പ്രീക്വർട്ടറിൽ ബെൽജിയം V/S പോർച്ചുഗൽ; സാധ്യതകൾ ഇങ്ങനെ

Image 3
Euro 2020

യൂറോ പ്രീക്വർട്ടർ മത്സരങ്ങളിൽ എല്ലാവരും ഉറ്റുനോക്കുന്ന പോരാട്ടം പോർച്ചുഗലും, ബെൽജിയവും തമ്മിൽ തിങ്കളാഴ്ച നടക്കാനിരിക്കുന്ന മത്സരമാണ്. നിലവിലെ ചാമ്പ്യന്മാരായ പോർച്ചുഗലും, ലോക ഒന്നാം നമ്പർ ടീമായ ബെൽജിയവും തമ്മിൽ കൊമ്പു കോർക്കുമ്പോൾ സാധ്യതകൾ പരിശോധിക്കാം.


ഗ്രൂപ്പ് സ്റ്റേജിൽ മുഴുവൻ പോയിന്റുകളും നേടി അനായാസമായാണ് ബെല്ജിയത്തിന്റെ പ്രീ ക്വാർട്ടർ പ്രവേശനം. പോർച്ചുഗലാവട്ടെ മരണഗ്രൂപ്പിൽ നിന്നും പൊരുതിനേടിയ മൂന്നാം സ്ഥാനവുമായാണ് പ്രീക്വാർട്ടറിൽ എത്തുന്നത്. ബെൽജിയത്തിന് പുറമെ ഇറ്റലിക്കും, നെതർലണ്ടിനും മാത്രമാണ് ഗ്രൂപ്പ് സ്റ്റേജിൽ മൂന്ന് മത്സരങ്ങളും ജയിക്കാനായത്.

കഴിഞ്ഞ കാലം എങ്ങനെ?

ഇരുടീമുകളും തമ്മിൽ ഇതിനുമുൻപ് 19തവണ ഏറ്റുമുട്ടിയതിൽ നേരിയ മുൻ‌തൂക്കം പോർചുഗലിനാണ്. ആറുതവണ പോർച്ചുഗൽ വിജയിച്ചപ്പോൾ, അഞ്ചുതവണ വിജയം ബെൽജിയത്തിനൊപ്പം നിന്നു. ഏറ്റവുമവസാനത്തെ മത്സരം ഉൾപ്പടെ ഏഴുമത്സരങ്ങൾ സമനിലയിൽ പിരിഞ്ഞു. 2018 ലോകകപ്പിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിലാണ് ഇരു ടീമുകളും അവസാനം കൊമ്പ് കോർത്തത്.

ഫുൾ ബാക്ക് തിമോത്തി കാസ്റ്റൈൻ പരിക്കുപറ്റി പുറത്തുപോയത് ബെൽജിയത്തിന് തിരിച്ചടിയാണ്. എന്നാൽ, പരിക്കിലായിരുന്ന സൂപ്പർ താരങ്ങളായ ഈഡൻ ഹസാർഡും, കെവിൻ ഡി ബ്ര്യൂണും കളിക്കളത്തിൽ തിരിച്ചെത്തിയത് പരിശീലകൻ റോബർട്ടോ മാർട്ടീനസിന് ആശ്വാസമാണ്. കഴിഞ്ഞ രണ്ടുവർഷത്തിനിടെ ആദ്യമായി ഹസാർഡ് ബെല്ജിയത്തിനായി ഒരു മത്സരത്തിൽ മുഴുവൻ സമയം കളിച്ചത് കഴിഞ്ഞ ദിവസം ഫിൻലൻഡുമായുള്ള മത്സരത്തിലാണ്.

പോർചുഗലിനാവട്ടെ ന്യൂനോ മെൻഡസ് അടുത്തമത്സരത്തിൽ കളിക്കളത്തിൽ ഇറങ്ങുമെന്ന വാർത്ത വലിയ ആശ്വാസമാണ്. ഫ്രാൻസിനെതിരെ ബറൂണോ ഫെർണാണ്ടസിന്റെ പകരക്കാരനായി ജാവോ മൗട്ടീഞ്ഞോയെ ഇറക്കിയത് വലിയ വിജമായിരുന്നില്ല. അതിനാൽ ബറൂണോ ഫെർണാണ്ടസ് തന്നെ ആദ്യഇലവനിൽ തിരിച്ചെത്താനാണ് സാധ്യത.

കണക്കുകളിൽ ഒപ്പത്തിനൊപ്പമാണെങ്കിലും മരണഗ്രൂപ്പിലെ കടുത്ത പോരാട്ടങ്ങൾ അതിജീവിച്ചെത്തുന്നു എന്നത് റൊണാൾഡോയുടെയും കൂട്ടരുടെയും സാധ്യത വർദ്ധിപ്പിക്കുന്നു. എന്തായാലും, യൂറോയിലെ ഏറ്റവും ഗ്ലാമർ പരിവേഷമുള്ള രണ്ട് ടീമുകളിൽ ഒരാൾ പ്രീ ക്വാർട്ടറിൽ തന്നെ ടൂർണമെന്റിൽ നിന്നും പുറത്താവുമെന്നത് ആരാധകർക്ക് തെല്ല് നിരാശ നൽകുന്നതാണ്.