‘റൊണാൾഡോയെ ബോക്സിന്റെ പരിസരത്ത് അടുപ്പിക്കില്ല’; മുന്നറിയിപ്പുമായി ബെൽജിയം

യൂറോ പ്രീക്വാർട്ടറിലെ ഗ്ലാമർ പോരാട്ടത്തിൽ പോർച്ചുഗൽ ബെൽജിയത്തെ നേരിടാൻ ഒരുങ്ങവെ എല്ലാ കണ്ണുകളും സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോയിലാണ്. മൂന്ന് മത്സരങ്ങളിൽ നിന്നും അഞ്ച് ഗോളുകളുമായി തകർപ്പൻ ഫോമിൽ കളിക്കുന്ന റൊണാൾഡോയെ ബെൽജിയം എങ്ങനെ തടയുമെന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ തങ്ങളുടെ നയം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ബെൽജിയം ഡിഫൻഡർ യാനിക്ക് കറാസ്കോ.
നിലവിലെ യൂറോ ചാമ്പ്യന്മാരായ പോർച്ചുഗലും, ലോകഒന്നാം നമ്പർ ടീമായ ബെൽജിയവും കൊമ്പ് കോർക്കുമ്പോൾ റൊണാൾഡോയിൽ തന്നെയാണ് എല്ലാവരുടെയും കണ്ണ്. എന്നാൽ റൊണാൾഡോയെ ഗോളടിക്കുന്നതിൽ നിന്നും ഏതുവിധേനയും തങ്ങൾ തടയുമെന്നാണ് കറാസ്കോ വ്യക്തമാക്കുന്നത്. പെനാൽറ്റി ബോക്സിന്റെ പരിസരത്തു നിന്ന് അർദ്ധവസരം പോലും ഗോളാക്കിമാറ്റാൻ മിടുക്കുള്ള താരമാണ് റൊണാൾഡോ. അതിനാൽ തന്നെ പെനാൽറ്റി ബോക്സിന്റെ പരിസരത്ത് അദ്ദേഹത്തിന് ബോൾ ലഭിക്കുന്നത് തടയുക എന്നതാണ് തങ്ങളുടെ നയം. കറാസ്കോ വ്യക്തമാക്കുന്നു.
മൈതാനത്തിന്റെ ഏതുഭാഗത്തു നിന്നും സ്‌കോർ ചെയ്യാൻ കഴിയുന്ന താരമാണ് റൊണാൾഡോ. അതിനാൽ തന്നെ അദ്ദേഹത്തിന് ഒരു അർദ്ധാവസരം പോലും ലഭിക്കാതിരിക്കുക എന്നതിലാവും ഞങ്ങളുടെ ശ്രദ്ധ. ബോക്സിൽ നിന്നും കഴിയാവുന്നത്ര അകലത്തിൽ അദ്ദേഹത്തെ നിർത്താൻ ഞങ്ങൾ എന്തായാലും ശ്രമിക്കും. പന്തുമായി പെനാൽറ്റി ബോക്സിൽ അദ്ദേഹം കയറുന്ന സാഹചര്യം ഏതുവിധേനയും ഒഴിവാക്കും. കറാസ്കോ പറയുന്നു.
യൂറോ ഗ്രൂപ്പ് ഘട്ടത്തിൽ എല്ലാ മത്സരവും ജയിച്ച് അനായാസമായിരുന്നു ബെൽജിയത്തിന്റെ പ്രീക്വാർട്ടർ പ്രവേശനം. എന്നാൽ മരണഗ്രൂപ്പിൽ നിന്നും പൊരുതിനേടിയ മൂന്നാം സ്ഥാനവുമായാണ് പോർച്ചുഗൽ പ്രീക്വാർട്ടർ പോരാട്ടത്തിന് ഇറങ്ങുന്നത്.