അവനെന്നെ അത്ഭുതപ്പെടുത്തി, തന്റെ മനംകവര്‍ന്ന ഇന്ത്യന്‍ താരത്തെ വെളിപ്പെടുത്തി സ്റ്റോക്‌സ്

Image 3
CricketIPL

ഐപിഎല്‍ 13ാം സീസണ്‍ ആവേശത്തിന്റെ മായാകാഴ്ച്ചകാളാണ് ക്രിക്കറ്റ് പ്രേമികള്‍ക്ക് സമ്മാനിക്കുന്നത്. ഓരോ മത്സരവും പിന്നിടുമ്പോള്‍ ആവേശം ഇരട്ടിയാകുന്ന കാഴ്ച്ചയാണ് കാണാനാകുന്നത്. അത്ഭുതങ്ങളും സര്‍പ്രൈസുകളുമെല്ലാം ഒളിപ്പിച്ച നിരവധി മത്സരങ്ങളാണ് ഐപിഎല്ലില്‍ കടന്ന് പോയത്.

ഐപിഎല്ലില്‍ തന്നെ അമ്പരപ്പിച്ച താരം ആരെന്ന വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ഇംഗ്ലീഷ് സൂപ്പര്‍ താരവും രാജ്സ്ഥാന്‍ റോയല്‍സിന്റെ നെടുംതൂണുമായ ബെന്‍ സ്‌റ്റോക്‌സ്. സഞ്ജു അടക്കമുളള താരങ്ങള്‍ രാജസ്ഥാനിലുണ്ടെങ്കിലും ഈ സീസണില്‍ തന്റെ മനംകവര്‍ന്ന താരം രാഹുല്‍ തെവാത്തിയയാണെന്ന്് ബെന്‍ സ്‌റ്റോക്‌സ് തുറന്ന് പറയയുന്നു.

തെവാത്തിയയെ വെറുമൊരു ലെഗ്‌സ്പിന്നര്‍ മാത്രമായാണ് താന്‍ കണ്ടിരുന്നതെന്നും എന്നാല്‍ ബാറ്റ് കൊണ്ട് തനിക്ക് അത്ഭുതങ്ങള്‍ കാട്ടാനാകുമെന്ന് തെവാത്തിയ തെളിയിച്ചെന്നും സ്റ്റോക്‌സ് പറയുന്നു. ഈ സീസണില്‍ ഏറ്റവും അസ്വദിച്ച് കണ്ടത് തെവാത്തിയയുടെ കളിയാണെന്നും സ്റ്റോക്‌സ് കൂട്ടിചേര്‍ത്തു.

ടി20യില്‍ തന്റെ പ്രതിഭ എന്താണെന്ന് തെവാത്തിയ ഇത്തവണ ക്രിക്കറ്റ് ലോകത്തിന് കാട്ടിക്കൊടുത്തിരുന്നു. പഞ്ചാബിനെതിരെ വിജയ പ്രതീക്ഷ അസ്തമിച്ച മത്സരത്തില്‍ കോട്ട്രലിന്റെ ഓവറില്‍ 5 സിക്‌സുകള്‍ പറത്തി രാജസ്ഥാന്‍ വിജയം സമ്മാനിച്ചിരുന്നു. തുടര്‍ന്നുള്ള കളികളിലും നിര്‍ണായകമായ പ്രകടനം യുവ താരം കാഴ്ച്ചവെച്ചു.

കരിയറില്‍ ഇതുവരെ നേരിട്ടതില്‍ ഏറ്റവും കടുപ്പമേറിയ ബൗളര്‍ ഓസ്‌ട്രേലിയയുടെ പീറ്റര്‍ സിഡിലാണെന്നും സ്റ്റോക്‌സ് പറഞ്ഞു. തന്റെ ടിമിലുണ്ടാവണമെന്ന് ആഗ്രഹിക്കുന്ന ഒരു സ്വപ്നതാരം എ ബി ഡിവില്ലിയേഴ്‌സ് ആണെന്നും സ്റ്റോക്‌സ് കൂട്ടിചേര്‍ത്തു.