ഡയമന്റാകോസ് ബ്ലാസ്റ്റേഴ്സിന്റെ സമനില കണ്ടെത്തി. എ ഗ്രൂപ്പില്‍ ഒന്നുവീതം ജയവും തോല്‍വിയും സമനിലയും ഉള്‍പ്പെടെ നാല് പോയിന്റുമായി മൂന്നാം സ്ഥാനത്ത് അവസാനിപ്പിച്ചു ബ്ലാസ്റ്റേഴ്സ്. സെമി ഫൈനലില്‍ എത്താനായില്ല.

തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും മാറ്റം വരുത്തിയാണ് താല്‍ക്കാലിക പരിശീലകന്‍ ഫ്രാങ്ക് ഡൗവെന്‍ ബ്ലാസ്റ്റേഴ്സിനെ അവതരിപ്പിച്ചത്. നാല് മലയാളി താരങ്ങള്‍ ആദ്യ പതിനൊന്നില്‍ ഉള്‍പ്പെട്ടു. ഗോള്‍കീപ്പറായി സച്ചിന്‍ സുരേഷ് തുടര്‍ന്നു. പ്രതിരോധത്തില്‍ റിസര്‍വ് താരം മുഹമ്മദ് സഹീഫും മധ്യനിരയില്‍ വിബിന്‍ മോഹനനും കെ പി രാഹുലും ഇടംപിടിച്ചു. വിക്ടര്‍ മൊംഗില്‍, നിഷുകുമാര്‍, മാര്‍ക് ലെസ്‌കോവിച്ച് എന്നിവരായിരുന്നു പ്രതിരോധം കാക്കാന്‍. മധ്യനിരയില്‍ വിബിനിനും രാഹുലിനുമൊപ്പം ഡാനിഷ് ഫാറൂഖി, സൗരവ് മണ്ഡാല്‍ എന്നിവരും ചേര്‍ന്നു. ഗോളടിക്കാന്‍ വിദേശകരുത്തരായ ക്യാപ്റ്റന്‍ ദിമിത്രിയോസ് ഡയമന്റാകോസും അപോസ്തലോസ് ജിയാനുവും.
ബംഗളൂരുവിന്റെ ഗോള്‍വലയ്ക്ക് കീഴില്‍ ഗുര്‍പ്രീത് സിങ് സന്ധുവായിരുന്നു. പ്രതിരോധിക്കാന്‍ സന്ദേശ് ജിങ്കന്‍, നംഗ്യാല്‍ ബൂട്ടിയ, നാരോം റോഷന്‍ സിങ് എന്നിവര്‍. ബ്രൂണോ റാമിറെസ്, സുരേഷ് സിങ്, ജാവിയര്‍ ഹെര്‍ണാണ്ടസ്, രോഹിത് കുമാര്‍, ഉദാന്ത സിങ് എന്നിവര്‍ മധ്യനിരയിലും. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും റോയ് കൃഷ്ണയുമായിരുന്നു സ്ട്രൈക്കര്‍മാര്‍.

ഇടതുവശം സഹീഫിലും രാഹുലിലും കേന്ദ്രീകരിച്ചായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ നീക്കങ്ങള്‍. ബംഗളൂരുവാകട്ടെ തുടക്കം തന്നെ ആധിപത്യം നേടാന്‍ ശ്രമിച്ചു. എന്നാല്‍ അടിയുറച്ചുനിന്ന ബ്ലാസ്റ്റേഴ്സ് പ്രതിരോധം വിട്ടുകൊടുത്തില്ല. ജിയാനുവിന്റെ മുന്നേറ്റത്തിലൂടെയാണ് ബ്ലാസ്റ്റേഴ്സ് ആക്രമണങ്ങള്‍ക്ക് തുടക്കമിട്ടത്. പിന്നാലെ 12-ാം മിനിറ്റില്‍ മുന്നിലെത്താനുള്ള അവസരം കിട്ടി. വലതുവശം സൗരവിന്റെ ഒറ്റയാള്‍ കുതിപ്പ്. ഒന്നാന്തരമായി പന്ത് ബോക്സിലേക്ക് നല്‍കിയെങ്കിലും രാഹുലിന് പിടിച്ചെടുക്കാനായില്ല. 17-ാം മിനിറ്റില്‍ സൗരവിന്റെ ഷോട്ട് ബംഗളൂരു ഗോളി ഗുര്‍പ്രീതിന്റെ കൈയിലായി. 23-ാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്സ് വഴങ്ങിയത്. പ്രത്യാക്രമണത്തിലൂടെ ബംഗളൂരുവിന്റെ നീക്കം. സച്ചിന്‍ ആദ്യം തടഞ്ഞെങ്കിലും പന്ത് വീണ്ടും റോയ് കൃഷ്ണയുടെ കാലിലെത്തി. റോയ് തൊടുത്ത ഷോട്ട് തടയാന്‍ നിന്ന വിക്ടറിന് ഒന്നുംചെയ്യാനായില്ല. ബംഗളൂരു വീണ്ടും മുന്നേറ്റം കടുപ്പിച്ചെങ്കിലും ബ്ലാസ്റ്റേഴ്സ് പ്രതിരോധം ശക്തമാക്കി. ഇടവേളക്ക് പിരിയുംമുമ്പേ വിബിനിന്റെ ലോങ്റേഞ്ച് ഗുര്‍പ്രീത് കൈയിലാക്കി.

