എറിക്‌സണ് ആദരം; സർപ്രൈസ് ഒരുക്കി ബെൽജിയം ടീം

Image 3
Uncategorized

വ്യാഴാഴ്ച ലോക ഒന്നാംനമ്പർ ടീമായ ബെൽജിയം ഡെന്മാർക്കിനെ നേരിടാൻ ഒരുങ്ങുമ്പോൾ അത് മറ്റൊരു തരത്തിലും ചരിത്രമാകും. ഫിൻലൻഡുമായുള്ള മത്സരത്തിനിടെ കളിക്കളത്തിൽ കുഴഞ്ഞുവീണ ക്രിസ്ത്യൻ എറിക്‌സനെ മത്സരത്തിന്റെ പത്താം മിനിറ്റിൽ ബെൽജിയൻ ടീം ആദരിക്കുമെന്ന് മാനേജർ റോബർട്ടോ മാർട്ടീനസ് വ്യക്തമാക്കി.

മത്സരത്തിന്റെ പത്താം മിനിറ്റിൽ പന്ത് ഗ്രൗണ്ടിന് പുറത്തേക്ക് അടിച്ചുകളഞ്ഞു എറിക്സണ് ആദരവ് അർപ്പിച്ചശേഷം മത്സരം പുനരാരംഭിക്കാനാണ്  ബെൽജിയൻ ടീമിന്റെ പദ്ധതി. എറിക്സന്റെ ജേഴ്‌സി നമ്പർ പത്ത് ആയതുകൊണ്ടാണ് പത്താം മിനിറ്റു തന്നെ തിരഞ്ഞെടുത്തത്.

ആ സംഭവം ഫുട്ബോൾ ലോകത്ത് ഉണ്ടാക്കിയ ആഘാതം വളരെവലുതാണ്. എറിക്സന്റെ സഹതാരങ്ങൾക്ക് അതുണ്ടാക്കിയ മനസികാഘാതം ഞങ്ങൾക്കു ഊഹിക്കാനാവും. ലോകം മുഴുവൻ മുൾമുനയിലായ ആ മണിക്കൂറുകൾ അതിജീവിച്ചു എറിക്‌സൺ ജീവിതത്തിലേക്ക് തിരിച്ചുവന്നു എന്നതാണ് യൂറോയുടെ ഏറ്റവും വലിയ വാർത്ത. അതിനാൽ തന്നെ അത് കളിക്കളത്തിൽ തന്നെ ആഘോഷിക്കപ്പെടേണ്ടതുണ്ട്. മാർട്ടീനസ് വ്യക്തമാക്കി.

ആദ്യ മത്സരത്തിൽ റഷ്യയെ തകർത്തെത്തുന്ന ബെൽജിയത്തെ നേരിടുന്ന ഡെന്മാർക്കിന് എറിക്‌സന്റെ അഭാവം കടുത്ത വെല്ലുവിളിയാണ്. ഇന്ത്യൻ സമയം വൈകീട്ട് 9.30 നാണ് മത്സരം.