നിര്‍ണ്ണായക പ്രഖ്യാപനവുമായി വീണ്ടും ബിസിസിഐ, ഐപിഎല്ലിനൊപ്പം ലോകകപ്പും നടത്തും

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് യുഎഇയില്‍ വിജയകരമായി നടപ്പാക്കിയതിന് പിന്നാലെ ആറു മാസത്തിനിപ്പുറം ഇന്ത്യയിലും ഐപിഎല്‍ നടത്താനുളള മുന്നൊരുക്കവുമായി മുന്നേറുകയാണ് ബിസിസിഐ. ഇതിന് പിന്നാലെ അടുത്ത വര്‍ഷം തന്നെ ഇന്ത്യയില്‍ ടി20 ക്രിക്കറ്റ് ലോകകപ്പും വിരുന്നെത്തുണ്ട്.

കോവിഡിന്റെ പ്രതിസന്ധികള്‍ കുറയാത്ത സാഹചര്യത്തില്‍ ഐപിഎല്ലിന്റെ നടത്തിപ്പിനെക്കാളും മുന്‍കരുതലുകളും സുരക്ഷയും ലോകകപ്പിനായി വേണ്ടി വരും. എന്നാല്‍ ഏന്ത് വെല്ലുവിളി അതിജീവിച്ചും ലോകകപ്പ് സാധ്യമാക്കാനുളള മുന്നൊരുക്കവുമായി മുന്നോട്ട് പോകുകയാണ് ബിസിസിഐ. ഇതിനായുളള പ്രവര്‍ത്തനങ്ങള്‍ ബിസിസി ഐ ആരംഭിച്ച് കഴിഞ്ഞു.

ടി20 ലോകകപ്പിന് വേദിയാവാന്‍ ഇന്ത്യ തയ്യാറായിക്കഴിഞ്ഞെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പ്രഖ്യാപിച്ചിരിക്കുകയാണ്.

‘2021 ല്‍ ഇന്ത്യയില്‍ ഐസിസി ടി20 ലോകകപ്പ്’ എന്ന കുറിപ്പോടെ സൗരവ് ഗാംഗുലി ടി20 ലോകകപ്പ് കിരീടത്തിനരികെ നില്‍ക്കുന്ന ചിത്രങ്ങളാണ് അദ്ദേഹം പങ്കുവെച്ചത്. ജയ് ഷായും ഗാംഗുലിക്കൊപ്പമുണ്ടായിരുന്നു. ‘ഐസിസി ടി20 ലോകകപ്പിന് വേദിയാവുക എന്നത് ഞങ്ങളെ സംബന്ധിച്ച് വലിയ അംഗീകാരമാണ്. 1987ലെ ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ശേഷം നിരവധി അന്താരാഷ്ട്ര ടൂര്‍ണമെന്റുകള്‍ക്ക് വിജയകരമായി വേദിയാവാന്‍ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. ക്രിക്കറ്റിനെ സ്നേഹിക്കുന്ന രാജ്യത്ത് കളിക്കുന്നതില്‍ ലോകത്തുള്ള എല്ലാ ക്രിക്കറ്റ് താരങ്ങള്‍ക്കും സന്തോഷമുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്.

താരമെന്ന നിലയില്‍ ഐസിസി ടൂര്‍ണമെന്റുകളുടെ ആവേശം ഞാന്‍ ആസ്വദിച്ചിട്ടുണ്ട്. മികച്ച ഒരു അനുഭവമാണത്. ഓരോ മത്സരങ്ങളും ലക്ഷക്കണക്കിന് ആളുകളാണ് കാണുന്നത്. ഇത്തരമൊരു മഹത്തായ ടൂര്‍ണമെന്റിന് സംഘാടക ഭാഗത്ത് നിന്ന് പ്രവര്‍ത്തിക്കുന്നതിനെ ആത്മവിശ്വാസത്തോടെയാണ് കാണുന്നത്’-ഗാംഗുലി പറഞ്ഞു.

2020ല്‍ ഓസ്ട്രേലിയയില്‍ ടി20 ലോകകപ്പ് നടക്കേണ്ടതായിരുന്നെങ്കിലും കൊറോണ പ്രതിസന്ധിയെത്തുടര്‍ന്ന് 2021ല്‍ ഇന്ത്യയിലേക്ക് ടൂര്‍ണമെന്റ് മാറ്റുകയായിരുന്നു. 2021 ഒക്ടോബറിലും നവംബറിലുമായാണ് ലോകകപ്പ് നടക്കുക.

ഇന്ത്യ,അഫ്ഗാനിസ്ഥാന്‍, ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ഇന്ത്യ, അയര്‍ലന്‍ഡ്, ന്യൂസീലന്‍ഡ്, പാകിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വെസ്റ്റിന്‍ഡീസ് എന്നിവര്‍ക്ക് പുറമെ ആദ്യമായി പപ്പുവ ന്യൂ ഗ്വിനിയയും ടി20 ലോകകപ്പില്‍ പങ്കെടുക്കും.

You Might Also Like