യൂറോയിലെ പ്രായം കുറഞ്ഞ താരമായി ബെല്ലിങ്ഹാം, ഒഴിയാശാപം തിരുത്തിക്കുറിച്ച് ഇംഗ്ലണ്ട്

യൂറോ കപ്പിൽ ഗ്രൂപ്പ്‌ ഡി യിലെ ആദ്യമത്സരത്തിൽ ഇംഗ്ലണ്ട് ഏകപക്ഷീയമായ ഒരു ഗോളിനു ക്രോയേഷ്യയെ പരാജയപ്പെടുത്തി. ഇംഗ്ലീഷ് മുന്നേറ്റതാരം റഹീം സ്റ്റെർലിങ്ങാണ് ഇംഗ്ലണ്ടിനായി ഗോൾ കണ്ടെത്തിയത്.

ചാടുലമാർന്ന നീക്കങ്ങളോടെ ആക്രമണം നടത്തിയത് ഇംഗ്ലണ്ടായിരുന്നുവെങ്കിലും കൃത്യമായ പ്രതിരോധം ക്രോയേഷ്യക്ക് തുണയാവുകയായിരുന്നു. മുന്നേറ്റനിരയിലെ സ്റ്റെർലിംഗിന്റെയും ഫിൽ ഫോഡന്റെയും മുന്നേറ്റം തടഞ്ഞതോടെ മത്സരം ആദ്യപകുതിയിൽ ഗോൾ രഹിത സമനിലയിൽ അവസാനിക്കുകയിരുന്നു.

രണ്ടാം പകുതിയിലും പ്രതിരോധത്തിലൂന്നി അക്രമണോത്സുക ഫുട്ബോൾ കളിച്ച ഇംഗ്ലണ്ട് അധികം വൈകാതെ തന്നെ ഗോൾ കണ്ടെത്തുകയായിരുന്നു. 57ആം മിനുട്ടിൽ മധ്യനിരതാരം കാൽവിൻ ഫിലിപ്സിന്റെ മികച്ചൊരു പാസ്സ് സ്വീകരിച്ച സ്റ്റെർലിങ് മികച്ചൊരു ഷോട്ടിലൂടെ ക്രൊയേഷ്യൻ ഗോൾ കീപ്പറെ നിഷ്പ്രഭമാക്കി ഗോൾ കണ്ടെത്തുകയായിരുന്നു.

ഗോൾ കണ്ടെത്തിയ ശേഷവും പ്രത്യാക്രമണ ഫുട്ബോൾ തുടർന്ന ഇംഗ്ലണ്ടിനെ മത്സരത്തിന്റെ പാസ്സിങ് വേഗത കുറച്ച് ക്രൊയേഷ്യ സ്വന്തം വരുതിയിലാക്കാനുള്ള ശ്രമം നടത്തി. എന്നാൽ ഇംഗ്ലണ്ട് പ്രതിരോധം മികച്ച പ്രകടനം തുടർന്നതോടെ ക്രൊയേഷ്യക്ക് ഗോൾ നേടാനാവാതെ പോവുകയായിരുന്നു.യുവതാരം ജൂഡ് ബെല്ലിംങ്ഹാമിനെ ഇറക്കി ആക്രമണത്തിന് മൂർച്ച കൂട്ടാൻ ശ്രമിച്ചെങ്കിലും ലീഡ് ഉയർത്താനാവാതെ പോവുകയായിരുന്നു.ഗോൾ നേടാനായില്ലെങ്കിലും യൂറോയിൽ കളിച്ച ഏറ്റവും പ്രായം കുറഞ്ഞ താരമാവാൻ ബെല്ലിങ്ഹാമിന് സാധിച്ചു.17 വർഷവും 349 ദിവസവുമാണ് താരത്തിന്റെ വയസ്സ്. ക്രൊയേഷ്യക്കെതിരായ വിജയത്തോടെ യൂറോ കപ്പിൽ ആദ്യമത്സരത്തിൽ ജയിക്കാനാവാറില്ലെന്ന ശാപം ഇംഗ്ലണ്ട് തിരുത്തിക്കുറിച്ചിരിക്കുകയാണ്.

You Might Also Like