രാമനവമി പ്രമാണിച്ച് ഐപിഎല്‍ മത്സരങ്ങളില്‍ നിര്‍ണ്ണായക മാറ്റം
രാമനവമി പ്രമാണിച്ച് ഐപിഎല്ലില്‍ രണ്ട് മത്സരങ്ങള്‍ പുനഃക്രമീകരിച്ചതായി ബിസിസിഐ പ്രഖ്യാപിച്ചു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്- രാജസ്ഥാന്‍ റോയല്‍സ്, ഗുജറാത്ത് ടൈറ്റന്‍സ്- ഡല്‍ഹി ക്യാപിറ്റല്‍സ് എന്നീ മത്സരങ്ങളുടെ തീയതിയിലാണ് മാറ്റം വരുത്തിയത്.
ഏപ്രില്‍ 17ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നിശ്ചയിച്ചിരുന്ന കൊല്‍ക്കത്ത- രാജസ്ഥാന്‍ മത്സരം 16-ാം തീയതി ഇതേവേദിയില്‍ നടക്കും. 16ന് അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന ഗുജറാത്ത്- ഡല്‍ഹി മത്സരം 17ന് നടത്തും.
കൊല്‍ക്കത്തയിലെ രാമനവമി ഉത്സവത്തെ തുടര്‍ന്നാണ് മത്സരങ്ങള്‍ പുനഃക്രമീകരിച്ചത്. ഉത്സവത്തെ തുടര്‍ന്ന് ഐപിഎല്ലിന് സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കില്ല. ഇതാണ് ആ ദിവസങ്ങളിലെ മത്സരങ്ങള്‍ പരസ്പരം മാറ്റാന്‍ കാരണം.
സീസണില്‍ ഇതുവരെ 14 മത്സരങ്ങള്‍ പിന്നിട്ടുകഴിഞ്ഞു. കളിച്ച മൂന്ന് മത്സരങ്ങളും വിജയിച്ച രാജസ്ഥാന്‍ റോയല്‍സാണ് പോയിന്റ് ടേബിളില്‍ ഒന്നാമത്. രണ്ട് മത്സരങ്ങള്‍ വിജയിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് രണ്ടാം സ്ഥാനത്തുണ്ട്.