‘അവർ ജയിക്കാനറിയുന്നവർ, പതിനൊന്ന് പേരെയും പേടിക്കണം’; ബെൽജിയം പരിശീലകൻ പറയുന്നു

യൂറോ പ്രീക്വാർട്ടർ മത്സരങ്ങൾക്ക് തുടക്കമായതോടെ ആവേശം പാരമ്യത്തിൽ എത്തിനിൽക്കുകയാണ്. ആദ്യമത്സരത്തിൽ എതിരില്ലാത്ത നാലുഗോളുകൾക്ക് വെയിൽസിനെ തകർത്ത് ഡെന്മാർക്ക് ക്വാർട്ടർ ബർത്ത് ഉറപ്പിക്കുന്ന ആദ്യ ടീമായി. തുടർന്ന് പണിപ്പെട്ടാണെങ്കിലും എക്സ്ട്രാ ടൈമിൽ ഓസ്ട്രിയയെ തകർത്ത് ഇറ്റലിയും ക്വാർട്ടർ കടന്നു.
യൂറോയിലെ തന്നെ ഗ്ലാമർ പോരാട്ടമാണ് ഇനി നടക്കാനുള്ളത്. ലോക ഒന്നാം നമ്പർ ടീമായ ബെൽജിയവും, നിലവിലെ യൂറോ ചാമ്പ്യന്മാരായ ബെൽജിയവും തമ്മിൽ ഏറ്റുമുട്ടുമ്പോൾ എല്ലാ കണ്ണുകളും സൂപ്പർതാരം ക്രിസ്റ്റിയാനോ റൊണാൾഡോയിലാണ്. മത്സരത്തിൽ ഗോൾ നേടാനായാൽ താരത്തിന് പുരുഷ ഫുട്ബോളിൽ ഏറ്റവുമധികം അന്താരാഷ്ട്ര ഗോളുകളുള്ള ഒരേയൊരു താരമാവാം.
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഫ്രാൻസിനെതിരെ നേടിയ ഇരട്ടഗോളുകളോടെ ഇറാന്റെ ഇതിഹാസ താരം അലി ദേയിയുടെ റെക്കോർഡിനൊപ്പം റൊണാൾഡോ എത്തിയിരുന്നു. എന്നാൽ മത്സരത്തിൽ റൊണാൾഡോയെ മാത്രം പൂട്ടി പണി വാങ്ങാൻ തങ്ങളില്ല എന്നതാണ് ബെല്ജിയത്തിന്റെ നിലപാട്. റൊണാൾഡോയെ കൂടാതെ ഒരുപിടി മികച്ച താരങ്ങൾ പോർച്ചുഗലിന് ഉണ്ടെന്ന് ഓർമ്മിപ്പിക്കുന്നു ബെൽജിയം പരിശീലകൻ റോബർട്ടോ മാർട്ടീനസ്.
റൊണാൾഡോ ലോകത്തിലെ ഏറ്റവും മികച്ച താരമാണെന്ന കാര്യത്തിൽ സംശയമില്ല. പ്രായത്തിന്റെ ആധിക്യത്തിന് അനുസരിച് കളി രാകിമിനുക്കി സൂക്ഷിക്കുന്ന അദ്ദേഹത്തെ പേടിക്കേണ്ടതുണ്ട്. എന്നാൽ റൊണാൾഡോ മാത്രമല്ല ഒറ്റക്ക് കളിജയിപ്പിക്കാൻ സാധ്യതയുള്ള മാറ്റ് 10 പേർ എപ്പോഴും പോർച്ചുഗൽ ജേഴ്‌സിയിൽ കളിക്കളത്തിൽ ഉണ്ടാവും.
റൊണാൾഡോക്ക് എതിരെ മാത്രമായി ഒരു പ്ലാനുമായി കളിക്കളത്തിൽ ഇറങ്ങിയാൽ അത് മണ്ടത്തരമാവും. യൂറോ കപ്പും, നേഷൻസ് ലീഗും ജയിച്ചതിൻറെ അനുഭവ സമ്പത്തുമായി കളത്തിലറങ്ങുന്ന പോർച്ചുഗൽ ജയിക്കാനറിയുന്ന ടീമാണ്. മാർട്ടീനസ് പറയുന്നു.
തിങ്കളാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 12.30 നാണ് ബെൽജിയവും പോർച്ചുഗലും തമ്മിൽ കൊമ്പുകോർക്കുന്നത്.