ബിസിസിഐ ഇടപെട്ട് അവരെ പുറത്താക്കി യുവതാരങ്ങളെ കൊണ്ട് വരണം, മാറ്റം ആവശ്യപ്പെട്ട് ഇന്ത്യന്‍ താരം
ടീം ഇന്ത്യയ്ക്കായി മുതിര്‍ന്ന താരങ്ങള്‍ ഈ വിധം മോശം ക്രിക്കറ്റാണ് ഇനിയും കളിക്കുന്നതെങ്കില്‍ അടിയന്തരമായി ബിസിസിഐ ഇടപെടണമെന്ന് മുന്‍ ഇന്ത്യന്‍ താരം കപില്‍ ദേവ്. സീനിയര്‍ താരങ്ങള്‍ക്ക് പകരം യുവതാരങ്ങളെ കൊണ്ട് വരാന്‍ സമയമായോ എന്ന് സെലക്ടര്‍മാര്‍ ആലോചിക്കണമെന്നും കപില്‍ദേവ് കൂട്ടിചേര്‍ത്തു.
‘ഐപിഎല്ലില്‍ മികവ് കാണിക്കുന്ന യുവ താരങ്ങള്‍ക്ക് അവസരം നല്‍കേണ്ട സമയമായോ എന്ന് സെലക്ടര്‍മാര്‍ ആലോചിക്കണം. എങ്ങനെയാണ് അടുത്ത തലമുറയെ മെച്ചപ്പൈടുത്തുക. അവര്‍ തോറ്റാലും പ്രശ്നമാകുന്നില്ല. കാരണം അവിടെ അവര്‍ അനുഭവസമ്പത്ത് നേടുന്നു. എന്നാല്‍ വമ്പന്‍ താരങ്ങള്‍ ഇപ്പോള്‍ നന്നായി കളിക്കുന്നില്ലെങ്കില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ ഉയരും. കൂടുതല്‍ യുവതാരങ്ങള്‍ക്ക് അവസരം നല്‍കുന്നതിനായി ബിസിസിഐ ഇടപെടല്‍ വരണം’ കപില്‍ ദേവ് പറഞ്ഞു.
തുടരെയുള്ള ബയോ ബബിളിലെ ജീവിതം മടുപ്പിക്കുന്നതാണെന്ന് ഇന്ത്യന്‍ താരങ്ങളില്‍ പലരും അഭിപ്രായപ്പെട്ടിരുന്നു. ഇത് കൂടി പരിഗണിച്ചാണ് ഇന്ത്യക്ക് പുത്തനുണര്‍വ് നല്‍കുന്നതിനായി യുവ താരങ്ങളെ കൊണ്ടുവരണം എന്ന് കപില്‍ ദേവ് പറയുന്നത്.
മറ്റ് ടീമുകളുടെ മത്സര ഫലത്തിന്റെ അടിസ്ഥാനത്തില്‍ സെമിയിലേക്ക് കടക്കാനാവുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് ഒരിക്കലും ആഗ്രഹിക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു. ട്വന്റി20 ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെതിരായ മത്സരത്തിന് ശേഷം കോഹ് ലി നടത്തിയ പ്രതികരണത്തെ രൂക്ഷമായി വിമര്‍ശിച്ചും കപില്‍ ദേവ് എത്തിയിരുന്നു.