രോഹിത്തിനായി വന്‍ നീക്കം നടക്കുന്നു, ബിസിസിഐ കട്ടകലിപ്പില്‍!

Image 3
CricketTeam India

ഇന്ത്യന്‍ താരങ്ങളായ രോഹിത്ത് ശര്‍മ്മയെയും ഇഷാന്ത് ശര്‍മ്മയേയും ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിപ്പിക്കാന്‍ ടീം മാനേജുമെന്റ് വന്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. ഇരുവര്‍ക്കും ഓസ്‌ട്രേലിയയില്‍ ക്വറന്റൈനില്‍ ഇളവ് നല്‍കണമെന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ക്രിക്കറ്റ് ഓസ്‌ട്രേലിയയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് ഓസ്ട്രേലിയന്‍ സര്‍ക്കാരുമായി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. നിലവില്‍ പരിക്കിനെ തുടര്‍ന്ന് ബാംഗ്ലൂരിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനം നടത്തുകയാണ് ഇരുവരും.

ഓസ്‌ട്രേലിയയിലേക്ക് യാത്ര ചെയ്യുന്നവര്‍ കൊറോണ വൈറസ് ഉണ്ടാവാനുള്ള അപകട സാധ്യത കുറക്കാനുള്ള നടപടികള്‍ സ്വീകരിച്ചാല്‍ ക്വറന്റൈനില്‍ ഇളവ് അനുവദിക്കാനുള്ള അനുവാദം ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ നല്‍കാറുണ്ട്. ഇത് മുന്‍പില്‍ കണ്ടുകൊണ്ടാണ് ഇന്ത്യന്‍ താരങ്ങളുടെ ക്വറന്റൈനില്‍ ഇളവ് വരുത്താന്‍ ബി.സി.സി.ഐ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡിനോട് ആവശ്യപ്പെടുന്നത്.

അതെസമയം ഐപിഎല്ലിന് ശേഷം രോഹിത്ത് ശര്‍മ്മ ഇന്ത്യയിലേക്ക് തിരിച്ചതില്‍ ബിസിസിഐയ്ക്ക് അതൃപ്തിയുണ്ടെന്നാണ് സൂചന.
രോഹിത് എന്‍ സി എയിലേക്ക് പോയത് സ്വന്തം താല്‍പര്യപ്രകാരം മാത്രമാണെന്നും ബിസിസിഐയ്ക്ക് ഇതേക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നുമാണ് ബിസിസിഐ വൃത്തങ്ങള്‍ പ്രതികരിക്കുന്നത്.

പരമ്പരയ്ക്കുള്ള മറ്റ് ഇന്ത്യന്‍ താരങ്ങളോടൊപ്പം നവംബര്‍ 12 ന് രോഹിതും ഓസ്‌ട്രേലിയയിലേക്ക് പോകേണ്ടതായിരുന്നുവെന്നും അതിന് പകരം നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലേക്ക് അദ്ദേഹം പോവുകയായിരുന്നുവെന്നും പറയുന്ന ബിസിസിഐ ഒഫീഷ്യല്‍, ഇത് രോഹിതിന്റെ സ്വന്തം തീരുമാനമായിരുന്നുവോയെന്നും രോഷത്തോടെ ചോദിക്കുന്നു.

അതേ സമയം രോഹിത് ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ കളിക്കുമോ എന്ന കാര്യത്തില്‍ ഇതു വരേയും വ്യക്തത ലഭിച്ചിട്ടില്ല. താരം കളിക്കുമെന്നും ഇല്ലെന്നും അഭ്യൂഹങ്ങള്‍ ഉയരുന്നുണ്ടെങ്കിലും ബിസിസിഐ ഇതു വരെ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.