സ്റ്റോക്‌സ് ന്യൂസിലന്‍ഡിനായി കളിക്കാന്‍ ഒരുങ്ങിയിരുന്നു, വീണ്ടും വെളിപ്പെടുത്തലുമായി ടെയ്‌ലര്‍

ഇംഗ്ലീഷ് താരം ബെന്‍ സ്റ്റോക്‌സ് ന്യൂസിലന്‍ഡിനായി കളിക്കാനുളള സുവര്‍ണാവസരം ക്രിക്കറ്റ് ബോര്‍ഡ് കളഞ്ഞ് കുളിച്ചതായി മുന്‍ ന്യൂസിലന്‍ഡ് താരം റോസ് ടെയ്ലറുടെ വെളിപ്പെടുത്തല്‍. തന്റെ ആത്മകഥയായ ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് ടെയ്‌ലര്‍ ഇക്കാര്യം വെളിപ്പെടുത്തുന്നത്.

സ്റ്റോക്സിന് ന്യൂസിലന്‍ഡിന് വേണ്ടി കളിക്കാന്‍ താല്‍പര്യമുണ്ടായിരുന്നുവെന്നാണ് ടെയ്ലര്‍ പറയുന്നത്. എന്നാല്‍ ക്രിക്കറ്റ് ബോര്‍ഡ് ഇക്കാര്യത്തില്‍ വേണ്ട പരിഗണനയോ ഗൗരവമോ കൊടുത്തില്ലെന്ന് ടെയ്‌ലര്‍ പറയുന്നു.

‘2010ല്‍ ഞാന്‍ ഡര്‍ഹാമിന് വേണ്ടി കളിക്കുകയായിരുന്നു. അന്ന് 18-19 വയസുണ്ടാവും. അവനോട് ഞാന്‍ ന്യൂസിലന്‍ഡിന് വേണ്ടി കളിക്കാന്‍ താല്‍പര്യമുണ്ടോയെന്ന് ചോദിച്ചു. അവന്‍ താല്‍പര്യം കാണിക്കുകയും ചെയ്തു. ഇക്കാര്യം ഞാന്‍ അന്ന് ന്യൂസിലന്‍ഡ് ക്രിക്കറ്റ് സിഇഒ ജസ്റ്റിന്‍ വോഗനുമായി സംസാരിച്ചിരുന്നു’

‘ന്യൂസിലന്‍ഡില്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കാനാണ് വോഗന്‍ ആവശ്യപ്പെട്ടത്. മാത്രമല്ല, വോഗന്‍ വലിയ താല്‍പര്യമൊന്നും കാണിക്കുന്നതായി എനിക്ക് തോന്നിയിരുന്നില്ല. മാത്രമല്ല, മറ്റു ഉറപ്പുകളും അദ്ദേഹം സ്റ്റോക്സിന് നല്‍കണമായിരുന്നു. എന്നാല്‍ അത്തരത്തിലൊന്ന് ഉണ്ടായില്ല.’ ടെയ്ലര്‍ വിശദീകരിച്ചു.

നേരത്തെ ടീമിലെ വംശീയാധിക്ഷേപങ്ങളെ കുറിച്ച് ആത്മകഥയില്‍ പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു. കൂടാതെ ഐപിഎല്ലിനിടെ തന്റെ മുഖത്ത് ടീം ഉടമ അടിച്ച സംഭവവും റോസ് ടെയ്‌ലര്‍ വാര്‍ത്ത സമ്മേളനത്തില്‍ വെളിപ്പെടുത്തുന്നുണ്ട്.

You Might Also Like