വീണ്ടും ഇന്ത്യന്‍ താരങ്ങളെ ഞെട്ടിച്ച് ബിസിസിഐ, തകര്‍പ്പന്‍ നീക്കം

Image 3
CricketFeaturedTeam IndiaWorldcup

ടി20 ലോകകപ്പ് നേടി രണ്ട് ദിവസം പിന്നിട്ടിട്ടും ടീം ഇന്ത്യയ്ക്ക് ഇതുവരെ ബാര്‍ബഡോസ് വിടാന്‍ ആയിട്ടില്ല. മോശം കാലാവസ്ഥയാണ ഇന്ത്യന്‍ ടീമിന് തിരിച്ചടിയായത്. ഇപ്പോഴിതാ ബാര്‍ബഡോസില്‍ കുടുങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നാട്ടിലേക്ക് തിരിച്ചെത്തിക്കാന്‍ ബിസിസിഐ നീക്കം നടത്തുകയാണ്. ഇന്ത്യന്‍ ടീമിനായി പ്രത്യേക വിമാനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ബിസിസിഐ.

ബെറില്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് ബാര്‍ബഡോസ് വിമാനത്താവളം അടച്ചതോടെയാണ് ടീമിന്റെ മടക്കയാത്ര വൈകിയത്. ഇതിന് പരിഹാരമായാണ് പ്രത്യേക വിമാനം തന്നെ ബിസിസിഐ ഒരുക്കുന്നത്.

പ്രത്യേക വിമാനത്തില്‍ ടീം ചൊവ്വാഴ്ചയോടെ ഇന്ത്യയിലേക്ക് യാത്ര തിരിക്കും. ബുധനാഴ്ച വൈകിട്ട് 7.45 ഓടെ ഇന്ത്യന്‍ സംഘം ന്യൂഡല്‍ഹിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യ താരങ്ങള്‍ക്ക് പുറമെ കുടുംബാംഗങ്ങളും പരിശീലക സംഘവും ഉള്‍പ്പെടെ എഴുപതോളം പേരുടെ ജംമ്പോ സംഘമാണ് വിന്‍ഡീസില്‍ കുടുങ്ങി കിടക്കുന്നത്. ബിസിസിഐ സെക്രട്ടറി ജയ് ഷായും ഇന്ത്യന്‍ സംഘത്തിലുണ്ട്.

ട്വന്റി 20 ലോകകപ്പ് ജേതാക്കളായ ടീം ഇന്ത്യ ബാര്‍ബഡോസില്‍ നിന്ന് തിങ്കളാഴ്ച രാവിലെ 11ഓടെ ന്യൂയോര്‍ക്കിലേക്ക് വിമാനം കയറി അവിടെനിന്ന് ദുബൈ വഴി നാട്ടിലേക്ക് തിരിക്കാനായിരുന്നു തീരുമാനം. എന്നാല്‍ കാലാവസ്ഥ മുന്നറിയിപ്പ് പ്രകാരം വിമാനത്താവളം അടച്ചതോടെ യാത്ര റദ്ദാക്കേണ്ടി വന്നു. നിലവില്‍ ടീം ഇന്ത്യ ബര്‍ബഡോസിലെ ഹില്‍ട്ടണ്‍ ഹോട്ടലില്‍ തുടരുകയാണ്.