രണ്ടാംപകുതിയില്‍ ബ്ലാസ്റ്റേഴ്സ് വീര്യത്തോടെ പന്തുതട്ടി. 48-ാം മിനിറ്റില്‍ സൗരവിന്റെ ഉറച്ച ഷോട്ട് ബംഗളൂരു പ്രതിരോധത്തിതട്ടി പുറത്തുപോയി. ഇതിനുകിട്ടിയ കോര്‍ണറില്‍ തട്ടിതെറിച്ച പന്ത് രാഹുല്‍ ഹെഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ബംഗളൂരു പ്രതിരോധ താരം ഫൗള്‍ ചെയ്തു. ഫ്രീകിക്കായിരുന്നു ഫലം. ഡയമന്റാകോസ് തൊടുത്തെങ്കിലും ഫലമുണ്ടായില്ല. 58-ാം മിനിറ്റില്‍ ഡാനിഷിനെയും സഹീഫിനും പകരം ജീക്സണ്‍ സിങ്ങും ഹോര്‍മിപാമും എത്തി. ഒപ്പമെത്താനുള്ള ശ്രമം ബ്ലാസ്റ്റേഴ്സ് തുടര്‍ന്നു. ഇടവേളകളില്ലാതെയുള്ള ആക്രമണമായിരുന്നു. ജിയാനുവും നിഷുകുമാറും രാഹുലുമെല്ലാം ബംഗളൂരു ഗോള്‍മുഖത്ത് അപകടം വിതച്ചു. ഇതിടിനയില്‍ രാഹുലിനെയും സൗരവിനെയും പിന്‍വലിച്ച് നിഹാല്‍ സുധീഷിനെയും മുഹമ്മദ് അയ്മെനെയും രംഗത്തിറക്കി. അയ്മനിന്റെ സീനിയര്‍ കുപ്പായത്തിലെ അരങ്ങേറ്റമായിരുന്നു ഇത്. 76-ാം മിനിറ്റില്‍ റോയ് കൃഷ്ണ ലക്ഷ്യം കണ്ടെങ്കിലും ഓഫ്സൈഡായി.

ബ്ലാസ്റ്റേഴ്സിന്റെ നിരന്തര മുന്നേറ്റത്തിന് ഫലമുണ്ടായി. തളരാതെ പൊരുതിയതിനുള്ള അര്‍ഹിച്ച സമനില ഗോളെത്തി. 77-ാം മിനിറ്റില്‍ ഹോര്‍മിപാമിന്റെ ക്രോസില്‍ തലവച്ച് ഡയമന്റാകോസ് മഞ്ഞപ്പടയുടെ മറുപടി ഗോള്‍ നേടി. ഒപ്പമെത്തിയതിന്റെ ഊര്‍ജം ബ്ലാസ്റ്റേഴ്സ് താരങ്ങളിലുണ്ടായി. എതിര്‍ഗോള്‍മുഖത്തുതന്നെ അവര്‍ നിലയുറപ്പിച്ചു. 90-ാം മിനിറ്റില്‍ വിബിനിനെ മാറ്റി സഹല്‍ അബ്ദുള്‍ സമദിനെ കൊണ്ടുവന്നു ബ്ലാസ്റ്റേഴ്സ്. പക്ഷേ ഫലത്തില്‍ മാറ്റമുണ്ടായില്ല.

 

You Might Also Like